AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Operation Sindoor: ‘ഞങ്ങള്‍ പ്രതീക്ഷിച്ചതും ഇന്ത്യ ചെയ്തതും ഒന്ന് തന്നെ’; ഓപ്പറേഷന്‍ സിന്ദൂറിനെ പ്രകീര്‍ത്തിച്ച് റഷ്യ

Russian Ambassador to India Denis Alipov speaks about Operation Sindoor: ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യയിലാണ് നിര്‍മിച്ചത്. റഷ്യയുമായുള്ള സംയുക്ത സഹകരണത്തോടെയുള്ള ഒരു ഇന്ത്യന്‍ പ്രൊഡക്ടാണിത്. സംയുക്ത സംരഭത്തിലൂടെ ആയുധങ്ങളുടെ രൂപകല്‍പനയും നിര്‍മാണവും നിര്‍വഹിക്കുന്നു. സഹകരണത്തില്‍ റഷ്യ സംതൃപ്തരാണെന്നും ഡെനിസ് അലിപോവ്

Operation Sindoor: ‘ഞങ്ങള്‍ പ്രതീക്ഷിച്ചതും ഇന്ത്യ ചെയ്തതും ഒന്ന് തന്നെ’; ഓപ്പറേഷന്‍ സിന്ദൂറിനെ പ്രകീര്‍ത്തിച്ച് റഷ്യ
ഡെനിസ് അലിപോവ്Image Credit source: http://x.com/ambrus_india
Jayadevan AM
Jayadevan AM | Published: 28 May 2025 | 05:31 PM

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി ശിക്ഷിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചതെന്നും, ഇന്ത്യ ചെയ്തത് അതു തന്നെയാണെന്നും ഇന്ത്യയിലെ റഷ്യൻ സ്ഥാനപതി ഡെനിസ് അലിപോവ്. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ്‌ ഡെനിസ് അലിപോവ് നിലപാട് വ്യക്തമാക്കിയത്. പഹല്‍ഗാമില്‍ നടന്നത് അങ്ങേയറ്റം ഹീനമാണ്. സംഭവം അറിഞ്ഞയുടന്‍ റഷ്യയുടെ പിന്തുണ ഇന്ത്യയെ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ സന്ദേശം അയച്ചിരുന്നു. ഭീകരാക്രമണത്തിലെ ദുഃഖം അറിയിക്കുന്നതിനൊപ്പം, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുമെന്നും ശിക്ഷിക്കുമെന്നും പുടിന്‍ പ്രതീക്ഷ പങ്കുവച്ചിരുന്നുവെന്നും ഒടുവില്‍ ഇന്ത്യ അത് തന്നെയാണ് ചെയ്തതെന്നും ഡെനിസ് അലിപോവ് പറഞ്ഞു.

ഭീകരവാദം അതിര്‍ത്തി കടന്നുള്ളതായാലും, മറ്റേതെങ്കിലും തരത്തിലുള്ളതാണെങ്കിലും അതിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ലക്ഷ്യം വ്യക്തമാക്കുകയും തീവ്രവാദത്തിനെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ അലിപോവ് പറഞ്ഞു. എസ്-400 സിസ്റ്റം ഉപയോഗിച്ചെന്നാണ് അറിഞ്ഞത്. ബ്രഹ്മോസ് മിസൈലുകളും ഉപയോഗിച്ചു. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ആയുധങ്ങളുടെ പ്രകടനം മാതൃകാപരമായിരുന്നുവെന്നും ഡെനിസ് അലിപോവ് വ്യക്തമാക്കി.

ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യയിലാണ് നിര്‍മിച്ചത്. റഷ്യയുമായുള്ള സംയുക്ത സഹകരണത്തോടെയുള്ള ഒരു ഇന്ത്യന്‍ പ്രൊഡക്ടാണിത്. സംയുക്ത സംരഭത്തിലൂടെ ആയുധങ്ങളുടെ രൂപകല്‍പനയും നിര്‍മാണവും നിര്‍വഹിക്കുന്നു. സഹകരണത്തില്‍ റഷ്യ സംതൃപ്തരാണെന്നും ഡെനിസ് അലിപോവ് പറഞ്ഞു.

വളരെ പ്രതീക്ഷ നല്‍കുന്ന സാധ്യതകളാണുള്ളത്. ചര്‍ച്ച ചെയ്യുന്നതും, നിലവില്‍ നടപ്പിലാക്കുന്നതുമായ മറ്റ് പല കാര്യങ്ങളെയും പോലെ ഈ പാതയും വികസിപ്പിക്കണമെന്നാണ് റഷ്യയുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ കൂടുതൽ എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. മറ്റു പല വിഷയങ്ങളെയും പോലെ ഈ പ്രത്യേക വിഷയത്തിലും ചര്‍ച്ച തുടരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചര്‍ച്ചകള്‍ തുടരുകയാണ്. അതുകൊണ്ട് അതിനെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: C-RAM System: വിദ​ഗ്ധർ പറയുന്നു നമ്മുടെ രാജ്യത്തിനൊരു സി -റാം സിസ്റ്റം വേണം, എന്തുകൊണ്ട്

മോദിക്ക് പ്രശംസ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗ്യതകളെ സംശയിക്കുന്ന ആരും ഉണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും റഷ്യന്‍ സ്ഥാനപതി പറഞ്ഞു. അദ്ദേഹത്തിന്റെ ശക്തമായ നേതൃത്വം ഇന്ത്യയെ ആഗോള പ്രാധാന്യത്തിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.