ട്രെയിനിൽ തലയില്ലാത്ത മൃതദേഹം, വീട്ടിൽ ബിരിയാണി പാത്രത്തിൽ ശരീരഭാഗങ്ങൾ: ചെന്നൈയെ നടുക്കിയ കൊലപാതകം!
Chennai Train Suitcase Mystery: ആഗ്രയിൽ ട്രെയിനിലെ സ്യൂട്ട്കേസിനുള്ളിൽ ജീർണ്ണിച്ച നിലയിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഈ ക്രൂരകൃത്യത്തിന് പിന്നിലെ രഹസ്യങ്ങൾ ഒളിപ്പിച്ചിരുന്ന ചെന്നൈയിലെ ഒരു വീട്ടിലേക്കാണ് പൊലീസിനെ എത്തിച്ചത്.

പ്രതീകാത്മക ചിത്രം
ചെന്നൈ: ആഗ്രയിൽ ട്രെയിനിലെ സ്യൂട്ട്കേസിനുള്ളിൽ ജീർണ്ണിച്ച നിലയിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഈ ക്രൂരകൃത്യത്തിന് പിന്നിലെ രഹസ്യങ്ങൾ ഒളിപ്പിച്ചിരുന്ന ചെന്നൈയിലെ ഒരു വീട്ടിലേക്കാണ് പൊലീസിനെ എത്തിച്ചത്. കൊല്ലപ്പെട്ട സ്ത്രീ ഒഡീഷ സ്വദേശിയായ ഹയാതുൻ നിഷ (38) ആണെന്നും, ഇവർ ചെന്നൈ കൂടുവാഞ്ചേരി ഭാഗത്ത് താമസിച്ച് ജോലി ചെയ്തു വരികയായിരുന്നുവെന്നും ആഗ്ര റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
പ്രതികളെന്ന് കരുതുന്ന രണ്ടുപേർ ചേർന്ന് ഇവരെ കൊലപ്പെടുത്തി ശരീരം വെട്ടിനുറുക്കുകയായിരുന്നുവെന്നും അന്വേഷണസംഘത്തിന് വ്യക്തമായി. ഓഗസ്റ്റ് 5-നാണ് ചെന്നൈ സെൻട്രലിൽ നിന്ന് ന്യൂഡൽഹിയിലേക്ക് ട്രെയിൻ പുറപ്പെട്ടത്. ആഗ്ര റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ സ്യൂട്ട്കേസിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് റെയിൽവേ പൊലീസ് സ്യൂട്ട്കേസ് തുറന്ന് പരിശോധിച്ചപ്പോഴാണ് ജീർണ്ണിച്ച ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്
സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു പുരുഷനും, സ്ത്രീയും ട്രോളി ബാഗ് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ നിന്നു പൊലീസിന് ലഭിച്ചു. സംശയാസ്പദമായ വ്യക്തികളുടെ മൊബൈൽ ഫോൺ സിഗ്നലുകൾ കേന്ദ്രീകരിച്ച് പരിശോധിച്ചതോടെ ഇവരുടെ വാടകവീട് ചെംഗൽപ്പട്ട് ജില്ലയിലെ കൂടുവാഞ്ചേരി മസ്ജിദ് സ്ട്രീറ്റിലാണെന്ന് തിരിച്ചറിഞ്ഞു.
മാണിക് ഉദ്ദീൻ ലസ്കർ, ഭഗവതി മാജി എന്നിവരാണ് സംശയിക്കപ്പെടുന്ന പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈയിലെ ഇവരുടെ വീട് കണ്ടെത്തിയത്.
പൊലീസ് ആ വീട്ടിൽ പരിശോധന നടത്തിയപ്പോൾ അവിടെക്കണ്ട കാഴ്ച ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിക്കുന്നതായിരുന്നു. വീടിന്റെ അടുക്കളയിലുണ്ടായിരുന്ന വലിയൊരു ബിരിയാണി പാത്രത്തിനുള്ളിൽ കഷണങ്ങളാക്കി മുറിച്ച നിലയിൽ സ്ത്രീയുടെ ബാക്കി ശരീരഭാഗങ്ങൾ കണ്ടെടുത്തു. അന്വേഷണത്തിൽ, ഈ വീട്ടിൽ താമസക്കാരായ അസം സ്വദേശി മണിക് ഉദ്ദിൻ ലസ്കർ, ഒഡീഷ സ്വദേശി ഭഗവതി മാജി എന്നിവർക്കൊപ്പമാണ് ഹയാതുൻ നിഷയും താമസിച്ചിരുന്നതെന്നും, ഇവർക്കിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നും വ്യക്തമായി.
കൊലപാതകികൾ ശരീരഭാഗങ്ങൾ കഷണങ്ങളാക്കി മുറിച്ച്, ഒരു ഭാഗം ട്രോളി ബാഗിലാക്കി ട്രെയിനിൽ കയറ്റിവിടുകയും, ബാക്കി ഭാഗം വീട്ടിൽ ഉപേക്ഷിച്ച ശേഷം കടന്നുകളയുകയുമായിരുന്നു. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. ഒളിവിൽ കഴിയുന്ന ഈ രണ്ട് പ്രതികളെയും പിടികൂടിയാൽ മാത്രമേ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാകൂവെന്നും പൊലീസ് വ്യക്തമാക്കി.
ചെംഗൽപ്പട്ട് ജില്ലാ പൊലീസ് സൂപ്രണ്ടും ഉന്നത ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി നേരിട്ട് പരിശോധന നടത്തി. ഫോറൻസിക് വിദഗ്ദ്ധരെയും ഡോഗ് സ്‌ക്വാഡിനെയും വരുത്തി, വീട്ടിലുണ്ടായിരുന്ന രക്തക്കറകളും വിരലടയാളങ്ങളും ശേഖരിച്ചു. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാനും മൃതദേഹത്തിൽ നിന്ന് ദുർഗന്ധം പുറത്തുവരാതിരിക്കാനുമാണ് പ്രതികൾ അടുക്കളയിലെ പാചകപാത്രങ്ങൾ ഉപയോഗിച്ചതെന്ന് കണ്ടെത്തി.
English Summary
Decomposed body parts were found in a suitcase on a train in Agra. Police traced the suspects via CCTV to a rented house in Chennai. More decomposed remains were discovered inside a cooking vessel in the house. The victim has been identified as 38-year-old Hayuthan Nisha as police search for the fleeing suspects.