Ahmedabad Plane Crash: അഹമ്മദാബാദിൽ നിന്ന് അധിക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് പശ്ചിമ റെയിൽവേ
Western Railway to operate extra trains from Ahmedabad : അഹമ്മദാബാദ് വിമാന അപകട പശ്ചാത്തലത്തിൽ വെസ്റ്റേൺ റെയിൽവേയുടെ ദുരന്തനിവാരണ സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട് എന്നും രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി പിന്തുണ നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനം തകർന്നുവീണുണ്ടായ അപകടത്തെ തുടർന്ന് സ്പെഷ്യൽ ട്രെയിനുകൾ ആവശ്യമെങ്കിൽ സർവീസ് നടത്തുമെന്ന് വെസ്റ്റേൺ റെയിൽവേ. അഹമ്മദാബാദ് വിമാന അപകട പശ്ചാത്തലത്തിൽ വെസ്റ്റേൺ റെയിൽവേയുടെ ദുരന്തനിവാരണ സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട് എന്നും രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി പിന്തുണ നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
സംസ്ഥാന സർക്കാരുമായി കൈകോർത്തുകൊണ്ട് രക്ഷാപ്രവർത്തനങ്ങളിൽ സജീവ സഹായം ഉറപ്പാക്കുന്നതിന് വെസ്റ്റേൺ റെയിൽവേ മെഡിക്കൽ ടീമിനെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരെയും ഇതിനോടകം തന്നെ വിന്യസിച്ചിട്ടുണ്ട്. ആവശ്യാനുസരണം അഹമ്മദാബാദിൽ നിന്ന് വെസ്റ്റേൺ റെയിൽവേ അധിക സർവീസ് നടത്തുമെന്നും നിലവിൽ മുംബൈയിലേക്ക് ഒരു ട്രെയിനും ഡൽഹിയിലേക്ക് ഒരു ട്രെയിനും സർവീസ് നടത്താൻ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ALSO READ: വിമാനത്തിന് 11 വർഷത്തെ പഴക്കം; ഉണ്ടായിരുന്നത് ഇരുന്നൂറിലേറെ യാത്രക്കാരും 12 ജീവനക്കാരും
അപകടം നടന്ന വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടെന്നാണ് വിവരം. പറന്നുയരുന്നതിനിടെയാണ് വിമാനം തകർന്നുവീണത്. വിമാനം തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. രക്ഷാപ്രവർത്തനത്തിനായി എല്ലാ എമർജൻസി യൂണിറ്റും സ്ഥലത്തെത്തിയിട്ടുണ്ട്.ജനവാസ മേഖലയിലാണ് അപകടം ഉണ്ടായത്. ടേക്ക് ഓഫിനിടെ വിമാനം തകർന്നു വീഴുകയായിരുന്നുവെന്നാണ് വിവരം. ടെക്ക് ഓഫ് ചെയ്യുമ്പോൾ മരത്തിൽ ഇടിച്ചതാകാമെന്നാണ് സംശയം.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചു. രക്ഷാപ്രവർത്തനത്തിനുള്ള എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റ പലരെയും ആശുപത്രികളിൽ എത്തിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനത്തിന്റെ ഒരു ഭാഗം പൂർണമായും കത്തിയമർന്നതായി ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) അറിയിച്ചു.