വീണ്ടും നുഴഞ്ഞുകയറ്റം? അതിർത്തി കടന്ന് കശ്മീരിലെത്തിയ പാക് യുവാവ് പിടിയിൽ; മൊഴിയിൽ വൈരുദ്ധ്യം
Locals Catch Pakistani Intruder Near Harapeer Bridge in Jammu and Kashmir: പാകിസ്ഥാനിലെ ലയ്യ ജില്ലയിലെ ജറൻവാലയിലുള്ള ബസ്തി ഗോകൽ സ്വദേശിയായ അവൈസ് റാസയാണ് പിടിയിലായതെന്നാണ് വിവരം. സായ് കലൻ മോറിലെ ഹരാപീർ പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ചുറ്റിത്തിരിയുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് യുവാവിനെ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്.
ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി കടന്ന് ഇന്ത്യൻ പ്രദേശത്തെത്തിയ 20-കാരനായ പാകിസ്ഥാൻ പൗരനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ആർ.എസ് പുര സെക്ടറിലെ അർണിയ സബ്-സെക്ടറിലുള്ള സായ് കലൻ പ്രദേശത്താണ് സംഭവം. പാകിസ്ഥാനിലെ ലയ്യ ജില്ലയിലെ ജറൻവാലയിലുള്ള ബസ്തി ഗോകൽ സ്വദേശിയായ അവൈസ് റാസയാണ് പിടിയിലായതെന്നാണ് വിവരം. സായ് കലൻ മോറിലെ ഹരാപീർ പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ചുറ്റിത്തിരിയുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് യുവാവിനെ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്.
പ്രാഥമിക ചോദ്യം ചെയ്യലിൽ അവൈസ് റാസ തുടർച്ചയായി മൊഴി മാറ്റുന്നത് അന്വേഷണ ഉദ്യോഗസ്ഥരിൽ വലിയ സംശയം ഉണ്ടാക്കിയിട്ടുണ്ട്. വഴി തെറ്റി എത്തിയതാണെന്നാണെന്നായിരുന്നു യുവാവ് ആദ്യം നൽകിയ മൊഴി. എന്നാൽ അബദ്ധത്തിൽ അതിർത്തി കടന്നതാണെന്ന് പിന്നീട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. താൻ വന്ന വഴിയെക്കുറിച്ചും യാത്രയുടെ ഉദ്ദേശത്തെക്കുറിച്ചും പരസ്പരവിരുദ്ധമായ വിവരങ്ങളാണ് ഇയാൾ നൽകുന്നത്. ഇന്ത്യയിലേക്ക് കടന്നതിന് പിന്നിലെ യഥാർത്ഥ ഉദ്ദേശം യുവാവ് മറച്ചുവെക്കുകയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Also Read: ഖാലിസ്ഥാൻ തീവ്രവാദിയെ വധിക്കാൻ ഗൂഡാലോചന; ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് അമേരിക്കയിൽ 19 വർഷം തടവ്
യുവാവ് അബദ്ധത്തിൽ അതിർത്തി കടന്നതാണോ, അതോ അതിർത്തിയിലെ സുരക്ഷ പരിശോധിക്കുന്നതിനായി ബോധപൂർവ്വം നടത്തിയ നീക്കമാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. നുഴഞ്ഞുകയറ്റത്തിൻ്റെയോ കള്ളക്കടത്ത് പദ്ധതിയുടെയോ ഭാഗമാണോ ഇയാൾ അതിർത്തി കടന്നത് എന്ന് അന്വേഷണ സംഘം വിശദമായി പരിശോധിക്കും,
പാക് പൗരന്മാർ അതിർത്തി കടന്നെത്തുന്നത് തുടർക്കഥ
അർണിയ-ആർ.എസ് പുര മേഖലകളിലും സമീപ പ്രദേശങ്ങളിലും അടുത്തിടെയായി ഇത്തരം നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ സെപ്റ്റംബർ 11-ന് കത്വയിലെ ഹിരാനഗർ സെക്ടറിലുള്ള ബോബിയ പ്രദേശത്ത് അതിർത്തിക്ക് സമീപത്ത് നിന്നും ഏകദേശം 65 വയസ്സ് പ്രായമുള്ള പാക് പൗരനെ പിടികൂടിയിരുന്നു. സെപ്റ്റംബർ 8-ന് ആർ.എസ് പുരയിലെ ഒക്ട്രോയ് ഔട്ട്‌പോസ്റ്റിന് സമീപം അതിർത്തി കടന്ന് എത്തിയ പാകിസ്ഥാനിലെ സർഗോധ സ്വദേശി സിറാജ് ഖാനെ അതിർത്തി രക്ഷാ സേന അറസ്റ്റ് ചെയ്തു.
ഇതിന് മുൻപ് സെപ്റ്റംബർ 3-ന് കനാചക്കിലെ ബോർഡർ ഔട്ട്‌പോസ്റ്റിന് സമീപത്തുനിന്ന് പാകിസ്ഥാനിലെ സിയാൽകോട്ട് ജില്ലയിലെ ലൂനി സ്വദേയായ നസീറിനെയും ബി.എസ്.എഫ് പിടികൂടിയിരുന്നു. കഴിഞ്ഞ മാർച്ചിൽ രാംഗഡ് സെക്ടറിലെ ഭല്ലർ ബോർഡർ ഔട്ട്‌പോസ്റ്റിന് സമിപം അതിർത്തി കടന്ന മറ്റൊരു പാക് വയോധികനെയും സുരക്ഷാ സേന കസ്റ്റഡിയിലെടുത്തിരുന്നു. ഇത്തരത്തിൽ പിടിയിലാകുന്നവർ മാനസികാസ്വാസ്ഥ്യമുള്ളവരോ അബദ്ധത്തിൽ അതിർത്തി കടക്കുന്നവരോ ആണെന്ന് ബോധ്യപ്പെട്ടാൽ പിന്നീട് നാട്ടിലേക്ക് തിരിച്ചയക്കാറാണ് പതിവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു
English Summary
Locals caught 20-year-old Pakistani national Awais Raza along the international border in Jammu and Kashmir’s RS Pura sector; police are grilling him over contradictory statements amid recurring intrusions.