Mock Drill: നാല് സംസ്ഥാനങ്ങളിൽ നാളെ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ
Mock Drill In 4 States: പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലാണ് മോക് ഡ്രിൽ നടത്തുക. മെയ് പത്തിന് വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ആഴ്ചകൾക്ക് ശേഷമാണ് വീണ്ടും മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്.
ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിൽ നാളെ (വ്യാഴം) വീണ്ടും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലാണ് മോക് ഡ്രിൽ നടത്തുക. മെയ് പത്തിന് വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ആഴ്ചകൾക്ക് ശേഷമാണ് വീണ്ടും മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്.
അതിർത്തി കടന്നുള്ള ആക്രമണങ്ങളെയും ഭീകരപ്രവർത്തനങ്ങളെയും നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്. പ്രാദേശിക സിവിൽ ഡിഫൻസ് സംഘങ്ങളും പോലീസും ദുരന്ത നിവാരണ യൂണിറ്റുകളും ആരോഗ്യപ്രവർത്തകരും മോക്ക് ഡ്രില്ലിൽ പങ്കെടുക്കും.
മെയ് ഏഴിനാണ് സംസ്ഥാനത്ത് അവസാനമായി മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. രാജ്യത്തെ 244 ജില്ലകളിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചിരുന്നു. ഇതിനു മണിക്കൂറുകൾക്ക് മുൻപ് അന്ന് പുലർച്ചെ പാക്ക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യം വച്ച് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിൽ വ്യോമാക്രമണം നടത്തിയത്.
Also Read: ‘ഞങ്ങള്‍ പ്രതീക്ഷിച്ചതും ഇന്ത്യ ചെയ്തതും ഒന്ന് തന്നെ’; ഓപ്പറേഷന്‍ സിന്ദൂറിനെ പ്രകീര്‍ത്തിച്ച് റഷ്യ
ഓപ്പറേഷൻ ഷീൽഡ്’ എന്ന പേരിൽ ഹരിയാന സർക്കാരും നാളെ മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നുണ്ട്. ഹരിയാനയിലെ 22 ജില്ലകളിൽ വൈകിട്ട് അഞ്ചുമണിമുതൽ ആണ് മോക്ക് ഡ്രിൽ നടക്കുക. സംസ്ഥാനത്തിന്റെ അടിയന്തര തയ്യാറെടുപ്പും പ്രതികരണ സംവിധാനങ്ങളും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്.
ജമ്മു പഹൽഗാമിൽ 26 പേരുടെ മരണത്തിനിടെയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ തിരിച്ചടിച്ചിരുന്നു. ഇതിനു മുന്നോടിയായാണ് രാജ്യത്ത് മോക് ഡ്രിൽ സംഘടിപ്പിച്ചത്. ഭീകരാക്രമണത്തിനെതിരെ തയ്യാറെടുപ്പ് നടത്താനും ആക്രമണമുണ്ടായാൽ പ്രതികരിക്കേണ്ട തന്ത്രങ്ങൾ വിലയിരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അന്ന് ഇത് സംഘടിപ്പിച്ചത്. ഇതിനു ശേഷം രാജ്യത്ത് മോക്ഡ്രിൽ പോലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.