Assam Bans Polygamy: ബഹുഭാര്യത്വം നിരോധിക്കുന്ന ബിൽ പാസാക്കി അസം; ബാധിക്കപ്പെട്ട സ്ത്രീകൾക്ക് നഷ്ടപരിഹാരം
Polygamy Banned In Assam: ബഹുഭാര്യത്വ നിരോധന ബിൽ പാസാക്കി അസം മന്ത്രിസഭ. കുറ്റവാളികൾക്ക് ഏഴ് വർഷം വരെ കഠിനതടവാണ് ശുപാർശ.

ഹിമന്ത ബിശ്വ ശർമ്മ
അസമിൽ ബഹുഭാര്യത്വ നിരോധന ബിൽ പാസാക്കി. മന്ത്രിസഭ ബിൽ പാസാക്കിയതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. കുറ്റവാളികൾക്ക് ഏഴ് വർഷം വരെ കഠിനതടവാണ് ബില്ലിൽ ശുപാർശ ചെയ്യുന്നത്. ഭരണഘടനയിലെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുന്ന ഗോത്രവർഗക്കാർക്ക് നിയമത്തിൽ ഇളവുണ്ട്.
മന്ത്രിസഭാ സമ്മേളനത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ബഹുഭാര്യത്വത്തിൽ ബാധിക്കപ്പെട്ട സ്ത്രീകൾക്ക് നഷ്ടപരിഹാരം നൽകാനായി പുതിയ ഫണ്ട് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ സ്ത്രീകൾ തങ്ങളുടെ ജീവിതവുമായി മുന്നോട്ടുപോകുമ്പോൾ ബുദ്ധിമുട്ടുകൾ അനുഭവിക്കാതിരിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
“അസം മന്ത്രിസഭ ഇന്ന് ബഹുഭാര്യത്വം നിരോധിക്കുന്ന ബിൽ പാസാക്കി. ഈ ബില്ലിനെ വിളിക്കുന്നത് ‘അസം ബഹുഭാര്യത്വ നിരോധന നിയമം, 2025’ എന്നാണ്. നവംബർ 25ന് ഈ ബിൽ നിയമസഭയിൽ അവതരിപ്പിക്കും. ബഹുഭാര്യത്വത്തിൽ ബാധിക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാനായി ഒരു ഫണ്ടും രൂപീകരിക്കും. ആവശ്യമുള്ളവർക്ക് സർക്കാർ സാമ്പത്തിക പിന്തുണ നൽകും. ഒരു സ്ത്രീയും ജീവിതത്തിൽ കഷ്ടപ്പെടരുത്.”- അദ്ദേഹം പറഞ്ഞു.