Rob Train Passengers: ട്രെയിൻ പാളം തെറ്റിച്ച് കൊള്ളയടിക്കണം, യൂട്യൂബ് നോക്കി പഠിച്ചു; രണ്ട് പേർ പിടിയിൽ
Rob Train Passengers: ഇതിന് വേണ്ടി റെയിൽവേ പാളത്തിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് കഷണത്തിൽ ട്രെയിൻ ഇടിച്ചെങ്കിലും ഭാഗ്യവശാൽ പാളം തെറ്റിയില്ലെന്നാണ് വിവരം. സെപ്റ്റംബർ 25 ന് പുലർച്ചെ ഗുജറാത്തിലെ കുണ്ഡ്ലി ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്.
അഹമ്മദാബാദ്: പാസഞ്ചർ ട്രെയിൻ അട്ടിമറിച്ച് യാത്രക്കാരെ കൊള്ളയടിക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. ട്രെയിൻ പാളം തെറ്റിച്ച ശേഷം യാത്രക്കാരെ കൊള്ളയടിക്കാനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇതിന് വേണ്ടി റെയിൽവേ പാളത്തിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് കഷണത്തിൽ ട്രെയിൻ ഇടിച്ചെങ്കിലും ഭാഗ്യവശാൽ പാളം തെറ്റിയില്ലെന്നാണ് വിവരം. സെപ്റ്റംബർ 25 ന് പുലർച്ചെ ഗുജറാത്തിലെ കുണ്ഡ്ലി ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്.
പ്രതികളുടെ ഇരുവരുടെയും സാമ്പത്തിക സ്ഥിതി മോശമായതിനാൽ ട്രെയിനിൽ മോഷണം നടത്താൻ പദ്ധതിയിടാനായിരുന്നു ഇവരുടെ ശ്രമമെന്നാണ് റിപ്പോർട്ട്. ഇതിനായി യൂട്യൂബ് വീഡിയോ കണ്ടാണ് ഇരുവരും കവർച്ച ആസൂത്രണം ചെയ്തത്. പ്രതികളായ രമേഷ്, ജയേഷ് എന്നീ രണ്ട് പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുരുതരമായ കുറ്റമായതിനാൽ ബോട്ടാഡ് ജില്ലാ പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും എടിഎസും വിവിധ കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തിയെന്നും പ്രതികളായ രമേശിന്റെയും ജയേഷിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയെന്നും ബോട്ടാഡ് പോലീസ് സൂപ്രണ്ട് കിഷോർ ബലോലിയ വ്യക്തമാക്കി.
ട്രെയിൻ അട്ടിമറിക്കാനായി നാല്-അഞ്ച് അടി നീളമുള്ള ഇരുമ്പ് കഷണമാണ് പാളത്തിൽ ഇവർ സ്ഥാപിച്ചിരുന്നത്. വയലുകളുള്ള മേഖലയിലാണ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്തത്. ട്രെയിൻ പാളം തെറ്റി സമീപത്തുള്ള വയലുകളിലേയ്ക്ക് വീഴുമെന്നായിരുന്നു ഇരുവരും കരുതിയിരുന്നത്. ഈ സമയം മുതലെടുത്ത് യാത്രക്കാരുടെ പണവും മറ്റ് സാധനങ്ങളും കൊള്ളയടിക്കാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ പദ്ധതി പൊളിഞ്ഞതിന് പിന്നാലെ ഇരുവരും ഇരുചക്ര വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ഭാരതീയ ന്യായ് സന്ഹിത, റെയിൽവേ ആക്ട്, പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമം എന്നിവയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.