Kerala Government: ജോലി അഞ്ച് ദിവസം മാത്രം, പെൻഷൻ പ്രായം 60; സർക്കാർ ജീവനക്കാർക്ക് വമ്പൻ പ്രഖ്യാപനങ്ങൾ, നടപ്പിലാക്കുന്നത് എന്ന്?
Kerala Government Employees: നിലവിൽ 56 വയസ്സാണ് കേരളത്തിലെ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം. ഇത് 60-ലേക്ക് ഉയർത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിലൂടെ രണ്ട് പ്രധാനപ്പെട്ട നേട്ടങ്ങളാണ് സർക്കാരിന് ലഭിക്കുന്നത്.
സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് വമ്പൻ പ്രഖ്യാപനങ്ങളുമായി സർക്കാർ. വിരമിക്കൽ പ്രായം 60 വയസ്സായി ഉയർത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതോടൊപ്പം ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ നടപ്പിലാക്കാനും ആലോചനയുണ്ട്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് ഈ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള സർക്കാരിന്റെ മാസ്റ്റർ പ്ലാനാണ് ഇതെന്ന വിമർശനവും ഉയരുന്നുണ്ട്.
വിരമിക്കൽ പ്രായം ഉയർത്തുന്നത് എന്തിന്?
നിലവിൽ 56 വയസ്സാണ് കേരളത്തിലെ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം. ഇത് 60-ലേക്ക് ഉയർത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിലൂടെ രണ്ട് പ്രധാനപ്പെട്ട നേട്ടങ്ങളാണ് സർക്കാരിന് ലഭിക്കുന്നത്. ആദ്യത്തേത് പെൻഷൻ ഏകീകരണമാണ്. സർക്കാർ ജീവനക്കാരിൽ ഏകദേശം രണ്ടേകാൽ ലക്ഷം പേർ ഇപ്പോൾ തന്നെ പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ (NPS) ഭാഗമാണ്. ഇവരുടെ വിരമിക്കൽ പ്രായം നിലവിൽ 60 വയസ്സാണ്. ബാക്കിയുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷൻ ജീവനക്കാരുടെ പ്രായം കൂടി 60 ആക്കി ഉയർത്തുന്നതിലൂടെ സർവീസിലെ പെൻഷൻ പ്രായം ഏകീകരിക്കാൻ സാധിക്കും.
അതായത്, പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നത് കുറഞ്ഞത് നാല് വർഷത്തേക്ക് കൂടി നീട്ടിവെക്കാൻ സാധിക്കും. ഇത് വഴി പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിലൂടെ ഖജനാവിനുണ്ടാകുന്ന ബാധ്യത താൽക്കാലികമായി ഒഴിവാക്കാൻ കഴിയും. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇതൊരു താൽക്കാലിക ആശ്വാസമാകുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.
ALSO READ: 12-ാം ശമ്പള പരിഷ്കരണം; 2024 മുതൽ പ്രാബല്യം, പരിഗണനാ വിഷയങ്ങൾ ഇതെല്ലാമാണേ….
അഞ്ച് പ്രവൃത്തിദിനങ്ങൾ
ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ എന്നത് ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യമാണ്. നിലവിൽ രണ്ടാം ശനിയാഴ്ചകളിൽ മാത്രമാണ് ജീവനക്കാർക്ക് അവധിയുള്ളത്. എല്ലാ ശനിയാഴ്ചകളും അവധി നൽകുന്നതിലൂടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാമെന്നും ഊർജ്ജ ലാഭമുണ്ടാക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാൽ, പ്രവൃത്തി ദിവസങ്ങൾ കുറയുമ്പോൾ പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങളിൽ കാലതാമസം ഉണ്ടാകുമോ എന്ന ആശങ്കയും സർക്കാരിനുണ്ട്. ഡിജിറ്റൽ സേവനങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ ഈ മാറ്റം ഗുണകരമാകുമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം
വിരമിക്കൽ പ്രായം ഉയർത്തുന്നത് പി.എസ്.സി ഉദ്യോഗാർത്ഥികളുടെയും യുവാക്കളുടെയും വലിയ പ്രതിഷേധത്തിന് കാരണമായേക്കാം. വരുന്ന മേയ് മാസത്തിൽ മാത്രം പതിനായിരത്തോളം പേരാണ് വിരമിക്കേണ്ടത്. എന്നാൽ ഇവരുടെ കാലാവധി നീട്ടിയാൽ പുതിയ നിയമനങ്ങൾ തടസ്സപ്പെടും. നിലവിലുള്ള റാങ്ക് ലിസ്റ്റുകൾ കാലാവധി കഴിഞ്ഞ് റദ്ദാകുകയും ചെയ്യും. പുതിയ നിയമനങ്ങളെ ഇത് ബാധിക്കുമെന്ന ആശങ്ക യുവാക്കൾക്കിടയിലുണ്ട്.