Ahmedabad Air India Crash: അഹമ്മദാബാദ് വിമാനാപകടം; ബ്ലാക്ക് ബോക്സ് ഡീകോഡ് ചെയ്യുകയാണെന്ന് വ്യോമയാന മന്ത്രി
Black Box Data Being Decoded: എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്. ഇവരുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ന്യൂഡൽഹി: ഗുജറാത്തിലെ അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തതായും ഇതിലെ വിവരങ്ങൾ ഡീകോഡ് ചെയ്യുന്നതിലൂടെ അപകട കാരണത്തിൽ വ്യക്തത വരുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്. ഇവരുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംഭവത്തിൽ വിവിധ ഏജൻസികളും ഉന്നതതലസമിതികളും വിശദമായ അന്വേഷണം നടത്തി വരികയാണ്. രാജ്യത്തിന് വ്യോമയാന മേഖലയിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളുണ്ട്. അഹമ്മദാബാദിലെ അപകടം കണക്കിലെടുത്ത് ബോയിങ് 787 സീരിസിലെ വിമാനങ്ങളിൽ വിപുലമായ നിരീക്ഷണം നടത്തേണ്ടത് ആവശ്യമാണ്. അതിനാൽ ബോയിങ് 787 വിമാനങ്ങൾ നിരീക്ഷിക്കാനായി ഡിജിസിഎ ഉത്തരവിട്ടിട്ടുണ്ട്. ഇതിനകം എട്ടു വിമാനങ്ങൾ പരിശോധിച്ചെന്നും ഉടൻ മുഴുവൻ പരിശോധനയും പൂർത്തിയാക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
‘അഹമ്മദാബാദ് വിമാനാപകടം രാജ്യത്തെയാകെ നടുക്കി. അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. അപകടത്തിന് പിന്നാലെ ഞാൻ നേരിട്ട് സ്ഥലത്തെത്തി. അവിടെ എത്തിയപ്പോൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ എല്ലാ സംവിധാനങ്ങളും സാധ്യമായതെല്ലാം ചെയ്യുകയായിരുന്നു” മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു.
ALSO READ: അസമിലെ ധുബ്രിയിൽ സംഘർഷം: അക്രമികളെ കണ്ടാൽ വെടിവെയ്ക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്
ജൂൺ 12-ാം തീയതി ഒന്നരയോടെയാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണത്. രണ്ടുമണിയോടെ അപകട വിവരം ലഭിച്ചതായി വ്യോമയാന മന്ത്രാലയ സെക്രട്ടറി സാമിർ കുമാർ സിൻഹ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എടിസി അഹമ്മദാബാദിൽ നിന്ന് ഇതുസംബന്ധിച്ച വിശദവിവരങ്ങൾ വളരെപെട്ടെന്ന് ലഭിച്ചു.
230 യാത്രക്കാരും രണ്ട് പൈലറ്റുമാരും 10 ക്രൂ അംഗങ്ങളും ഉൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തെത്തുടർന്ന് ഉച്ചയ്ക്ക് 2.30ന് അഹമ്മദാബാദ് വിമാനത്താവളത്തിലെ റൺവേ അടച്ചതായും, പിന്നീട് എല്ലാ പ്രോട്ടോക്കോളുകളും പൂർത്തിയാക്കിയശേഷം വൈകീട്ട് 5 മണിയോടെയാണ് റൺവേ തുറന്നുകൊടുത്തതെന്നും കേന്ദ്ര വ്യോമയാന സെക്രട്ടറി അറിയിച്ചു.