Cow Smuggler: പശുകടത്ത് നടത്തിയെന്നാരോപിച്ച് വിദ്യാര്‍ഥിയെ വെടിവെച്ച് കൊന്നു
Haryana Murder: റെനോ ഡസ്റ്റര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നീ കാറുകളില്‍ പശുക്കടത്ത് നടത്തുന്ന ചിലര്‍ നഗരത്തില്‍ നിന്ന് കന്നുകാലികളെ കൊണ്ടുപോകുന്നതായി ഗോസംരക്ഷണ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ സംഘം പിന്തുടര്‍ന്നത്.
ന്യൂഡല്‍ഹി: പശുക്കടത്ത് നടത്തിയെന്നാരോപിച്ച് ഹരിയാനയില്‍ വിദ്യാര്‍ഥിയെ വെടിവെച്ച് കൊന്നു. പ്ലസ് ടു വിദ്യാര്‍ഥിയെയാണ് ഒരും സംഘം ആളുകള്‍ വെടിവെച്ച് കൊന്നത്. സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അനില്‍ കൗശിക്, വരുണ്‍, കൃഷ്ണ, അദേഷ്, സൗരഭ് എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട ആര്യന്‍ മിശ്രയ്ക്കും സുഹൃത്തുക്കളായ ഷാങ്കി, ഹര്‍ഷിത്ത് എന്നിവര്‍ക്കും പശുക്കടത്താണെന്നാണ് സംഘം ആരോപിച്ചത്. തുടര്‍ന്ന് ഡല്‍ഹി ആഗ്ര ദേശീയ പാതയില്‍ ഹരിയാനയിലെ ഗധ്പുരിക്ക് സമീപം 30 കിലോമീറ്റര്‍ ദൂരം വിദ്യാര്‍ഥികളെ പിന്തുടര്‍ന്ന ശേഷമാണ് കൊലപതാകം നടത്തിയത്.
റെനോ ഡസ്റ്റര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നീ കാറുകളില്‍ പശുക്കടത്ത് നടത്തുന്ന ചിലര്‍ നഗരത്തില്‍ നിന്ന് കന്നുകാലികളെ കൊണ്ടുപോകുന്നതായി ഗോസംരക്ഷണ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ സംഘം പിന്തുടര്‍ന്നത്.
പശുക്കടത്ത് നടത്തുന്നവര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെ പട്ടേല്‍ ചൗക്കില്‍ ഒരു ഡസ്റ്റര്‍ കാര്‍ കണ്ടെത്തി. ഈ കാര്‍ ഓടിച്ചിരുന്നത് ഹാര്‍ഷിത്തായിരുന്നു. കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ കാര്‍ നിര്‍ത്താന്‍ തയാറായില്ല. കുട്ടികള്‍ വിചാരിച്ചത് അവരെ കൊലപ്പെടുത്തുന്നതിനായി ആരോ അയച്ച സംഘമാണ് അതെന്നായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കുട്ടികള്‍ കാര്‍ നിര്‍ത്താതെ വന്നതോടെ സംഘം ഇവരെ പിന്തുടരുകയും കാറിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. പാസഞ്ചര്‍ സീറ്റിലിരുന്ന ആര്യന്റെ കഴുത്തിനാണ് വെടിയേറ്റത്. കാറില്‍ രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. കാര്‍ നിര്‍ത്താതെ വന്നതോടെ പശുക്കടത്ത് സംഘമാണതെന്ന് തെറ്റിധരിച്ചാണ് വെടിയുതിര്‍ത്തതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.