Iran Ship To India: വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് ഒരു കപ്പൽ, അതും എൽപിജിയുമായി; ഉടൻ മംഗളൂരുവിലെത്തും
Iran LPG Cargo Ship To India: പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദ്ദത്തെത്തുടർന്ന് 2019 മുതലാണ് ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ നിർത്തിവെച്ചത്. ഇറാനിൽ നിന്നെത്തുന്ന എൽപിജി പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) എന്നീ കമ്പനികളിലേക്കാണ് പോകുക.
ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് വലിയ ആശ്വാസം നൽകി ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതി പുനരാരംഭിച്ചു. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഇറാനിൽ നിന്ന് എൽപിജി വാങ്ങുന്നത്. ഇറാനെതിരായ ഉപരോധങ്ങളിൽ അമേരിക്ക താൽക്കാലിക ഇളവ് അനുവദിച്ചതിനെത്തുടർന്നാണ് വീണ്ടും ഇറക്കുമതി ആരംഭിച്ചത്. രാജ്യം നേരിടുന്ന കടുത്ത ഊർജ്ജപ്രതിസന്ധിക്ക് പരിഹാരമായാണ് ഈ നീക്കം.
എൽപിജി വഹിച്ചുകൊണ്ടുള്ള ഇറാനിൽ നിന്നുള്ള ‘അറോറ’ എന്ന കൂറ്റൻ ടാങ്കർ ഉടൻ തന്നെ മംഗളൂരു തുറമുഖത്ത് അടുക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദ്ദത്തെത്തുടർന്ന് 2019 മുതലാണ് ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ നിർത്തിവെച്ചത്. ഇറാനിൽ നിന്നെത്തുന്ന എൽപിജി പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) എന്നീ കമ്പനികളിലേക്കാണ് പോകുക.
ALSO READ: ഇന്ധനപ്രതിസന്ധിയില്ല, കൂടുതൽ കപ്പലുകൾ വരുന്നു; ആശങ്ക വേണ്ടെന്ന് കേന്ദ്രത്തിൻ്റെ ഉറപ്പ്
ഭാവിയിൽ കൂടുതൽ എൽപിജി ഇറാനിൽ നിന്ന് വാങ്ങുന്നതിനെക്കുറിച്ചും ഇന്ത്യ ആലോചിക്കുന്നുണ്ട്. ഹോർമുസ് കടലിടുക്കിലെ സാഹചര്യം നിലവിൽ അതീവ ഗുരുതരമായി തുടരുകയാണ്. മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തുമെന്ന ഇറാൻ്റെ ഭീഷണിയെ തുടർന്ന് ഹോർമുസ് വഴിയുള്ള ചരക്കുനീക്കം 70 ശതമാനം വരെ കുറഞ്ഞിരിക്കുകയാണ്. ശത്രു രാജ്യങ്ങളുമായി ബന്ധമുള്ള ഒരു കപ്പലുകളെയും ഹോർമുസ് വഴി കടത്തിവിടില്ലെന്നാണ് ഇറാൻ്റെ ശക്തമായ നിലപാട്.
ഫെബ്രുവരി അവസാനം മുതൽ ഇതുവരെ ഹോർമുസ് കടലിടുക്കിൽ മാത്രം 20-ലധികം വാണിജ്യ കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഹോർമുസ് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെട്ടതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ഇതുമൂലം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ധനവില വർദ്ധിച്ചേക്കാമെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. നിലിവിൽ ഇന്ത്യയിൽ ഇന്ധനക്ഷാമമില്ലെന്നും വിതരണം സുഗമമായി നടക്കുന്നുണ്ടെന്നും ഇന്നലെ കേന്ദ്രം അറിയിച്ചിരുന്നു.