IndiGo Crisis: ‘നിങ്ങളുടെ കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടു’; ഇന്‍ഡിഗോ സിഇഒ നോട്ടീസിന് ഇന്ന് മറുപടി നല്‍കും
DGCA Issues Show-Cause Notice to IndiGo: കമ്പനി മേധാവി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയില്ലെന്നും യാത്രക്കാര്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിന് കമ്പനി വഴിവെച്ചുവെന്നും നോട്ടീസില്‍ പറയുന്നു. അതേസമയം, കഴിഞ്ഞ ദിവസം 500 ലധികം വിമാന സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്.
ന്യൂഡല്‍ഹി: വിമാന സര്‍വീസുകളിലുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്‍ഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). നോട്ടീസിന് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സന്‍ ഇന്ന് മറുപടി നല്‍കും. വ്യോമയാന നിയമങ്ങള്‍ ലംഘിച്ചുവെന്നും ആസൂത്രണത്തിലും, വിഭവ ഉപയോഗത്തിലും വീഴ്ച വരുത്തിയെന്നും ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദവസമാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകം മറുപടി നല്‍കണമെന്ന് നിര്‍ദേശമുണ്ട്.
കമ്പനി മേധാവി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയില്ലെന്നും യാത്രക്കാര്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിന് കമ്പനി വഴിവെച്ചുവെന്നും നോട്ടീസില്‍ പറയുന്നു. അതേസമയം, കഴിഞ്ഞ ദിവസം 500 ലധികം വിമാന സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ബെംഗളൂരുവിലെ 124 സര്‍വീസുകള്‍ റദ്ദാക്കി. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും 106, ചെന്നൈയില്‍ നിന്ന് 48, പൂനെയില്‍ നിന്ന് 42, ഹൈദരാബാദില്‍ നിന്ന് 66 എന്നിങ്ങനെയും സര്‍വീസുകള്‍ റദ്ദാക്കി.
ഇന്നും സര്‍വീസുകള്‍ റദ്ദാക്കുമെന്നാണ് വിവരം. രാത്രി എട്ട് മണിയോടെ റദ്ദാക്കപ്പെട്ട എല്ലാ ടിക്കറ്റുകളുടെയും തുക തിരികെ നല്‍കണമെന്ന് ഡിജിസിഎ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ റീഫണ്ട് നടപടിക്രമങ്ങള്‍ കമ്പനി വേഗത്തിലാക്കി. തിങ്കളാഴ്ചയോടെ യാത്രക്കാരുടെ ബാഗേജുകള്‍ തിരികെ എത്തിച്ച് നല്‍കണമെന്നും നിര്‍ദേശമുണ്ട്.




അതേസമയം, ഇന്‍ഡിഗോയിലെ പ്രതിസന്ധി മുതലെടുത്ത് മറ്റ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതോടെ കേന്ദ്രം വിഷയത്തില്‍ ഇടപെട്ടു. വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പരിധി നിശ്ചയിച്ചു. നിരക്കുകള്‍ സാധാരണ നിലയിലാകും വരെ നിയന്ത്രണം തുടരാനാണ് നീക്കം.