ഇ20 പെട്രോൾ വാഹനങ്ങളെ നശിപ്പിക്കുമോ? സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലെ സത്യമെന്ത്?

E20 Petrol Myths Busted: എഥനോൾ മിശ്രിത പെട്രോൾ പദ്ധതിയെക്കുറിച്ച് സമീപകാലത്തായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജപ്രചരണങ്ങളില്‍ വ്യക്തത വരുത്തി കേന്ദ്രം. ശാസ്ത്രീയമായ പരിശോധനകൾ, വ്യാപകമായ ഫീൽഡ് അനുഭവങ്ങൾ, വാഹന വ്യവസായ മേഖലയിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെറ്റായ പ്രചാരണങ്ങൾക്കെതിരെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ' യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവിട്ടത്.

ഇ20 പെട്രോൾ വാഹനങ്ങളെ നശിപ്പിക്കുമോ? സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലെ സത്യമെന്ത്?

പ്രതീകാത്മക ചിത്രം

Updated On: 

30 Jul 2026 | 10:08 PM

ന്യൂഡൽഹി: എഥനോൾ മിശ്രിത പെട്രോൾ (Ethanol Blended Petrol – EBP) പദ്ധതിയെക്കുറിച്ച് സമീപകാലത്തായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജപ്രചരണങ്ങളില്‍ വ്യക്തത വരുത്തി കേന്ദ്രം. ശാസ്ത്രീയമായ പരിശോധനകൾ, വ്യാപകമായ ഫീൽഡ് അനുഭവങ്ങൾ, വാഹന വ്യവസായ മേഖലയിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെറ്റായ പ്രചാരണങ്ങൾക്കെതിരെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ’ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവിട്ടത്. ഇ15 പ്ലസ് (E15+) ഇന്ധനം കഴിഞ്ഞ മൂന്നര വർഷത്തിലധികമായും, ഇ19-ഇ20 (E19-E20) ഇന്ധനം രണ്ടര വർഷത്തിലേറെയായും രാജ്യത്ത് വ്യാപകമായി ഉപയോഗത്തിലുണ്ട്. ഈ കാലയളവിൽ എഥനോൾ മിശ്രിതം കാരണം എഞ്ചിൻ തകരാറുകളോ വാഹനങ്ങൾ പണിമുടക്കുന്നതോ ആയ യാതൊരു സംഭവങ്ങളും സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എഥനോൾ മിശ്രിതം എഞ്ചിനുകൾക്കോ ഫ്യുവൽ സിസ്റ്റങ്ങൾക്കോ വ്യവസ്ഥാപിതമായ കേടുപാടുകൾ വരുത്തിയിരുന്നെങ്കിൽ വലിയ തോതിലുള്ള വാറന്റി ക്ലെയിമുകളും സർവീസ് ക്യാമ്പെയ്‌നുകളും ഉപഭോക്തൃ പരാതികളും ഉയർന്നുവരുമായിരുന്നു. എന്നാൽ അങ്ങനെ ഒന്നുമുണ്ടായിട്ടില്ല.

സര്‍ക്കാരിന്റെ വിലയിരുത്തല്‍

ഇന്ത്യയിൽ ദിവസേന ഏകദേശം 8 കോടി വാഹനങ്ങളാണ് ഇന്ധന ഔട്ട്‌ലെറ്റുകൾ സന്ദർശിക്കുന്നത് (ഇതിൽ 80 ശതമാനവും പെട്രോൾ വാഹനങ്ങളാണ്). നിർമ്മാതാക്കളുടെ സർവീസ് വിവരങ്ങൾ കൂടി വിലയിരുത്തിയാണ് സർക്കാർ ഈ നിഗമനത്തിലെത്തിയത്.

രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കൾ 2025-26 സാമ്പത്തിക വർഷത്തിൽ സർവീസ് ചെയ്ത 2.84 കോടി വാഹനങ്ങളിൽ ഏകദേശം 1.5 കോടി വാഹനങ്ങളും തുടക്കത്തിൽ E20 സർട്ടിഫിക്കേഷൻ ലഭിക്കാത്തവയായിരുന്നു. ഇവയിലൊന്നിലും E20 മൂലം തുരുമ്പെടുക്കലോ അസാധാരണമായ തേയ്മാനമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രമുഖ ഇരുചക്ര വാഹന കമ്പനിയും സമാനമായ അനുഭവമാണ് പങ്കുവെച്ചത്.

Also Read: ഇ20 സുരക്ഷിതം, ‘പഴയ’ പെട്രോളിലേക്ക് ഇനി മടക്കമില്ല: വ്യക്തത വരുത്തി കേന്ദ്രം

വിപുലമായ കൂടിയാലോചനകൾ

വാഹന നിർമ്മാതാക്കൾ, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (SIAM), ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI), ഘടക നിർമ്മാതാക്കൾ, ടെസ്റ്റിംഗ് ഏജൻസികൾ, ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (OMCs) എന്നിവരുമായി വിപുലമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് ഉയർന്ന എഥനോൾ മിശ്രിതങ്ങൾ വിപണിയിലിറക്കിയത്. സാമഗ്രികളുടെ അനുയോജ്യത (Material compatibility), എഞ്ചിൻ കാലിബ്രേഷൻ, ഡ്രൈവബിലിറ്റി, ഡ്യൂറബിലിറ്റി, മലിനീകരണ തോത്, ഫ്യുവൽ സിസ്റ്റം, എഞ്ചിൻ പ്രകടനം എന്നിവ ശാസ്ത്രീയമായി വിലയിരുത്തിയിരുന്നു. ഇന്ധനത്തിന്റെ അനുയോജ്യതയിലുള്ള ആത്മവിശ്വാസം മൂലമാണ് നിർമ്മാതാക്കൾ വാഹന വാറന്റികൾ തുടർന്നും നൽകുന്നത്.

ദീർഘകാലയളവിൽ 1.4 കോടി E20 വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ എഥനോൾ മൂലമുള്ള കോറോഷൻ (തുരുമ്പെടുക്കൽ) കണ്ടെത്തിയിട്ടില്ലെന്ന് ഒരു വാഹനിർമ്മാതാവ് അടുത്തിടെ വ്യക്തമാക്കി. E20 അനുയോജ്യമായ വാഹനങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള കർശന പരിശോധനകൾക്ക് ശേഷമാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നതെന്ന് ARAI-യും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, എണ്ണവിപണന കമ്പനികൾ 30,000-ത്തിലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ പരിശോധന നടത്തി ഇന്ധന നിലവാരവും BIS മാനദണ്ഡങ്ങളും ഉറപ്പാക്കുന്നുണ്ട്.

E20 ഇന്ധനം വാഹനങ്ങളെ ഉപയോഗശൂന്യമാക്കുമെന്ന വാദം തെറ്റ്‌

E15+ പെട്രോൾ മൂന്നര വർഷത്തിലേറെയായും E19-E20 പെട്രോൾ രണ്ടര വർഷത്തിലേറെയായും രാജ്യത്ത് വിതരണം ചെയ്യുന്നുണ്ട്. ഈ കാലയളവിൽ 20 കോടിയിലധികം ഇരുചക്ര വാഹനങ്ങളും 3 കോടിയിലധികം പെട്രോൾ കാറുകളും യാതൊരു തകരാറുമില്ലാതെ ഈ ഇന്ധനത്തിൽ ഓടുന്നുണ്ട്. E20 ഇന്ധനം വാഹനങ്ങളെ ഉപയോഗശൂന്യമാക്കുമെന്ന വാദം സത്യമായിരുന്നെങ്കിൽ ദശലക്ഷക്കണക്കിന് വാഹനങ്ങൾ വഴിയിൽ പണിമുടക്കുകയും വാറന്റി ക്ലെയിമുകൾ കുതിച്ചുയരുകയും ചെയ്യുമായിരുന്നു.

വാഹന നിര്‍മ്മാതാക്കളുടെയും പിന്തുണ

2026 ജൂലൈ 4-ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം, ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം, റോഡ് ഗതാഗത മന്ത്രാലയം എന്നിവ സംയുക്തമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ടൊയോട്ട കിർലോസ്‌കർ, മാരുതി സുസുക്കി, ഹീറോ മോട്ടോ കോർപ്പ്, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, ടിവിഎസ് മോട്ടോർ കമ്പനി, ബജാജ് ഓട്ടോ എന്നീ കമ്പനികളുടെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കുകയും E20 ഇന്ധനത്തെ പൂർണ്ണമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

മൈലേജ് കുറയുമോ?

ഡ്രൈവിംഗ് രീതി, ട്രാഫിക് അവസ്ഥ, വാഹന പരിചരണം, ടയറുകളിലെ കാറ്റിന്റെ അളവ്, എയർ കണ്ടീഷണറിന്റെ ഉപയോഗം എന്നിവയെ ആശ്രയിച്ചാണ് ഇന്ധനക്ഷമത നിശ്ചയിക്കപ്പെടുന്നത്. പഴയ E10 വാഹനങ്ങളിൽ E20 ഉപയോഗിക്കുമ്പോൾ ഉണ്ടാകാവുന്ന മൈലേജ് കുറവ് വെറും 3 മുതൽ 5 ശതമാനം വരെ മാത്രമാണ്. അതേസമയം, E20 ഇന്ധനം ഉയർന്ന ഒക്ടേൻ റേറ്റിംഗ്, മികച്ച ആന്റി-നോക്കിംഗ് സവിശേഷത, സുഗമമായ എഞ്ചിൻ പ്രവർത്തനം, മെച്ചപ്പെട്ട ആക്സിലറേഷൻ എന്നിവ നൽകുന്നു.

English Summary

The Government of India clarified that E20 ethanol-blended petrol does not cause widespread engine damage. Major automakers confirmed that millions of older, non-E20 certified vehicles run smoothly on the fuel. Testing shows fuel efficiency drops are minimal, usually around 3 to 5 percent. Rigorous scientific testing and extensive service data prove E20 petrol is safe for long-term use.

Follow Us
രാത്രി അ‌ൺലിമിറ്റഡ് ഫ്രീ ഡാറ്റ കിട്ടുന്ന VI പ്ലാനുകൾ
ശനിദോഷത്തിന്റെ സൂചനകൾ ഇവയാണോ?
പണം കളയണ്ട! പാർലർ ഫേഷ്യലിനേക്കാൾ ​ഗുണം ഈ കൂട്ടിന്
കിഡ്നിയെ ആരോഗ്യത്തോടെ വെക്കും ഈ ശീലങ്ങൾ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി