Fake Bomb Threat: ശരീരത്തിൽ ‘മനുഷ്യബോംബെ’ന്ന് സന്ദേശം; അമ്മായിയെ കുടുക്കാൻ മരുമകന്റെ വ്യാജഭീഷണിയെന്ന് കണ്ടെത്തൽ
Fake Bomb Threat: കുടുംബപ്രശ്‌നത്തിന്റെ ഫലമായി വയോധികയുടെ മരുമകനാണ് വ്യാജസന്ദേശം നല്‍കിയതെന്ന് കണ്ടെത്തി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിമാന സർവീസുകൾക്കുനേരെ വ്യാജബോംബ് ഭീഷണി തുടരുകയാണ് . രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള സംഭവങ്ങൾ വാർത്തയാകുന്നതിനിടെയ്ക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ വ്യാജ മനുഷ്യബോംബ് ഭീഷണി. ശരീരത്തിൽ ബോംബ് ധരിച്ച ഒരു യാത്രക്കാരി മുംബൈ- ഡൽഹി വിമാനത്തിൽ യാത്രചെയ്യുന്നുണ്ടെന്നായിരുന്നു സന്ദേശം. വെള്ളിയാഴ്ചയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭീഷണി വ്യാജമാണെന്നും അന്ധേരി സ്വദേശിയായ ഒരാളാണ് ഭീഷണിയ്ക്ക് പിന്നിലെന്നും വ്യക്തമായി.
വെള്ളിയാഴ്ച പുലർച്ചെ 1.30-നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഡല്‍ഹി എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ റൂമിൽ വിളിച്ച സന്ദേശത്തിൽ വിമാനത്തില്‍ 90 ലക്ഷംരൂപയുമായി ആണ്‍സുഹൃത്തിനെ കാണാന്‍ പോകുന്ന ബോംബ് ധാരിയായ ഒരു സ്ത്രീ ഉണ്ടെന്നായിരുന്നുവെന്നാണ് പറഞ്ഞത്. മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്ക് ബോംബ് ധാരിയായ സത്രീ യാത്രചെയ്യുന്നുണ്ട്. അവിടെനിന്ന് അവർ ഉസ്‌ബൈക്കിസ്ഥാനിലേക്ക് പോകും. കൈവശം 90 ലക്ഷം രൂപയുമായാണ് അവരുടെ യാത്ര എന്നായിരുന്നു ഫോണ്‍ സന്ദേശം. സന്ദേശം ലഭിച്ച ഉടൻ തന്നെ മുബൈയിലെ അധികാരികള്‍ക്ക് കൈമാറുകയും അവിടെനിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 നും ഉച്ചയ്ക്ക് രണ്ടിനും ഇടയിൽ ഡൽഹിയിലേയ്ക്ക് ടിക്കറ്റ് എടുത്തിരിക്കുന്ന യാത്രക്കാരുടെ ലിസ്റ്റ് എയര്‍പോര്‍ട്ട് അധികൃതര്‍ പരിശോധിക്കുകയും ചെയ്തു. കൂടാതെ, ഡല്‍ഹി വിമാനത്താവളത്തിലെ യാത്രക്കാരുടെ ലിസ്റ്റും പരിശോധിച്ചു. അതിലൊന്നും സന്ദേശത്തില്‍ പറഞ്ഞ ആളെ കണ്ടെത്താനായില്ല.
തുടർന്ന് ഇതനുസരിച്ച സഹര്‍ പോലീസ് അന്ധേരിയിലെ വിലാസത്തില്‍ നടത്തിയ അന്വേഷണം അറുപതുകാരിയിലേക്കെത്തുകയായിരുന്നു. അവര്‍ വിമാനടിക്കറ്റ് ബുക്ക്‌ചെയ്തിട്ടുണ്ടായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിൽ കുടുംബപ്രശ്‌നത്തിന്റെ ഫലമായി വയോധികയുടെ മരുമകനാണ് വ്യാജസന്ദേശം നല്‍കിയതെന്ന് കണ്ടെത്തി.
Also read-Bomb Threat: വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി; സമൂഹമാധ്യമങ്ങളിലേക്ക് കേന്ദ്ര അന്വേഷണം
അതേസമയം തുടർച്ചയായി വിമാനങ്ങൾക്ക് നേരെയുണ്ടാകുന്ന വ്യാജ ബോംബ് ഭീഷണിയിൽ ജാഗ്രത പാലിക്കാനും വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടാൻ സാധിക്കുമെന്നും അന്വേഷണ ഏജൻസികൾ പറയുന്നു. വ്യാജ അക്കൗണ്ടുകൾ നിയന്ത്രിക്കണമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച മാത്രം 50 -ൽ അധികം ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. ഒക്ടോബർ 14 മുതൽ 25 വരെ ബോംബ് ഭീഷണിയുമായിബന്ധപ്പെട്ട് 13 എഫ്.ഐ.ആറുകളാണ് സഹർ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.