ഇ20 സുരക്ഷിതം, ‘പഴയ’ പെട്രോളിലേക്ക് ഇനി മടക്കമില്ല: വ്യക്തത വരുത്തി കേന്ദ്രം
E20 Petrol India Update: ഇ20 പെട്രോൾ സുരക്ഷിതവും, ശുദ്ധവും, ആധുനികവുമാണെന്നും എഥനോൾ കലർത്താത്ത പെട്രോളിലേക്ക് തിരികെ പോകാൻ യാതൊരു നിർദ്ദേശവുമില്ലെന്നും കേന്ദ്ര സർക്കാർ. പെട്രോളിലെ എഥനോൾ മിശ്രിതം 20 ശതമാനത്തിൽ കൂടുതൽ ഉയർത്തുന്ന കാര്യത്തിലും നിലവിൽ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇ20 പെട്രോൾ സുരക്ഷിതവും, ശുദ്ധവും, ആധുനികവുമാണെന്നും എഥനോൾ കലർത്താത്ത പെട്രോളിലേക്ക് തിരികെ പോകാൻ യാതൊരു നിർദ്ദേശവുമില്ലെന്നും കേന്ദ്ര സർക്കാർ. പെട്രോളിലെ എഥനോൾ മിശ്രിതം 20 ശതമാനത്തിൽ കൂടുതൽ ഉയർത്തുന്ന കാര്യത്തിലും നിലവിൽ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പാർലമെന്റിനെ അറിയിച്ചു. കൂടുതൽ മികച്ചതും അത്യാധുനികവുമായ സാങ്കേതികവിദ്യകളിലേക്ക് മുന്നേറുക എന്നതാണ് സർക്കാരിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞു. പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുകയെന്ന ലക്ഷ്യം നിശ്ചിത സമയപരിധിക്ക് അഞ്ച് വർഷം മുമ്പ് തന്നെ ഇന്ത്യ കൈവരിച്ചതായി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
2022-23ൽ ശരാശരി എഥനോൾ മിശ്രിതം ഏകദേശം 12 ശതമാനമായിരുന്നു. 2023-24ൽ ഏകദേശം 14.6 ശതമാനമായും 2024-25ൽ ഏകദേശം 19.2 ശതമാനമായും ഉയർന്നു. 2025-26ൽ (നവംബർ-ജൂൺ) ഇത് അന്തിമമായി 20 ശതമാനമായി വര്‍ധിച്ചുവെന്ന് കേന്ദ്രം വ്യക്തമാക്കി. 85 ശതമാനം എഥനോൾ അടങ്ങിയ ഇ85 ഇന്ധനം ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾക്ക് മാത്രമായി സാക്ഷ്യപ്പെടുത്തിയ ഒന്നാണെന്നും അത് പൊതു പെട്രോൾ വിതരണത്തിന്റെ ഭാഗമല്ലെന്നും സർക്കാർ വിശദീകരിച്ചു.
എഞ്ചിനുകൾക്ക് കേടുപാടുകളോ തേയ്മാനമോ ഉണ്ടാക്കുന്നില്ല
ഇ20 പെട്രോൾ എഞ്ചിൻ തകരാറുകൾക്ക് കാരണമാകുമെന്നും മൈലേജ് കുറയ്ക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ, ഇ20 ഇന്ധനം എഞ്ചിനുകൾക്ക് അസ്വാഭാവികമായ കേടുപാടുകളോ തേയ്മാനമോ ഉണ്ടാക്കുന്നില്ലെന്ന് ലാബോറട്ടറി പരിശോധനകളും നീതി ആയോഗ് അടക്കമുള്ള സംഘടനകളുടെ ഫീൽഡ് പരിശോധനകളും തെളിയിച്ചിട്ടുണ്ടെന്ന് സർക്കാര്‍ പറയുന്നു.
2025-26 കാലയളവിൽ ഇ20 സർട്ടിഫിക്കറ്റ് ഇല്ലാത്ത പഴയ വാഹനങ്ങൾ ഉൾപ്പെടെ 2.84 കോടി വാഹനങ്ങൾ സർവീസ് ചെയ്ത മുൻനിര കാർ നിർമ്മാതാക്കൾ എഥനോൾ കാരണം എഞ്ചിൻ തകരാറിലായതായി ഒരു പരാതിയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കൾക്കും സമാനമായ അനുഭവമാണുള്ളതെന്നും മന്ത്രി പറഞ്ഞു. നിലവിൽ 20 കോടിയിലധികം ഇരുചക്ര വാഹനങ്ങളും 3 കോടിയിലധികം പെട്രോൾ കാറുകളും ഇ15 പ്ലസ്, ഇ20 പെട്രോളിൽ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ഓടുന്നുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
കർഷകർക്ക് നേട്ടങ്ങൾ
എഥനോൾ കലർത്തിയ പെട്രോൾ പദ്ധതി രാജ്യത്തിന് വലിയ സാമ്പത്തിക, പാരിസ്ഥിതിക നേട്ടങ്ങളാണ് ഉണ്ടാക്കിയതെന്നും വിദേശനാണ്യ ഇനത്തിൽ ഏകദേശം 2 ലക്ഷം കോടി രൂപ ലാഭിക്കാൻ ഇത് സഹായിച്ചതായും സർക്കാർ അവകാശപ്പെട്ടു.
ഇ20 പെട്രോളിലേക്ക് മാറിയത് ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഏകദേശം 316 ലക്ഷം മെട്രിക് ടണ്ണിന്റെ കുറവ് വരുത്താൻ ഇടയാക്കി. ഇത് കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ ഏകദേശം 952 ലക്ഷം മെട്രിക് ടൺ കുറയ്ക്കാൻ സഹായിച്ചു. ഇ20 ഇന്ധനവുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും പരിഹരിക്കുന്നതിനായി പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ ശക്തമായ ഒരു സംവിധാനം തയാറാക്കിയിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
മൈലേജിൽ ചെറിയ കുറവ് അനുഭവപ്പെട്ടേക്കാം
ഡ്രൈവിംഗ് ശീലങ്ങൾ, വാഹന പരിപാലനം, റോഡ് അവസ്ഥകൾ തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ഇന്ധനക്ഷമത നിലനിൽക്കുന്നതെന്ന് സർക്കാർ വിശദീകരിച്ചു. ഇ10 ഇന്ധനത്തിനായി രൂപകൽപ്പന ചെയ്ത വാഹനങ്ങൾക്ക് ഇ20 ഇന്ധനം ഉപയോഗിക്കുമ്പോൾ മൈലേജിൽ ചെറിയ കുറവ് (3-5%) അനുഭവപ്പെട്ടേക്കാം. എന്നാൽ ഇ20-ന്റെ ഉയർന്ന ഒക്ടേൻ നമ്പർ വാഹനത്തിന്റെ പിക്ക്-അപ്പ്, റൈഡ് ക്വാളിറ്റി, എഞ്ചിൻ പ്രകടനം എന്നിവ മെച്ചപ്പെടുത്തുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.