നീയാണോ ഈ രാത്രിയിൽ പാൻ ഓർഡർ ചെയ്തത് ? യുവതിയെ ചോദ്യം ചെയ്ത് ഡെലിവറി ബോയ്, വിമർശനം
ലിങ്ക്ഡ്ഇന്നിലൂടെയാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. തൻ്റെ സ്വകാര്യതയിലേക്കെ ഡെലിവെറി ഏജൻ്റെ കടന്നുകയറാൻ ശ്രമിക്കുകയായിരുന്നുയെന്ന് യുവതി തൻ്റെ പോസ്റ്റിൽ പറയുന്നു. സംഭവത്തിൽ വ്യക്തമായ അന്വേഷണം നടത്തുമെന്ന് സൊമാറ്റൊ വ്യക്തമാക്കി. പരാതിയുമായി രംഗത്ത് വന്നാൽ താൻ ആക്രമിക്കപ്പെടുമെന്ന് ഭീതിയുണ്ടെന്നും യുവതി തൻ്റെ പോസ്റ്റിൽ പറയുന്നു.
രാത്രിയിൽ സൊമാറ്റോ ഡെലിവറി ഏജൻ്റിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി യുവതി. ആന്യ എന്ന യുവതിയാണ് ലിങ്ക്ഡ്ഇന്നിൽ തൻ്റെ അനുഭവം തുറന്നുപറഞ്ഞത്. ഇതോടെ വലിയ വിമർശനം ഉയരുകയാണ്. ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്ത് മടങ്ങേണ്ടതിന് പകരം ഡെലിവറി ഏജൻ്റുമാർ ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നു എന്ന ഗുരുതരമായ പ്രശ്നമാണ് ഇവിടെ ഉന്നയിക്കപ്പെടുന്നത്.
സംഭവം ഇങ്ങനെയാണ്, രാത്രിയിൽ ഭക്ഷണം ആന്യ സൊമാറ്റോയിലൂടെയാണ് ഓർഡർ ചെയ്തത്. ഭക്ഷണം കഴിച്ച ശേഷം പാൻ കൂടി ഓർഡർ ചെയ്തു. പാൻ ഡെലിവറി ചെയ്യാൻ എത്തിയ ഡെലിവറി ഏജൻ്റിൽ നിന്നുമാണ് യുവതിക്ക് ദുരനുഭവം നേരിട്ടത്. “ഞാൻ എന്ത് ഓർഡർ ചെയ്തു എന്നത് ഇവിടെ പ്രസക്തമല്ല, അല്ലെങ്കിൽ ഞാൻ എൻ്റെ പണം ഉപയോഗിച്ച് എന്ത് വാങ്ങുന്നു എന്നത് ആരുടെയും വിഷയമാകേണ്ട കാര്യവുമില്ല. ആ സാഹചര്യം വ്യക്തക്കുന്നതിന് വേണ്ടി മാത്രമാണ് ഞാൻ ഇത് വെളിപ്പെടുത്തുന്നത്”
പാർസൽ വാങ്ങാൻ യുവതി പുറത്ത് എത്തിയതോടെ ഡെലിവറി ഏജൻ്റിൻ്റെ ചോദ്യം “നിങ്ങൾ തന്നെയാണോ ഇത് ഓർഡർ ചെയ്തത്” യുവതി പ്രതികരിക്കുന്നില്ല എന്ന് കണ്ടതോടെ പാർസൽ നൽകുന്ന കൂട്ടത്തിൽ ഡെലിവറി ഏജൻ്റിൽ നിന്നും അടുത്ത ചോദ്യം എത്തി. ഈ സമയത്ത് നിങ്ങളെ പോലെ ഒരു പെൺകുട്ടി പാൻ ഓർഡർ ചെയ്യാമോ എന്ന തരത്തിലായിരുന്നു ചോദ്യം.
ചോദ്യങ്ങൾ ഇത്തരത്തിൽ നീണ്ടതോടെ ഡെലിവറി ഏജൻ്റിന് മുഖം നൽകാതെ താൻ പാർസൽ വാങ്ങി വേഗം റൂമിലേക്ക് മടങ്ങുകയായിരുന്നു എന്ന് യുവതി പറയുന്നു. ഈ സംഭവം തന്നിലുണ്ടാക്കിയ അരക്ഷിതാവസ്ഥ എത്രത്തോളമാണെന്ന് ആന്യ ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. ഉപഭോക്താക്കളുമായി ഇടപെടുന്നതിൽ ഡെലിവറി ഏജൻ്റുമാർക്ക് പരിശീലനം പോലും നൽകുന്നില്ലേ എന്ന തോന്നൽ ഉണ്ടാക്കുന്നു എന്ന് യുവതി പറയുന്നു.
“ഞാൻ ഓർഡർ ചെയ്യുന്നത് എന്താണെന്ന് ചൂഴ്ന്ന് നോക്കാൻ എന്ത് അധികാരമാണ് നിങ്ങളുടെ ഡെലിവറി പാർട്ണർക്ക് ഉള്ളത്. അതിൽ അഭിപ്രായം പറയാൻ അയാൾക്ക് അധികാരം ഉണ്ട് എന്ന നിലയിൽ പെരുമാറുന്നത് എന്തുകൊണ്ടാണ്” എന്ന ചോദ്യം ആന്യ പോസ്റ്റിലൂടെ ഉന്നയിക്കുന്നുണ്ട്.
ഈ സംഭവത്തിൽ ഒരു പരാതിയുമായി മുന്നോട്ടുപോയാൽ താൻ അക്രമിക്കപ്പെട്ടേക്കുമോ എന്ന ഭയവും ആന്യ പങ്കുവക്കുന്നുണ്ട്. “ഇനി ഞാൻ ഒരു പരാതിയുമായി മുന്നോട്ടുപോയാൽ അത് അയാളുടെ ഈഗോയെ മുറിവേൽപ്പിച്ചാൽ, അയാൾക്ക് ഞാൻ താമസിക്കുന്നത് എവിടെയാണെന്ന് കൃത്യമായി അറിയാം. അയാൾ ഒരു പ്രതിക്കാരത്തിന് ഒരുങ്ങിയാൽ എന്തായിരിക്കും അവസ്ഥ” യുവതി ചോദിക്കുന്നു.
ഡെലിവറി ഏജൻ്റുമാരിലെ ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ മാർഗ്ഗം കണ്ടെത്തിയില്ലെങ്കിൽ മറ്റെന്ത് ചെയ്തിട്ടും കാര്യമില്ല എന്ന് സൊമാറ്റൊ കെയറിന് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് ആന്യ പോസ്റ്റ് അവസാനിപ്പിക്കുന്നത്. യുവതിയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേർ സമാനമായ അനുഭവം പങ്കുവച്ച് രംഗത്തെത്തിയിട്ടുണ്ട്.
English Summary
A Zomato delivery rider sparked widespread outrage and safety concerns online after questioning a woman for ordering paan at 11 PM. The rider made inappropriate comments, raising serious complaints about delivery agents violating customer privacy and safety late at night.