TVK Rally Stampede: പ്രാഥമിക ചികിത്സ നേടി മടങ്ങിയയാളും മരിച്ചു; കരൂർ ദുരന്തത്തിൽ മരണസംഖ്യ 40 ആയി
Death toll in Karur Tragedy: ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്.
ചെന്നൈ: ടിവികെ പ്രസിഡന്റ് വിജയ്‌യുടെ റാലിയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 40 ആയി ഉയർന്നു. അപകടത്തിന് പിന്നാലെ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ കരൂർ സ്വദേശിയായ കവിൻ ആണ് മരിച്ചത്. കരൂർ ദുരന്തത്തിൽ 111 ഓളം പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്.
ഇന്നലെ പ്രാഥമിക ചികിത്സ നേടി വീട്ടിലെത്തിയ കവിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്.
ALSO READ: റാലിക്കിടെ പൊലീസ് ലാത്തി വീശി, കല്ലേറുണ്ടായി; ഗൂഢാലോചന ആരോപിച്ച് ടിവികെ കോടതിയിൽ
വിജയ്‌യുടെ സംസ്ഥാന പര്യടനം
കരൂരിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് വിജയ് സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചതായി ടിവികെ അറിയിച്ചു. സംസ്ഥാനത്തെ 31 ഇടങ്ങളിലാണ് പര്യടനം ബാക്കിയുള്ളത്. അതേസമയം, വിജയ്‌യുടെ സംസ്ഥാന പര്യടനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. റാലിക്കിടെ പരിക്കേറ്റ കണ്ണൻ എന്നയാൾ ആണ് ഹർജിക്കാരൻ.
ദുരന്തവുമായി ബന്ധപ്പെട്ട് ടിവികെയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ആനന്ദ്, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി നിര്‍മൽ കുമാര്‍, കരുര്‍ വെസ്റ്റ് ജില്ലാ അധ്യക്ഷൻ മതിയഴകൻ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വിജയ്‌യെ ഉടനെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.