തീരുമാനങ്ങൾ ഏകകണ്ഠമായി മാത്രം, നിർണായക യോഗം ചേർന്ന് ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷ്ണർമാരും
എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണറുടെ പേരിൽ വിവാദത്തിൽ നിലനിൽക്കെയാണ് നിർണായക യോഗം. തിരഞ്ഞെടുപ്പ് കമ്മീഷ്ണർമാരായ സുഖ്ബീർ സന്ധുവും വിവേക് ജോഷിയും ഗ്യാനേഷ് കുമാറിനെതിരെ കമ്മീഷനുള്ളിൽ വിയോജിപ്പ് രേഖപ്പെടുത്തിയത് വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷ്ണമാരുടെ നിർണായക യോഗം ചേർന്നത്. യോഗത്തിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകുകയും ചെയ്തു.
ന്യൂ ഡൽഹി :വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വിശദീകരണം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. എസ്ഐആർ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനങ്ങൾ ഐക്യകണ്ഠനെയാണെന്ന് സമ്പൂർണ തിരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിൽ വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷ്ണറുമാരുമായ സുഖ്ബീർ സിങ് സന്ധവും വിവേക ജോഷിയും ചേർന്ന സമ്പൂർണ കമ്മീഷൻ യോഗത്തിന് ശേഷം വാർത്തകുറിപ്പിലൂടെയാണ് കമ്മീഷൻ കൂടുതൽ വിശദീകരണം നൽകിയിരിക്കുന്നത്. കമ്മീഷനുള്ളിലെ ആഭ്യന്തര ചർച്ചകളെയും നിരീക്ഷണങ്ങളെയും അന്തിമ തീരുമാനങ്ങളിലെ ഭിന്നതയായി ചിത്രീകരിക്കാനാവില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
വിമർശനങ്ങൾക്കിടയാക്കിയ ഫോം 6ൽ മാറ്റമുണ്ടാകില്ല. എസ്ഐആർ അല്ലാത്ത സമയങ്ങളിൽ പഴയ ഫോം 6 പ്രകാരമാകും പുതിയ വോട്ടർമാരെ ചേർക്കുക. അതിനാൽ എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയിൽ നിന്നും പുറത്തായവർക്ക് ഇനി അപേക്ഷിക്കാൻ സാധിക്കും. ECINET-ൻ്റെ നിയന്ത്രണം കേന്ദ്ര കമ്മീഷൻ്റെ കൈയ്യിലാണ്. ഇത് സംബന്ധിച്ചുള്ള മാറ്റങ്ങൾ വേണോയെന്ന് ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരിശോധിക്കും.
ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക ഡ്രൈവുകൾ നടത്തും. വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് നോട്ടീസ് ലഭിച്ചവർ വ്യക്തിഗതമായി നേരിട്ട് ഹാജരാകേണ്ടതില്ലെന്നും, അപൂർവ്വമായ കേസുകളിൽ മാത്രമേ നേരിട്ടുള്ള ഹാജർ ആവശ്യമായി വരികയുള്ളൂവെന്നും കമ്മീഷൻ അറിയിച്ചു. ഹിയറിങ്ങിനായി ബിഎൽഒമാർ നേരിട്ട് വോട്ടർമാരുടെ അടുക്കലെത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു. ഗോവയിൽ എസ്ഐആറിൽ നിന്നും പുറത്തായ 97 പേരിൽ 81 പേരുടെ വീടുകളിൽ ബിഎൽഒമാർ ഫോം നേരിട്ട് വീട്ടിൽ പോയി സ്വീകരിച്ച് ഫയൽ ചെയ്തെന്നും കമ്മീഷൻ അറിയിച്ചു.
നേരത്തെ കമ്മീഷനില്‍ ഭിന്നതയുണ്ടെന്ന് ആരോപിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ചീഫ് എലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറും മറ്റ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരും തമ്മിൽ ഭിന്നതയുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകളിൽ ഉയർന്നുവന്ന പ്രധാന ആരോപണം. കഴിഞ്ഞ 10 മാസത്തിനിടെ വിവിധ വിഷയങ്ങളില്‍ കമ്മീഷണർമാർ 14 തവണ രേഖാമൂലം വിയോജിപ്പ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.