Namma Metro: ഓരോ 4 മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോയില്‍ പുതിയ നീക്കം
Namma Metro Updates: എല്ലാവിധ സൗകര്യങ്ങളോടും കൂടിയ മെട്രോ ലൈനുകളിലേക്കും വരാനിരിക്കുന്ന മെട്രോ ലൈനുകളിലേക്കും അധിക ട്രെയിന്‍സെറ്റുകള്‍ വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഇഎംഎല്ലിന് ഓര്‍ഡര്‍ നല്‍കി.
ബെംഗളൂരു: ബിഎംആര്‍സിഎല്‍ (ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്) നമ്മ മെട്രോയില്‍ നൂതന മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പോകുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നാല് മിനിറ്റ് ഇടവേളയില്‍ ട്രെയിനുകള്‍ സര്‍വീസ് നടത്താനാണ് പദ്ധതി. യാത്രാ സൗകര്യം മെച്ചപ്പെടുത്തുക, കാത്തിരിപ്പ് സമയം കുറയ്ക്കുക, തിരക്ക് കുറയ്ക്കുക എന്നിങ്ങനെ ലക്ഷ്യമിട്ടാണ് നീക്കം.
എല്ലാവിധ സൗകര്യങ്ങളോടും കൂടിയ മെട്രോ ലൈനുകളിലേക്കും വരാനിരിക്കുന്ന മെട്രോ ലൈനുകളിലേക്കും അധിക ട്രെയിന്‍സെറ്റുകള്‍ വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഇഎംഎല്ലിന് ഓര്‍ഡര്‍ നല്‍കി. റോളിങ് സ്‌റ്റോക്ക് വര്‍ധിപ്പിക്കുന്നത് യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും പ്രധാന സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
യെല്ലോ ലൈന്‍ ആറ്റിബെലെ വരെ നീട്ടുന്നതോടെ 10 മുതല്‍ 12 വരെ പുതിയ ട്രെയിന്‍സെറ്റുകള്‍ വിന്യസിക്കപ്പെടും. ആറാമത്തെ ട്രെയിന്‍സെറ്റ് എത്തുന്നതോടെ ഈ റൂട്ടില്‍ 12 മിനിറ്റ് ഇടവേളകളില്‍ സര്‍വീസുകള്‍ നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. വരും മാസങ്ങളില്‍ കൂടുതല്‍ ട്രെയിനുകള്‍ ഇറക്കാനും ആസൂത്രണം ചെയ്യുന്നതായി അധികൃതര്‍ വ്യക്തമാക്കി.




ആര്‍വി റോഡ്, ജയദേവ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഇന്റര്‍ചേഞ്ച് പോയിന്റുകളില്‍ തിരക്ക് കുറയ്ക്കുന്നതിലൂടെ പര്‍പ്പിള്‍, ഗ്രീന്‍, യെല്ലോ, പിങ്ക് ലൈനുകള്‍ക്കെല്ലാം നാല് മിനിറ്റ് ഇടവേളയില്‍ ഒരുപോലെ ട്രെയിന്‍ സര്‍വീസ് നടത്താനാകുമെന്നാണ് പ്രതീക്ഷ.