By Election Result:: ബാങ്കിപ്പൂരിൽ പ്രശാന്ത് കിഷോറിന് വിജയം; മഞ്ചൽപൂരിൽ ബി.ജെ.പിയും ദാതിയയിൽ കോൺഗ്രസും
Prashant Kishor's Jan Suraj Party Breaches BJP's 40-Year Fort in Bankipura By-Poll: രാജ്യത്തെ അറിയപ്പെടുന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞരിൽ ഒരാളായ പ്രശാന്ത് കിഷോറിൻ്റെ ജൻ സുരാജ് പാർട്ടി 2025-ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തൊട്ടാകെ മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും നേടാനായിരുന്നില്ല. എന്നാൽ ഇത്തവണ കിഷോർ നേരിട്ട് മത്സര രംഗത്തേക്ക് ഇറങ്ങുകയായിരുന്നു

സതീഷ് പട്ടേൽ, പ്രശാന്ത് കിഷോർ, ഘനശ്യാം സിംഗ്
രാജ്യത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കും, കോൺഗ്രസിനും ജൻ സുരാജ് പാർട്ടിക്കും വിജയം. ജൻ സുരാജ് പാർട്ടി സ്ഥാനാർത്ഥി പ്രശാന്ത് കിഷോർ ബാങ്കിപ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കന്നി വിജയം നേടി. 40 വർഷത്തോളം ബി.ജെ.പിക്ക് ഒപ്പം നിന്ന മണ്ഡലമാണ് കന്നി മത്സരത്തിലൂടെ പ്രശാന്ത് കിഷോർ പിടിച്ചെടുത്തത്. ഗുജറാത്തിലെ മഞ്ചൽപൂരിൽ ബി.ജെ.പിയുടെ സതീഷ് പട്ടേലും മധ്യപ്രദേശിലെ ദാതിയയിൽ കോൺഗ്രസിൻ്റെ ഘനശ്യാം സിംഗുമാണ് വിജയിച്ചത്
പ്രശാന്ത് കിഷോറിന് കന്നി വിജയം
ബാങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ ബി.ജെ.പി സ്ഥാനാർത്ഥി നീരജ് കുമാർ സിൻഹയെ 19,324 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. പ്രശാന്ത് കിഷോറിന് 64,151 വോട്ടുകളും നീരജ് കുമാർ സിൻഹയ്ക്ക് 44,827 വോട്ടുകളും ലഭിച്ചു . 14,273 വോട്ടുകൾ നേടിയ ആർ.ജെ.ഡി സ്ഥാനാർത്ഥി രേഖാ കുമാരിയാണ് മൂന്നാം സ്ഥാനത്ത്. രാജ്യത്തെ അറിയപ്പെടുന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞരിൽ ഒരാളായ പ്രശാന്ത് കിഷോറിൻ്റെ ജൻ സുരാജ് പാർട്ടി 2025-ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തൊട്ടാകെ മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും നേടാനായിരുന്നില്ല. എന്നാൽ ഇത്തവണ കിഷോർ നേരിട്ട് മത്സര രംഗത്തേക്ക് ഇറങ്ങുകയായിരുന്നു. ബാങ്കിപ്പൂരിലെ അദ്ദേഹത്തിൻ്റെ പ്രചാരണം സംസ്ഥാനത്താകെ വലിയ ശ്രദ്ധ നേടിയിരുന്നു.
ദാതിയയിൽ കോൺഗ്രസ്
മധ്യപ്രദേശിലെ ദാതിയ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് ഘനശ്യാം സിംഗ് വിജയിച്ചു. 6,016 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. കടുത്ത മത്സരത്തിനൊടുവിൽ ബി.ജെ.പി സ്ഥാനാർത്ഥി അശുതോഷ് തിവാരിയെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് പരാജയപ്പെടുത്തിയത്. ഇതോടെ മേഖലയിൽ കോൺഗ്രസിൻ്റെ സ്വാധീനം കൂടുതൽ ശക്തമായി. ഗ്വാളിയോർ-ചമ്പൽ മേഖലയിലെ കോൺഗ്രസിൻ്റെ പ്രധാന മുഖമായ ഇദ്ദേഹം മുൻപും ദാതിയ മേഖലയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ആകെ 66,757 വോട്ടുകളാണ് ഘനശ്യാം സിംഗ് നേടിയത്
മഞ്ചൽപൂർ നിലനിർത്തി ബി.ജെ.പി
ഗുജറാത്തിലെ വഡോദര ജില്ലയിലുള്ള മഞ്ചൽപൂർ നിയമസഭാ സീറ്റ് ബി.ജെ.പി നിലനിർത്തി. കോൺഗ്രസ് സ്ഥാനാർത്ഥി ഭിഖാഭായ് റബാരിയെ 30,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ബി.ജെ.പിയുടെ സതീഷ് പട്ടേൽ വിജയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ പ്രകാരം, 20 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ സതീഷ് പട്ടേലിന് 55,481 വോട്ടുകളും ഭിഖാഭായ് റബാരിക്ക് 24,851 വോട്ടുകളും ലഭിച്ചു. 30,630 വോട്ടുകളാണ് പട്ടേലിൻ്റെ ഭൂരിപക്ഷം. മുതിർന്ന ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ യോഗേഷ് പട്ടേൽ അന്തരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
English Summary
Election strategist-turned-politician Prashant Kishor registered his maiden electoral victory by winning the Bankipura assembly by-election, breaching a 40-year BJP stronghold. Meanwhile, the Congress party’s Ghanshyam Singh secured the Datia seat in Madhya Pradesh, and the BJP’s Satish Patel successfully retained the Manjalpur constituency in Gujarat.