പുത്തൻ ട്രാക്കുകൾ, പാലങ്ങൾ, തുരങ്കങ്ങൾ! അതിർത്തിയിൽ 45000 കോടിയുടെ റെയിൽവേ പദ്ധതികളുമായി ഇന്ത്യ
India plans Rs 45,000 crore borders railway development: ചൈന, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ റെയിൽവേ ശൃംഖല ശക്തമാക്കുന്നതിനായി 45,000 കോടി രൂപയുടെ (ഏകദേശം 4.7 മുതൽ 5 ബില്യൺ യു.എസ്. ഡോളർ) വൻകിട വികസന പദ്ധതികൾക്ക് ഇന്ത്യ തുടക്കമിടാൻ പോകുന്നതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, അസം, മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവ ഈ അതിർത്തി റെയിൽവേ ശൃംഖലയുടെ ഭാഗമാകും.

India Plans Rs 45,000 Crore For Border Railway Development
ന്യൂഡൽഹി: അതിർത്തികളിൽ അയൽ രാജ്യങ്ങൾ ഇന്ത്യയെ ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങൾക്ക് മറുപടിയായി ഇരട്ട നേട്ടമുള്ള പുതിയ തന്ത്രം നടപ്പിലാക്കാൻ ഇന്ത്യ തയാറെടുക്കുന്നതായി റിപ്പോർട്ട്. ചൈന, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ റെയിൽവേ ശൃംഖല ശക്തമാക്കുന്നതിനായി 45,000 കോടി രൂപയുടെ (ഏകദേശം 4.7 മുതൽ 5 ബില്യൺ യു.എസ്. ഡോളർ) വൻകിട വികസന പദ്ധതികൾക്ക് ഇന്ത്യ തുടക്കമിടാൻ പോകുന്നതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഏറെ തന്ത്രപ്രധാനമായ അതിർത്തികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ ഇത്തരമൊരു പദ്ധതിക്ക് പ്ലാനിടുന്നത് എന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ബ്ലൂംബെർഗ് (Bloomberg) റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അയൽരാജ്യങ്ങളായ ചൈന, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവയുമായുള്ള അതിർത്തി പ്രദേശങ്ങളിൽ പുത്തൻ ട്രാക്കുകൾ, പാലങ്ങൾ, തുരങ്കങ്ങൾ എന്നിവ ഉൾപ്പെടെ സ്ഥാപിച്ചുകൊണ്ട് അടിസ്ഥാന റെയിൽവേ സൗകര്യങ്ങൾ ശക്തിപ്പെടുത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും ഇതിനായി 45,000 കോടി രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു.
Also Read: 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസയുമായി ഒമാൻ; ആർക്കെല്ലാം യാത്ര ചെയ്യാം? അറിയൂ…!
ഒരു വെടിക്ക് മൂന്ന് പക്ഷികൾ
ചൈന ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന തങ്ങളുടെ പ്രദേശങ്ങളിൽ സൈനിക ആവശ്യത്തിനുമുള്ള വിമാനത്താവളങ്ങളും ഹെലിപ്പാഡുകളും നിർമിക്കുന്നുണ്ട്. ഈ നീക്കത്തിന് ബദലായിട്ടാണ് ഇന്ത്യ അതിർത്തി കേന്ദ്രീകരിച്ചുള്ള റെയിൽവേ ശൃംഖല ശക്തമാക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. പാകിസ്താനുമായും ബംഗ്ലാദേശുമായും ഇന്ത്യക്ക് പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അതിനാൽ ഈ ഭാഗങ്ങളുടെ അതിർത്തികളും പുതിയ അതിർത്തി റെയിൽ പ്രോജക്ടിന്റെ ഭാഗമാകും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഗുണം രണ്ട്
അതിർത്തികളിൽ റെയിൽവേ ശൃംഖല ശക്തിപ്പെടുത്തുന്നതിലൂടെ ഇന്ത്യ രണ്ട് ഗുണങ്ങൾ കാണുന്നു. ഒന്ന് അതിർത്തി പ്രദേശങ്ങളിലെ യാത്രക്കാർക്കും ചരക്ക് ഗതാഗതത്തിനും ഉപകാരപ്പെടും എന്നതാണ്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ ഗുണം അത്യാവശ്യ ഘട്ടങ്ങളിൽ സൈനികരെയും യുദ്ധോപകരണങ്ങളെയും അതിർത്തി മേഖലകളിലേക്ക് വേഗത്തിൽ എത്തിക്കാൻ പ്രതിരോധ സേനയ്ക്ക് ഈ റെയിൽപ്പാത ഉപയോഗിക്കാം എന്നതാണ്.
പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, അസം, മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവ ഈ അതിർത്തി റെയിൽവേ ശൃംഖലയുടെ ഭാഗമാകും. ഇവിടങ്ങളിലെ അതിർത്തികളിൽ പുതിയ റെയിൽവേ ട്രാക്കുകൾ നിർമ്മിക്കുക, നിലവിലെ റെയിൽ ശൃംഖല ശക്തിപ്പെടുത്തുക, സ്റ്റേഷനുകളിൽ കൂടുതൽ പ്ലാറ്റ്‌ഫോമുകൾ നിർമ്മിക്കുക, ഏത് പ്രതികൂല കാലാവസ്ഥയിലും സർവീസ് നടത്താൻ സാധിക്കുന്ന രീതിയിൽ പാതകൾ സജ്ജമാക്കുക എന്നീ വികസനങ്ങളാണ് നടപ്പിലാക്കുക.
അങ്ങേയറ്റം പ്രാധാന്യം
അതിർത്തികളിലെ റെയിൽവേ വികസനത്തിന് ഇന്ത്യ അങ്ങേയറ്റം പ്രാധാന്യം നൽകും എന്ന് റിപ്പോർട്ട് പറയുന്നു. അടുത്ത 18 മുതൽ 24 മാസത്തിനുള്ളിൽ ഈ റെയിൽവേ വികസന പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത രണ്ട് വർഷത്തേക്ക് രാജ്യം പദ്ധതിയിട്ടിരിക്കുന്ന മൊത്തം റെയിൽവേ അടിസ്ഥാനസൗകര്യ വികസന ബജറ്റിന്റെ 22 ശതമാനത്തോളം ഈ അതിർത്തി വികസന പദ്ധതിക്കായിട്ടായിരിക്കും വിനിയോഗിക്കുകയെന്നും റിപ്പോർട്ടിലുണ്ട്.
മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഈ നീക്കം തന്ത്രപ്രധാനമായ പ്രതിരോധ സജ്ജീകരണങ്ങൾക്ക് കരുത്തേകും. പ്രതികൂല കാലാവസ്ഥയിലും തടസ്സമില്ലാതെ പ്രവർത്തിക്കുന്ന ഓൾ-വെതർ റെയിൽ ശൃംഖല സൈനിക വിന്യാസത്തിലെ താമസം കുറയ്ക്കാൻ ഉൾപ്പെടെ സഹായിക്കും. നേരത്തെ പാകിസ്താൻ അതിർത്തി മേഖലകളിലേക്കുള്ള റോഡ് ശൃംഖല ഇന്ത്യ മെച്ചപ്പെടുത്തിയിരുന്നു. കൂടാതെ ലോകത്തെ ഏറ്റവും ഉയരത്തിലുള്ള റെയിൽപ്പാലം കഴിഞ്ഞവർഷം കശ്മീരിൽ തുറന്നു, വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ പുതുതായി 1700 കിലോമീറ്റർ റെയിൽവേ ശൃംഖല ചേർക്കുകയും ചെയ്തിരുന്നു.
English Summary
India is set to launch a Rs 45,000 crore (approximately US$4.7 to US$5 billion) mega development project to strengthen its railway network in areas bordering China, Pakistan and Bangladesh, Bloomberg reported. Punjab, Rajasthan, Himachal Pradesh, West Bengal, Assam and other northeastern states will be part of this border railway network.