BRICS 2026: ആഗോള സംഘർഷങ്ങൾക്കിടെ 18-ാമത് ബ്രിക്സ് ഉച്ചകോടി: ലോകനേതാക്കളെ വരവേറ്റ് ഇന്ത്യ
Global Leaders Converge in New Delhi as 18th BRICS Summit Officially Begins: റഷ്യ-യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യൻ സംഘർഷങ്ങൾ തുടങ്ങിയ നിർണ്ണായക ആഗോള പ്രതിസന്ധികൾക്കിടയിലാണ് ഡൽഹി ഉച്ചകോടി നടക്കുന്നത്. ഇന്ത്യ, റഷ്യ, ചൈന, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ സ്ഥാപക രാജ്യങ്ങൾക്ക് പുറമെ ഇറാൻ, ഈജിപ്ത്, എത്യോപ്യ, യുഎഇ, സൗദി അറേബ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുൾപ്പെടുന്ന വിപുലീകരിച്ച 11 അംഗ കൂട്ടായ്മയാണ് നിലവിൽ ബ്രിക്സ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനും
ആഗോളതലത്തിൽ യുദ്ധങ്ങളുടെയും ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ, ലോകനേതാക്കളെ ബ്രിക്സ് ഉച്ചകോടിയിലേക്ക് വരവേറ്റ് ഇന്ത്യ. 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക്ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ തുടക്കമായി. പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായുള്ള എന്നതാണ് ഈ വർഷത്തെ ബ്രിക്സ് ഉച്ചകോടിയുടെ പ്രമേയം
റഷ്യ-യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യൻ സംഘർഷങ്ങൾ തുടങ്ങിയ നിർണ്ണായക ആഗോള പ്രതിസന്ധികൾക്കിടയിലാണ് ഡൽഹി ഉച്ചകോടി നടക്കുന്നത്. ഇന്ത്യ, റഷ്യ, ചൈന, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ സ്ഥാപക രാജ്യങ്ങൾക്ക് പുറമെ ഇറാൻ, ഈജിപ്ത്, എത്യോപ്യ, യുഎഇ, സൗദി അറേബ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുൾപ്പെടുന്ന വിപുലീകരിച്ച 11 അംഗ കൂട്ടായ്മയാണ് നിലവിൽ ബ്രിക്സ്.
പ്രധാന കൂടിക്കാഴ്ചകൾ
റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ, ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ഉഭയകക്ഷി ചർച്ചകൾ നടത്തും. വ്യാപാരം, സാമ്പത്തിക സഹകരണം എന്നിവയ്ക്ക് പുറമെ പശ്ചിമേഷ്യൻ സംഘർഷം, റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയ നിർണായക വിഷയങ്ങളും ചർച്ചകളിൽ ഇടംപിടിക്കും.
പങ്കെടുക്കുന്ന പ്രമുഖ നേതാക്കൾ
ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ് സിറിൽ റമഫോസ, ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽ സിസി, ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബൊവോ സുബിയാന്തോ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, ബെലാറസ് പ്രസിഡൻ്റ് അലക്സാണ്ടർ ലൂക്കാഷെങ്കോ, എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ്, തായ് പ്രധാനമന്ത്രി അനുതിൻ ചാർൺവിരകുൽ തുടങ്ങിയ ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ യു.എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്, ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം എന്നിവരും ഉച്ചകോടിയുടെ ഭാഗമാകും.
പഴുതടച്ച സുരക്ഷാ വലയത്തിൽ തലസ്ഥാനം
ഉച്ചകോടിയുടെ സുരക്ഷയ്ക്കായി വൻ സന്നാഹങ്ങളാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 15,000-ത്തോളം ഡൽഹി പോലീസ് ഉദ്യോഗസ്ഥരെയും 200 കമ്പനി അർധസൈനിക വിഭാഗത്തെയും തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. നിരീക്ഷണത്തിനായി നഗരത്തിലുടനീളം 500-ലധികം സിസിടിവി ക്യാമറകളും സജ്ജമാക്കി. വി.വി.ഐ.പി വാഹനവ്യൂഹങ്ങൾ കടന്നുപോകുന്ന പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ തനിമയോടെ ആതിഥേയത്വം ഒരുക്കി പഞ്ചനക്ഷത്ര ഹോട്ടലുകൾ
വിദേശ പ്രതിനിധികൾക്ക് ഇന്ത്യൻ പാരമ്പര്യവും വൈവിധ്യമാർന്ന ഭക്ഷണ സംസ്കാരവും പരിചയപ്പെടുത്താൻ ദി ലീല പാലസ്, താജ് മഹൽ, ദി ലളിത് തുടങ്ങിയ പഞ്ചനക്ഷത്ര ഹോട്ടലുകൾ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. ഇന്ത്യയുടെ ദേശീയ പുഷ്പവും ബ്രിക്സ് 2026-ൻ്റെ ലോഗോയുമായ താമരയുടെ മാതൃകയിൽ റോസ്, കുങ്കുമപ്പൂവ്, ഏലക്ക ഇന്ത്യയുടെ തനതായ പഴങ്ങൾ എന്നിവ ചേർത്ത് തയ്യാറാക്കിയ പ്രത്യേക മധുരപലഹാരം ‘ദി ലീല പാലസ്’ അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്.
കശ്മീരി മസാല വാൽനട്ട്, പുരാനി ദില്ലി മൈദ കാജു, മഹാരാഷ്ട്രയുടെ ഭാക്കർവാഡി, രാജസ്ഥാൻ്റെ മിനി കച്ചോരി, ബംഗാളിൻ്റെ കുച്ചോ നിംകി, തമിഴ്‌നാടിൻ്റെ മുറുക്ക് തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വൈവിധ്യമാർന്ന പരമ്പരാഗത ലഘുഭക്ഷണങ്ങൾ താജ് മഹലും അതിഥികൾക്കായി വിളമ്പും.
English Summary
The 18th BRICS Summit has officially begun in New Delhi, hosted by PM Modi at Bharat Mandapam. Global leaders, including Vladimir Putin have arrived amid heavy security to discuss economic cooperation and geopolitical issues.