AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

S Jaishankar: ‘ഭീകരർ പാകിസ്താനിലാണെങ്കിൽ അവിടെവെച്ച് ആക്രമിക്കും’; ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് എസ് ജയ്ശങ്കർ

Jaishankar on Operation Sindoor: ഓപ്പറേഷൻ സിന്ദൂർ തുടർന്ന് കൊണ്ടിരിക്കുകയാണെന്നും, ഏപ്രിൽ 22-ന് നാം കണ്ടവിധത്തിലുള്ള പ്രവൃത്തികൾ ഇനിയുണ്ടായാൽ അതിനു നേർക്ക് പ്രതികരണമുണ്ടാകുമെന്നും ജയ്ശങ്കർ വ്യക്തമാക്കി.

S Jaishankar: ‘ഭീകരർ പാകിസ്താനിലാണെങ്കിൽ അവിടെവെച്ച് ആക്രമിക്കും’; ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് എസ് ജയ്ശങ്കർ
എസ് ജയ്ശങ്കർ Image Credit source: PTI
nandha-das
Nandha Das | Updated On: 22 May 2025 21:43 PM

ആംസ്റ്റർഡാം: ഭീകരർ പാകിസ്താനിലാണെങ്കിൽ അവിടെവെച്ച് ആക്രമിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. ഓപ്പറേഷൻ സിന്ദൂർ തുടർന്ന് കൊണ്ടിരിക്കുകയാണെന്നും, കഴിഞ്ഞ മാസം പഹൽഗാമിൽ ഉണ്ടായതുപോലുള്ള മറ്റൊരു ഭീകരാക്രമണം ഉണ്ടായാൽ ഇന്ത്യ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡച്ച് മാധ്യമമായ എൻഒഎസിന് നൽകിയ അഭിമുഖത്തിലായിരുന്നു ജയ്ശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്.

“ഓപ്പറേഷൻ സിന്ദൂർ തുടരുന്നതിനകത്ത് ഒരു സന്ദേശമുണ്ട്. എന്നാൽ, ഓപ്പറേഷൻ തുടരുന്നു എന്നത് പരസ്പരം വെടിയുതിർക്കുന്നതിന് സമാനമല്ല. ഏപ്രിൽ 22-ന് നാം കണ്ടവിധത്തിലുള്ള പ്രവർത്തികൾ ഇനി ഉണ്ടായാൽ പ്രതികരണം ഉണ്ടാകും. ഭീകരവാദികൾ എവിടെയാണോ അവിടെവെച്ച് ആക്രമിക്കും, അത് പാകിസ്ഥാനിൽ വെച്ചാണെങ്കിലും” ജയ്ശങ്കർ വ്യക്തമാക്കി.

മതത്തെക്കുറിച്ചുള്ള പാകിസ്‌താൻ സൈനിക മേധാവിയുടെ അതിതീവ്രമായ വീക്ഷണം, പഹൽഗാം ആക്രമണം നടത്തിയ ഭീകരരെ സ്വാധീനിച്ചിരുന്നെന്നും ജയ്‌ശങ്കർ ആരോപിച്ചു. കശ്മീരിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ആശ്രയമായ ടൂറിസത്തെ തകർക്കാനും, മതപരമായ ഭിന്നത സൃഷ്ടിക്കാനും ലക്ഷ്യമിട്ടായിരുന്നു പഹൽഗാം ആക്രമണം. അതിൽ മതം എന്നൊരു ഘടകം കൂടി ഉൾപ്പെടുത്തപ്പെട്ടു. മതപരമായി അതിതീവ്ര കാഴ്ചപ്പാടുള്ളയാളാണ് പാകിസ്ഥാൻ സൈനിക മേധാവിയെന്നും, ചിലർ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളോട് ചേർന്നുനിൽക്കുമെന്നും ജയ്ശങ്കർ പറഞ്ഞു.

ALSO READ: ‘ഓപ്പറേഷൻ സിന്ദൂർ ഉചിതമായ പ്രതികരണം’; ഇന്ത്യക്ക് പിന്തുണ അറിയിച്ച് ജപ്പാൻ

പഹൽഗാം ആക്രമണത്തിന് ഒരാഴ്ച മുമ്പ് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ദ്വിരാഷ്ട്ര സിദ്ധാന്തത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങളെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രതിനിധിയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് നടത്തിയ പഹൽഗാം ആക്രമണത്തോട് പ്രതികരിക്കാതിരിക്കുക എന്നത് ഇന്ത്യൻ സർക്കാരിന് അസാധ്യമാണെന്നും ജയ്ശങ്കർ പറഞ്ഞു.

“രണ്ട് രാജ്യങ്ങൾ തമ്മിൽ സംഘർഷത്തിൽ ഏർപ്പെടുമ്പോൾ, ലോക രാജ്യങ്ങൾ വിളിച്ച് അവരുടെ ആശങ്ക പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ, വെടിനിർത്തൽ ധാരണയായത് ഇന്ത്യയും പാകിസ്ഥാനും നേരിട്ട് ചർച്ച ചെയ്ത ശേഷമാണ്. ഞങ്ങളോട് സംസാരിച്ച എല്ലാ ലോക രാജ്യങ്ങളോടും, അമേരിക്കയോട് മാത്രമല്ല എല്ലാവരോടും ഒരു കാര്യം വളരെ വ്യക്തമായി പറഞ്ഞിരുന്നു, പാകിസ്ഥാൻ യുദ്ധം നിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ ഞങ്ങളോട് പറയണം. അത് അവരിൽ നിന്ന് കേൾക്കണം. അവരുടെ ജനറൽ നമ്മുടെ ജനറലിനെ വിളിച്ച് ഇക്കാര്യം പറയണം. അങ്ങനെയാണ് അത് സംഭവിച്ചത്” ജയ്ശങ്കർ കൂട്ടിച്ചേർത്തു.

ഏപ്രിൽ 22-നാണ് 26 വിനോദ സഞ്ചാരികൾ കൊല്ലപ്പെടാൻ ഇടയായ പഹൽഗാം ഭീകരാക്രമണം നടന്നത്. ഇതിന് മറുപടിയായി മെയ് 7ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ ആണ് ഓപ്പറേഷൻ സിന്ദൂർ. കശ്മീരിലെ പാകിസ്‌താന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ഒൻപത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്.