Independence Day 2026: ‘അവരുടെ സ്വപ്നങ്ങൾ എന്നും പ്രചോദനം’; സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
"Their Dreams Inspire Us": PM Modi Extends Independence Day Greetings to the Nation: “എല്ലാവർക്കും സ്വാതന്ത്ര്യ ദിനത്തിൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ. കൊളോണിയൽ ഭരണത്തിന് അന്ത്യം കുറിച്ച എണ്ണമറ്റ സ്വാതന്ത്ര്യ സമര സേനാനികളുടെ ധീരതയെയും ത്യാഗത്തെയും അചഞ്ചലമായ പ്രതിബദ്ധതയെയും നാം ഈ വേളയിൽ നന്ദിയോടെ ഓർക്കുകയാണ്. വികസിത ഭാരതം കെട്ടിപ്പടുക്കാൻ നാം ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ അവരുടെ സ്വപ്നങ്ങൾ നമുക്ക് എന്നും പ്രചോദനമേകും."
ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന് അന്ത്യം കുറിച്ച ധീരരായ സ്വാതന്ത്ര്യ സമര സേനാനികളെ നന്ദിയോടെ സ്മരിക്കുന്നതായും, അവരുടെ സ്വപ്നമായ ‘വികസിത ഭാരതം’ പടുത്തുയർത്താൻ ഏവരും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തൻ്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഇംഗ്ലീഷിലും ഹിന്ദിയിലുമായാണ് അദ്ദേഹം സന്ദേശം പങ്കുവെച്ചത്.
പ്രധാനമന്ത്രിയുടെ സന്ദേശത്തിൻ്റെ പൂർണ്ണരൂപം:
“എല്ലാവർക്കും സ്വാതന്ത്ര്യ ദിനത്തിൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ. കൊളോണിയൽ ഭരണത്തിന് അന്ത്യം കുറിച്ച എണ്ണമറ്റ സ്വാതന്ത്ര്യ സമര സേനാനികളുടെ ധീരതയെയും ത്യാഗത്തെയും അചഞ്ചലമായ പ്രതിബദ്ധതയെയും നാം ഈ വേളയിൽ നന്ദിയോടെ ഓർക്കുകയാണ്. വികസിത ഭാരതം കെട്ടിപ്പടുക്കാൻ നാം ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ അവരുടെ സ്വപ്നങ്ങൾ നമുക്ക് എന്നും പ്രചോദനമേകും.
140 കോടി ഇന്ത്യക്കാരുടെ കരുത്തിൽ നമ്മുടെ രാജ്യം ഇന്ന് വിവിധ മേഖലകളിൽ പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. വരും കാലങ്ങളിൽ ഈ യാത്ര കൂടുതൽ വേഗത്തിൽ മുന്നോട്ട് പോകാൻ സാധിക്കട്ടെ.” പ്രധാനമന്ത്രി കുറിച്ചു.
Warm greetings on the occasion of Independence Day.
We remember with gratitude the countless freedom fighters whose courage, sacrifice and unwavering commitment ensured the end of colonial rule. Their dreams continue to inspire us as we work together to build a Viksit Bharat.…
— Narendra Modi (@narendramodi) August 15, 2026
5,000 വിശിഷ്ടാതിഥികൾ
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തും തുടർന്ന് അദ്ദേഹം രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇതിന് മുന്നോടിയായാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ രാജ്യത്തിന് ആശംസകൾ അറിയിച്ചത്. ഇത് തുടർച്ചയായ 13-ാം തവണയാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുന്നത്.
തത്സമയ സംപ്രേക്ഷണം ഇവിടെ കാണാം:
കര, നാവിക, വ്യോമ സേനകളുടെയും ഡൽഹി പോലീസിൻ്റെയും ഗാർഡ് ഓഫ് ഓണർ ഏറ്റുവാങ്ങിയ ശേഷമായിരിക്കും അദ്ദേഹം പതാക ഉയർത്തുക.. എൻ.സി.സി കേഡറ്റുകളുടെയും മൈ ഭാരത് വൊളന്റിയർമാരുടെയും നേതൃത്വത്തിൽ വന്ദേമാതരവും ദേശീയ ഗാനവും ആലപിക്കും. സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ള അയ്യായിരത്തോളം വിശിഷ്ടാതിഥികളെയാണ് ഇത്തവണ ചെങ്കോട്ടയിലെ ആഘോഷത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. വനിതാ സംരംഭകർ, ശുചീകരണ തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ, കർഷകർ, കലാകാരന്മാർ, ശാസ്ത്രജ്ഞർ, വിദ്യാർത്ഥികൾ, സ്റ്റാർട്ട് അപ്പ് സ്ഥാപകർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.
പ്രധാനമന്ത്രി മുദ്ര യോജന, സ്വച്ഛ് ഭാരത് മിഷൻ ഉൾപ്പെടെയുള്ള വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ, മെട്രോ ജീവനക്കാർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം വിളിച്ചോതിക്കൊണ്ട് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 1,500-ലധികം പേർ തങ്ങളുടെ പരമ്പരാഗത വേഷത്തിലാകും ചെങ്കോട്ടയിൽ എത്തുക.
തലസ്ഥാനത്ത് കനത്ത സുരക്ഷ
സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ഡൽഹി, ഗുരുഗ്രാം ഉൾപ്പെടെയുള്ള ദേശീയ തലസ്ഥാന മേഖലകളിൽ സുരക്ഷ ശക്തമാക്കി. ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ച പശ്ചാത്തലത്തിലാണ് സുരക്ഷാ ഏജൻസികൾ പരിശോധന കർശനമാക്കിയത്. പ്രധാന ചടങ്ങുകൾ നടക്കുന്ന ചെങ്കോട്ടയും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്.
ദക്ഷിണ ഡൽഹിയിൽ മാത്രം വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 1,600-ലധികം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രധാന മേഖലകളിലെല്ലാം പോലീസിൻ്റെ പ്രത്യേക പരിശോധനാ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ട്രാഫിക് പോലീസും ലോക്കൽ പോലീസും സംയുക്തമായി ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങളിലും പാർക്കിംഗ് ഏരിയകളിലും കർശന പരിശോധന നടത്തുന്നുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.
English Summary
Prime Minister Narendra Modi extended Independence Day greetings to the nation, honoring freedom fighters and urging citizens to build a ‘Developed India’. He will hoist the national flag at the Red Fort for the 13th consecutive time, addressing 5,000 special guests amidst heavily tightened security across the national capital.