Bandh: ഒക്ടോബര്‍ മൂന്നിന് ബന്ദിന് ആഹ്വാനം ചെയ്ത് മുസ്ലീം വ്യക്തിനിയമ ബോർഡ്
All India Muslim Personal Law Board : ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും ഒഴികെയുള്ളവ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ അടച്ചിടണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു. വഖഫ് ഭേദഗതി ബില്ലിനെതിരായ സമാധാനപരമായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ബന്ദ് സംഘടിപ്പിക്കുന്നതെന്ന് ബോര്‍ഡ്
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിനെതിരെ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് (എഐഎംപിഎല്‍ബി) ഒക്ടോബർ മൂന്നിന് രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും ഒഴികെയുള്ളവ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ അടച്ചിടണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു. വഖഫ് ഭേദഗതി ബില്ലിനെതിരായ സമാധാനപരമായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ബന്ദ് സംഘടിപ്പിക്കുന്നതെന്ന് ബോര്‍ഡ് പറയുന്നു.
പ്രതിഷേധം ഒരു സമൂഹത്തിനും എതിരല്ലെന്നും വഖഫ് നിയമത്തിലെ ഭേദഗതികൾക്കെതിരെ കൂട്ടായ ശബ്ദം ഉയർത്താനുള്ള ശ്രമമാണെന്നും ബോർഡ് വ്യക്തമാക്കി. ഈ വെള്ളിയാഴ്ച ഇതുമായി ബന്ധപ്പെട്ട് അവബോധം വളര്‍ത്തണമെന്നും, കമ്മ്യൂണിറ്റിയുടെ പിന്തുണ ഉറപ്പാക്കണമെന്ന് പള്ളികളിലെ ഖത്തീബുമാരോട് പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി ഉൾപ്പെടെയുള്ള ബോർഡ് ഭാരവാഹികൾ നിര്‍ദ്ദേശിച്ചു.
നിർദ്ദിഷ്ട നിയമനിർമ്മാണം വഖഫ് സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനുപകരം അവയുടെ സ്വയംഭരണത്തെ ദുർബലപ്പെടുത്തുമെന്നാണ് ബോര്‍ഡിന്റെ ആരോപണം.
ജാഗ്രത പാലിക്കണമെന്ന് വിഎച്ച്പി
എഐഎംപിഎല്‍ബി പ്രഖ്യാപിച്ച രാജ്യവ്യാപക പ്രതിഷേധങ്ങൾക്കിടെ ഉണ്ടാകാവുന്ന അക്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ക്രമസമാധാനം തകര്‍ക്കാനും, സംഘര്‍ഷങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് സംഘടനയുടെ പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു.