India-China Relation: ഇന്ത്യ-ചൈന ബന്ധത്തിന് മൂന്ന് പരസ്പര തത്വങ്ങള്‍ പാലിക്കണമെന്ന് ഷി ജിന്‍പിങ്ങിനോട് മോദി
PM Modi and Xi Jinping Discuss Three Mutuals to Strengthen India China Ties: ഇന്ത്യ-ചൈന ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ അതിര്‍ത്തിയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും നിര്‍ണായക സ്ഥാനമുണ്ടെന്ന് മോദി വ്യക്തമാക്കി. അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനില്‍ക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.

ഷി ജിന്‍പിങ്, നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും മൂന്ന് തത്വത്തിലൂന്നി മുന്നോട്ട് പോകണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെ നിലപാടുകള്‍ മോദി വ്യക്തമാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
ഇന്ത്യ-ചൈന ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ അതിര്‍ത്തിയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും നിര്‍ണായക സ്ഥാനമുണ്ടെന്ന് മോദി വ്യക്തമാക്കി. അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനില്‍ക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. അതിര്‍ത്തിയുമായി ബന്ധപ്പെട്ട് നിലവിലുള്ള കരാറുകളും ധാരണകളും ഇരുപക്ഷവും പാലിക്കേണ്ടതിന്റെ ആവശ്യകതയും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ദീര്‍ഘകാലവും തന്ത്രപ്രധാനവുമായ കാഴ്ചപ്പാടോടെ സമീപിക്കേണ്ടതിന്റെ ആവശ്യകതയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായി മാറാതിരിക്കണമെന്ന നിലപാടാണ് മോദി മുന്നോട്ടുവച്ചത്. അതിര്‍ത്തി പ്രശ്‌നത്തിന് നീതിപൂര്‍വവും യുക്തിസഹവും ഇരു രാജ്യങ്ങള്‍ക്കും അംഗീകരിക്കാവുന്നതുമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരണമെന്നും ചര്‍ച്ചയില്‍ വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യ-ചൈന ബന്ധം മൂന്ന് തത്വങ്ങളില്‍
ഇന്ത്യ-ചൈന ബന്ധത്തിന് വഴികാട്ടിയാകേണ്ടത് പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താല്‍പര്യം എന്നീ മൂന്ന് അടിസ്ഥാന തത്വങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും നിലവിലുള്ള ആശങ്കകളോട് സംവേദനക്ഷമത പുലര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ആശങ്കകളും ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉന്നയിക്കപ്പെട്ടതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറയുന്നു.
Also Read: ഓരോ സ്കൂളും മാതൃകയാകണം; വിദ്യാഭ്യാസരംഗത്ത് പുതിയ ചുവടുവയ്പുമായി പിഎം ശ്രീ
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ അടുത്തിടെ ഉണ്ടായ പുരോഗതിയും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ബന്ധത്തില്‍ പുരോഗതി ഉണ്ടായതായി ഇരുപക്ഷവും അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഉഭയകക്ഷി ബന്ധത്തെ ദീര്‍ഘകാല കാഴ്ചപ്പാടില്‍ കാണാനും നിലവിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലാതാക്കാനും ഇരുരാജ്യങ്ങളും ശ്രമിക്കേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
വ്യാപാര മേഖലയിലെ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇരു രാജ്യങ്ങളുടെയും വ്യാപാരത്തിലെ അസന്തുലിതാവസ്ഥ, വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വിപണിയിലേക്കുള്ള കൂടുതല്‍ സ്ഥിരതയുള്ള പ്രവേശനം തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
English Summary
Prime Minister Narendra Modi told Chinese President Xi Jinping that India-China relations should be guided by the principles of mutual respect, mutual sensitivity and mutual interest. The leaders discussed the importance of maintaining peace and stability along the border and strengthening bilateral ties.