Delhi Temple Worker Death: പ്രസാദത്തെച്ചൊല്ലി തർക്കം; ഡൽഹി കൽക്കാജി ക്ഷേത്രത്തിലെ ജീവനക്കാരനെ അടിച്ചുകൊന്നു
Delhi Kalkaji Temple Worker Death: സംഭവത്തിൻ്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. 15 വർഷമായി കൽക്കാജി ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന ആളാണ് യോഗേന്ദ്ര സിങ്.
ന്യൂഡൽഹി: പ്രസാദത്തെ ചൊല്ലിയുള്ള തർക്കം ഒടുവിൽ ചെന്നെത്തിയത് കൊലപാതകത്തിൽ. ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തിലാണ് സംഭവം. പ്രസാദത്തെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ജീവനക്കാരനെ അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ ഹർദോയി സ്വദേശിയായ യോഗേന്ദ്ര സിങ്ങാണ് കൊല്ലപ്പെട്ടത്. മൂന്ന് യുവാക്കൾ ചേർന്നാണ് ഇയാളെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.
സംഭവത്തിൻ്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. 15 വർഷമായി കൽക്കാജി ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന ആളാണ് യോഗേന്ദ്ര സിങ്. ക്ഷേത്ര ദർശനം പൂർത്തിയാക്കിയ പ്രതികൾ പ്രസാദത്തിനായി യോഗേന്ദ്ര സിങ്ങിനെ സമീപിച്ചു. പിന്നാലെയാണ് യുവാക്കളും ജീവനക്കാരനും തമ്മിൽ തർക്കം ആരംഭിച്ചത്.
വൈകാതെ ഇത് മർദ്ദനത്തിലേക്ക് കടന്നു. പ്രതികൾ ജീവനക്കാരനെ വടികൾ ഉപയോഗിച്ചും കൈകൊണ്ടും അടിക്കുകയും ഇടിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് പ്രദേശത്തേക്ക് കൂടുതൽ ആളുകൾ എത്തിയതോടെ പ്രതികൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പ്രതികളിൽ ഒരാളായ ദക്ഷിണപുരി സ്വദേശിയായ അതുൽ പാണ്ഡെ (30) എന്നയാളെ ക്ഷേത്രത്തിലുണ്ടായിരുന്നവർ തന്നെ പിടികൂടി പോലീസിന് കൈമാറി.
ആക്രമണത്തിൽ യോഗേന്ദ്ര സിങ്ങിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ ഉടൻതന്നെ സമീപത്തെ എയിംസ് ട്രോമ സെന്ററിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ജീവൻ നഷ്ടമാവുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിൽ ഉൾപ്പെട്ട മറ്റു രണ്ട് പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.
#Delhi #WATCH कालकाजी मंदिर में प्रसाद में चुन्नी नहीं देने पर सेवादार योगेंद्र सिंह (35) की पीट-पीटकर हत्या की गई। कल रात की घटना। लोगों ने एक आरोपी अतुल पांडेय को पकड़कर पुलिस के हवाले किया। बाकी की तलाश जारी, विडियो वायरल।@SandhyaTimes4u @NBTDilli #DelhiPolice #viralvideo pic.twitter.com/Ukr9y7IOmv
— Kunal Kashyap (@kunalkashyap_st) August 30, 2025