തമിഴ്നാടിന് സ്വന്തം പതാക വേണം, സ്കൂളുകളിൽ തമിഴ് നിർബന്ധം; മന്ത്രിയുടെ പ്രസ്താവനയിൽ വിവാദം
New Flag for Tamil Nadu? Vijay Minister’s Proposal Triggers Political Debate: മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാവ് വിനോജ് പി സെല്‍വം രംഗത്തെത്തി. തമിഴ് സ്വത്വം ഉയര്‍ത്തിപ്പിടിക്കാന്‍ പ്രത്യേക പതാകയുടെ ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. തമിഴ് സ്വത്വവും ഇന്ത്യന്‍ സ്വത്വവും പരസ്പരം വിരുദ്ധമായ കാര്യങ്ങളായി അവതരിപ്പിക്കുന്നത് വിഭജന ചിന്താഗതിക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
ചെന്നൈ: തമിഴ്‌നാടിന് സ്വന്തമായി സംസ്ഥാന പതാക കൊണ്ടുവരണമെന്നും സ്‌കൂളുകളില്‍ തമിഴ് പഠനം നിര്‍ബന്ധമാക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി ആദവ് അര്‍ജുന. നിരവധി സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി പതാകയുണ്ടെന്നും എന്നാല്‍ തമിഴ്‌നാടിന് അത്തരമൊരു പതാകയില്ലെന്നും ആദവ് അര്‍ജുന പറഞ്ഞു. സംസ്ഥാനത്തിന്റെ ഭാഷാപരവും സാംസ്‌കാരികവുമായ സ്വത്വം പ്രതിഫലിപ്പിക്കുന്ന പതാക വേണമെന്നാണ് മന്ത്രിയുടെ നിലപാട്. മുഖ്യമന്ത്രി വിജയ് ആയിരിക്കണം പുതിയ പതാക ആദ്യമായി ഉയര്‍ത്തേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാവ് വിനോജ് പി സെല്‍വം രംഗത്തെത്തി. തമിഴ് സ്വത്വം ഉയര്‍ത്തിപ്പിടിക്കാന്‍ പ്രത്യേക പതാകയുടെ ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. തമിഴ് സ്വത്വവും ഇന്ത്യന്‍ സ്വത്വവും പരസ്പരം വിരുദ്ധമായ കാര്യങ്ങളായി അവതരിപ്പിക്കുന്നത് വിഭജന ചിന്താഗതിക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
ഇന്ത്യന്‍ ദേശീയ പതാകയ്ക്ക് കീഴില്‍ തമിഴ് സ്വത്വത്തിന് ഒരു കുറവും സംഭവിക്കുന്നില്ലെന്നും ഭാഷയ്ക്കും സംസ്‌കാരത്തിനും പ്രത്യേക അംഗീകാരം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രങ്ങളില്‍ തമിഴ് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന മന്ത്രി, പള്ളികളിലും മുസ്ലിം ആരാധനാലയങ്ങളിലും ഇതേ നിലപാട് സ്വീകരിക്കുമോയെന്നും ബിജെപി നേതാവ് ചോദിച്ചു.
സ്‌കൂളുകളില്‍ തമിഴ് നിര്‍ബന്ധമാക്കണം
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും തമിഴ് നിര്‍ബന്ധിത വിഷയമാക്കണമെന്ന ആവശ്യവും ആദവ് അര്‍ജുന മുന്നോട്ടുവെച്ചു. സിബിഎസ്ഇ ഉള്‍പ്പെടെ ഏത് വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്‌കൂളുകളായാലും ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ തമിഴ് പഠിക്കണമെന്നാണ് ആവശ്യം.
രണ്ട് ഭാഷാ നയം അനിവാര്യമാണെന്നും എന്നാല്‍ വിദ്യാര്‍ഥികളുടെ പ്രാഥമിക വിദ്യാഭ്യാസം മുതല്‍ മാതൃഭാഷയായ തമിഴിന് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് പ്രധാനമായും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഭാഷയാണെന്നും ചൈന, ജപ്പാന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ സ്വന്തം ഭാഷകള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തമിഴ് തിരഞ്ഞെടുക്കാവുന്ന ഒരു വിഷയമല്ല, നിര്‍ബന്ധമായും പഠിക്കേണ്ട ഭാഷയാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീണ്ടും ജീവന്‍
തമിഴ്‌നാടിന് പ്രത്യേക പതാക വേണമെന്ന ആവശ്യം ഇതാദ്യമല്ല. 1970ല്‍ അന്നത്തെ മുഖ്യമന്ത്രി എം കരുണാനിധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്തിന് പ്രത്യേക പതാക രൂപകല്‍പ്പന ചെയ്ത് കേന്ദ്രത്തിന്റെ അനുമതി തേടിയിരുന്നു. ചാരനിറത്തിലുള്ള പശ്ചാത്തലത്തില്‍ മുകളില്‍ ഇടതുവശത്ത് ദേശീയ പതാകയും പ്രധാന ഭാഗത്ത് സംസ്ഥാനത്തിന്റെ ക്ഷേത്രഗോപുര ചിഹ്നവും ഉള്‍പ്പെടുത്തിയതായിരുന്നു അന്നത്തെ രൂപകല്‍പ്പന.
എന്നാല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മറ്റ് മുഖ്യമന്ത്രിമാരുമായി കൂടിയാലോചിക്കുമെന്ന് അറിയിച്ചതോടെ നിര്‍ദേശം മുന്നോട്ടുപോയില്ല. ഇപ്പോള്‍ ആദവ് അര്‍ജുനയുടെ പ്രസ്താവനയോടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ആവശ്യം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.
English Summary
A minister in Tamil Nadu Chief Minister Vijay’s government has called for a separate state flag and compulsory Tamil education in schools. The proposal has triggered a political debate, with the BJP criticising the demand.