Namma Metro: മെട്രോയിലിരുന്ന് ഫോണില്‍ കളി വേണ്ട; പിഴയുണ്ട് കനത്തില്‍ തന്നെ
Bengaluru Namma Metro Fine Update: ബിഎംആര്‍സിഎല്ലിന് ലഭിച്ച പരാതികളില്‍ ഏറെയും മെട്രോ ട്രെയിനിന് ഉള്ളില്‍ വെച്ചുള്ള ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ടുള്ളതാണ്. മെട്രോയിലുള്ള യാത്രയ്ക്കിടെ സമയം കളയാന്‍ ആളുകള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നു.
ബെംഗളൂരു: നഗരത്തിലെ ഗതാഗത കരുക്കില്‍ നിന്ന് യാത്രക്കാരെ സഹായിക്കുന്ന ഏറ്റവും മികച്ച മാര്‍ഗമാണ് മെട്രോ. ലക്ഷ്യസ്ഥാനത്ത് അതിവേഗത്തില്‍ എത്തിച്ചേരാനും മെട്രോ സഹായിക്കുന്നു. എന്നാല്‍ എല്ലായ്‌പ്പോഴും മെട്രോയില്‍ അത്ര സുഖകരമായ യാത്ര ലഭിക്കാറില്ല. യാത്രക്കാരില്‍ ചിലര്‍ നിയമങ്ങള്‍ ലംഘിക്കുന്നത് വഴി, സഹയാത്രികരുടെ യാത്ര ദുസ്സഹമാകുന്നു. ഒരു മാസത്തിനിടെ ആയിരക്കണക്കിന് പരാതികളാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് ലഭിച്ചത്.
ബിഎംആര്‍സിഎല്ലിന് ലഭിച്ച പരാതികളില്‍ ഏറെയും മെട്രോ ട്രെയിനിന് ഉള്ളില്‍ വെച്ചുള്ള ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ടുള്ളതാണ്. മെട്രോയിലുള്ള യാത്രയ്ക്കിടെ സമയം കളയാന്‍ ആളുകള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നു. റീലുകള്‍ കണ്ടും, യൂട്യൂബില്‍ വീഡിയോകള്‍ കണ്ടുമെല്ലാം യാത്ര ചെയ്യുന്നതിന് പുറമെ ഉറക്കെ ഫോണില്‍ സംസാരിച്ചും പലരും നിയമലംഘനങ്ങള്‍ നടത്തുന്നുണ്ട്.
സഹയാത്രികരുടെ ഉച്ചത്തിലുള്ള ഫോണ്‍ സംഭാഷണങ്ങളും റീല്‍ കാണലുമെല്ലാം മറ്റുള്ളവരെ അലോസരപ്പെടുത്തുന്നു. മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് നിയമമുണ്ട്. എന്നാല്‍ ഇത് പാലിക്കാന്‍ ആരും തയാറാകുന്നില്ല.
Also Read: Namma Metro: കെആര്‍പുര-സില്‍ക്ക്‌ബോര്‍ഡ് ബ്ലൂ ലൈന്‍ യാത്ര ഉടന്‍; തീയതി പ്രഖ്യാപിച്ച് ബിഎംആര്‍സിഎല്‍
പരാതികള്‍ വര്‍ധിച്ചതോടെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ബിഎംആര്‍സിഎല്‍ അധികൃതര്‍. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്താനാണ് നീക്കം. മൊബൈല്‍ ഫോണ്‍ ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിക്കുക, ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കുക, മറ്റ് യാത്രക്കാരെ ശല്യം ചെയ്യുക, പൊതുസ്ഥലത്തിരുന്ന് ഭക്ഷണം കഴിക്കുക, മദ്യപിക്കുക, പുകവലിക്കുക തുടങ്ങി എല്ലാ നിയമലംഘനങ്ങള്‍ക്കും പിഴ ഈടാക്കും.
അതേസമയം, ഡിസംബര്‍ 5 മുതല്‍ 25 വരെയുള്ള കണക്കുകള്‍ പ്രകാരം ഉച്ചത്തില്‍ സംസാരിച്ചതിന് യാത്രക്കാര്‍ക്കെതിരെ 6,520 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മെട്രോയില്‍ ഭക്ഷണം കഴിച്ചതിനും മദ്യപിച്ചതിനും 268 കേസുകള്‍. പുകവലിച്ചതിന് 641 കേസുകള്‍ എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്തത്.