Gandhi Jayanthi: ഇന്ന് ഗാന്ധി ജയന്തി; അഹിംസയെ സമരായുധമാക്കിയ സത്യാന്വേഷി, രാഷ്ട്രപിതാവിന്റെ സ്മരണയിൽ രാജ്യം
Gandhi Jayanti 2024: ലോകത്തിന് മുന്നിൽ പുതിയ സമരമാർഗം തുറന്നുവെച്ച മഹാത്മാവിന്റെ 155-ാം ജന്മദിനം ആഘോഷിച്ച് ഭാരതം.
ഇന്ന് ഒക്ടോബർ 2 ഗാന്ധി ജയന്തി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മവാർഷികം രാജ്യമെങ്ങും ആഘോഷിക്കപ്പെടുന്നു. അഹിംസ മാർഗത്തിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജിയെ ഓരോ ഭാരതീയനും ഇന്നും അത്യാദരപൂർവം ഓർക്കുന്നു. 1869-ൽ ഗുജറാത്തിൽ ജനിച്ച് ഇന്ത്യയുടെ രാഷ്ട്രപിതാവ് ആയിത്തീർന്ന ഗാന്ധിജിയുടെ സംഭവബഹുലമായ ജീവിതം മറക്കാൻ കഴിയില്ല. രാജ്യമെങ്ങും ഇന്ന് ഗാന്ധിജിയുടെ 155-ാം ജന്മദിനം ആ ജീവിതനാൾവഴികളിലെ പ്രധാന സംഭവങ്ങളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാം.
1869-ൽ ഗുജറാത്തിലെ പോർബന്തറിൽ ജനിച്ച മോഹൻദാസ് കരം ചന്ദ് ഗാന്ധി ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. ലോകത്തിന് മുന്നിൽ പുതിയ സമരമാർഗം തുറന്ന് വച്ച മഹാത്മാവ്. സത്യാഗ്രഹത്തെ കുറിച്ചുള്ള അദേഹത്തിന്റെ കാഴ്ചപ്പാടുകളും തത്വചിന്തകളും ലോകമെമ്പാടുമുള്ള മനുഷ്യരെ സ്വാധീനിച്ചു. ലോക നേതാക്കളായ മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ, നെൽസൺ മണ്ടേല തുടങ്ങിയ നേതാക്കളെ ഗാന്ധിജിയുടെ തത്വചിന്തകൾ സ്വാധീനിച്ചിട്ടുണ്ട്.
1948 ജനുവരി 30-നാണ് നാഥുറാം വിനായക് ഗോഡ്‌സെ എന്ന വർഗീയവാദിയുടെ വെടിയേറ്റ് ഗാന്ധിജി ഈ ലോകത്തോട് വിടവാങ്ങിയത്. പിന്നീട്, ഏതാനും മാസങ്ങൾക്ക് ശേഷം ഒക്ടോബർ 2 ഗാന്ധി ജയന്തി ദേശീയാചരണദിനമായി പ്രഖ്യാപിച്ചു. ഇന്ത്യയിൽ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗാന്ധി ജയന്തി ആചരിക്കുന്നു.
മഹാത്മാഗാന്ധി ഉയർത്തി കൊണ്ടുവന്ന സത്യം, അഹിംസ തുടങ്ങിയ മൂല്യങ്ങൾ പിന്തുടരാൻ രാജ്യത്തെ പ്രചോദിപ്പിക്കുന്ന ദിനമാണ് ഗാന്ധി ജയന്തി. അക്രമത്തിന്റെ പാത ഉപേക്ഷിച്ചുകൊണ്ട് സമാധാനപരമായ ചെറുത്തുനിൽപ്പിന്റെ പ്രാധാന്യം ഓർമപ്പെടുത്തുന്ന ദിനം കൂടിയാണ് ഇന്ന്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഗാന്ധിജിയുടെ പങ്ക് വളരെ വലുതാണ്. അഹിംസയുടെ സാമ്രാജ്യത്വത്തെ തുരതനാകുമെന്ന് അദ്ദേഹം തെളിയിച്ചു. അഹിംസ മാർഗവും, സമാധാനപരമായ ചെറുത്തുനിൽപ്പും തുടങ്ങിയ സന്ദേശങ്ങൾ മുന്നോട്ട് വെച്ച അദ്ദേഹത്തിന് ആഗോളതലത്തിൽ അംഗീകാരവും ആദരവും ലഭിച്ചു. സമാധാനത്തിനായുള്ള ഗാന്ധിജിയുടെ സംഭാവനകളെ മാനിച്ച് ഐക്യരാഷ്ട്രസഭ 2007-ൽ ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസാദിനമായി പ്രഖ്യാപിച്ചു.
ഒക്ടോബർ 2 രാജ്യത്ത് ദേശീയ അവധിയാണ്. രാജ്യത്തുടനീളം പ്രാർത്ഥന സംഗമങ്ങൾ, ഒത്തുചേരലുകൾ, ആഘോഷങ്ങൾ തുടങ്ങിയവയോടെയാണ് ഈ ദിവസം ആചരിക്കപ്പെടുന്നത്. ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ട് ഉൾപ്പടെയുള്ള ഡൽഹിയിലെ സ്ഥലങ്ങളിൽ വലിയ രീതിയിൽ ആഘോഷങ്ങൾ നടക്കുന്നു. കൂടാതെ, ഗാന്ധിജിയുടെ ശുചിത്വ തത്വങ്ങൾക്ക് ഊന്നൽ നൽകികൊണ്ട് ഇന്ത്യയിലെ ജനങ്ങൾ വീടും പരിസരവും നഗരവുമെല്ലാം വൃത്തിയാക്കാനായും ഈ ദിവസം വിനിയോഗിക്കുന്നു.
ഗാന്ധി ജയന്തി ആഘോഷങ്ങൾ
- ഗാന്ധി ജയന്തി ദിനം പ്രമാണിച്ച് ഇന്ത്യയുടെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും മറ്റ് വിശിഷ്ട വ്യക്തികളും ചേർന്ന് ഡൽഹിയിലെ രാജ്‌ഘട്ടിൽ ഗാന്ധിജിക്ക് ആദരവ് അർപ്പിക്കും. പുഷ്പങ്ങൾ അർപ്പിച്ചശേഷം നേതാക്കൾ പ്രാത്ഥനകളിൽ ഏർപ്പെടും.
- ഇന്ത്യയിലുടനീളം സ്കൂളുകളിലും കോളേജുകളിലുമെല്ലാം പ്രാർത്ഥന യോഗങ്ങൾ സംഘടിപ്പിക്കും. ‘രഘുപതി രാഘവ രാജാറാം’ പോലുള്ള ഗാനങ്ങൾ ആദരപൂർവം ആലപിക്കും.
- വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗാന്ധിജിയുടെ ജീവിതം, തത്വങ്ങൾ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള സംഭാവനകൾ എന്നിവ മുൻ നിർത്തി ക്വിസുകൾ, ഉപന്യാസ മത്സരം, പ്രസംഗ മത്സരം, തുടങ്ങിയവ സംഘടിപ്പിക്കുന്നു.
- സ്വച്ഛ് ഭാരത് പദ്ധതിക്ക് സമാനമായി രാജ്യത്തുടനീളം ശുചിത്വ പരിപാടികൾ നടക്കും.