George Kurian: ജോർജ് കുര്യൻ കേന്ദ്രമന്ത്രിസ്ഥാനം ഒഴിഞ്ഞേക്കും; രാജ്യസഭാ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് പുറത്ത്
George Kurian Likely to Step Down as Union Minister: സമീപകാലത്ത് നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്നും ജോർജ് കുര്യൻ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. കേന്ദ്രമന്ത്രിയെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് മത്സരിച്ചതെങ്കിലും, 2021-ൽ ഇതേ മണ്ഡലത്തിൽ ബിജെപിക്കായി അൽഫോൺസ് കണ്ണന്താനം നേടിയതിനേക്കാൾ കുറഞ്ഞ വോട്ടുകൾ മാത്രമാണ് ജോർജ് കുര്യന് നേടാനായത്.
ന്യൂഡൽഹി: ബിജെപി നേതാവും കേന്ദ്രസഹമന്ത്രിയുമായ ജോർജ് കുര്യനെ മോദി മന്ത്രിസഭയിൽ നിന്ന് നീക്കിയേക്കുമെന്ന് സൂചന. ബി ജെ പി കേന്ദ്ര നേതൃത്വം പുറത്തുവിട്ട പുതിയ രാജ്യസഭാ സ്ഥാനാർത്ഥികളുടെ പട്ടികയിൽ ജോർജ് കുര്യന്റെ പേര് ഉൾപ്പെട്ടിട്ടില്ല. നിലവിൽ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ അംഗമായ അദ്ദേഹത്തിന്റെ കാലാവധി ഈ മാസത്തോടെ അവസാനിക്കുകയാണ്.
മധ്യപ്രദേശിൽ ഒഴിവ് വരുന്ന രണ്ട് സീറ്റുകളിലേക്ക് തരുൺ ചുഘ്, രജനീഷ് അഗർവാൾ എന്നിവരെയാണ് ബിജെപി ഇത്തവണ നിശ്ചയിച്ചിരിക്കുന്നത്. അരുണാചൽ പ്രദേശിൽ നിന്ന് തായ് തഗക്, ഗുജറാത്തിൽ നിന്ന് രാജുഭായ് ശുക്ല, മുകേഷ്ഭായ് രത്‌വ, മാൻസിങ് പാർമർ, ജിതേന്ദ്ര മേഗ്ജിഭായ്, മണിപ്പൂരിൽ നിന്ന് ശാർദ ദേവി, രാജസ്ഥാനിൽ നിന്ന് അൽക ഗുർജാർ, സതീഷ് പുനിയ, ഒഡീഷയിൽ നിന്ന് ദേബാശിഷ് സാമന്തറായ് എന്നിവരാണ് ബിജെപിയുടെ മറ്റ് പ്രധാന സ്ഥാനാർത്ഥികൾ.
നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയും തിരിച്ചടിയായി
സമീപകാലത്ത് നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്നും ജോർജ് കുര്യൻ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. കേന്ദ്രമന്ത്രിയെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് മത്സരിച്ചതെങ്കിലും, 2021-ൽ ഇതേ മണ്ഡലത്തിൽ ബിജെപിക്കായി അൽഫോൺസ് കണ്ണന്താനം നേടിയതിനേക്കാൾ കുറഞ്ഞ വോട്ടുകൾ മാത്രമാണ് ജോർജ് കുര്യന് നേടാനായത്.
Also Read – DK Shivakumar: കർണാടകയിൽ വൻ വിപ്ലവം; അധികാരമേറ്റ് മണിക്കൂറുകൾക്കകം മാസ്സ് പ്രഖ്യാപനങ്ങളുമായി ഡി.കെ ശിവകുമാർ
നിലവിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, ന്യൂനപക്ഷകാര്യം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായി ചുമതല നോക്കുന്ന ജോർജ് കുര്യനെ, വരാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ പൂർണ്ണമായും ഒഴിവാക്കാനാണ് സാധ്യതയെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 1980-ൽ ബിജെപി രൂപീകൃതമായ കാലം മുതൽ പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്ന നേതാവാണ്. ബിജെപി ദേശീയ നിർവാഹക സമിതി അംഗം, യുവമോർച്ച ദേശീയ വൈസ് പ്രസിഡന്റ്, കേരള ബിജെപി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനായി നിയമിതനായ ആദ്യ മലയാളിയാണ് അദ്ദേഹം. കൂടാതെ മുൻ റെയിൽവേ ഒ.എസ്.ഡി (OSD) ആയും പ്രവർത്തിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്ന് ലോക്സഭാ അംഗമല്ലാതിരുന്നിട്ടും കേന്ദ്രമന്ത്രിയായതിനെ തുടർന്ന്, മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ എംപിയായാണ് അദ്ദേഹം പാർലമെന്റിലെത്തിയത്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ സ്വദേശിയായ അദ്ദേഹം സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകൻ കൂടിയാണ്.
English Summary
Union Minister George Kurian is likely to be dropped from the central cabinet after being omitted from the BJP’s latest Rajya Sabha candidate list. His impending exit is further fueled by his recent electoral defeat in the Kanjirappally assembly constituency, where he secured fewer votes than the party’s 2021 performance.