Jyoti Malhotra Youtuber: ഇഫ്താർ വിരുന്നില്‍ പങ്കെടുത്തു, പാക് ഉദ്യോഗസ്ഥരുമായി ജ്യോതി മൽഹോത്രയ്ക്ക് അടുത്തബന്ധം; തെളിവായി വ്ളോഗ്
Jyoti Malhotra Espionage Case:ഇഫ്താർ വിരുന്നിൽ പങ്കെടുത്ത ജ്യോതി, പാക്കിസ്ഥാൻ സന്ദർശിക്കാൻ തനിക്കു താൽപര്യമുണ്ടെന്ന് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരോട് സംസാരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
ഡൽഹി: പാകിസ്ഥാനുവേണ്ടി ചാരപ്പണി നടത്തി അറസ്റ്റിലായ വ്‍ലോഗർ ജ്യോതി മൽഹോത്രയും പാക്ക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനും തമ്മിൽ അടുത്ത ബന്ധമെന്ന് റിപ്പോർട്ട്. ഇവർ തമ്മിലുള്ള ബന്ധത്തിന് തെളിവായി കൂടുതൽ വീഡിയോകൾ പുറത്ത് വന്നു. ജ്യോതി മൽഹോത്രയുടെ ‘ട്രാവൽ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇവർ തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകൾ ലഭിച്ചത്.
കഴിഞ്ഞ വർഷം ന്യൂഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷനിൽ നടന്ന ഇഫ്താർ പാർട്ടിയിൽ വച്ചാണ് ഇരുവരും തമ്മിൽ അടുത്തത്. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. പാക്കിസ്ഥാനു വേണ്ടി ചാരപ്പണി നടത്തിയതിന്റെ പേരിൽ ജ്യോതി മൽഹോത്രയെ ഹരിയാന പോലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.
ഇഫ്താർ വിരുന്നിൽ പങ്കെടുത്ത ജ്യോതി, പാക്കിസ്ഥാൻ സന്ദർശിക്കാൻ തനിക്കു താൽപര്യമുണ്ടെന്ന് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരോട് സംസാരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. പാക് വീസ ലഭിക്കാൻ തന്നെ സഹായിക്കണമെന്നും യുവതി ഉദ്യോഗസ്ഥരോട് പറയുന്നുണ്ട്. പാക്ക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥൻ ഡാനിഷ് എന്ന എഹ്സാൻ–ഉർ–റഹീമുമായും യുവതി ദീർഘ നേരം സംസാരിക്കുന്നതും വീഡിയോയിൽ കാണാം.
Also Read:പാകിസ്താന് വേണ്ടി ചാരപ്പണി; ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള യൂട്യൂബർ ജ്യോതി മൽഹോത്ര അറസ്റ്റിൽ
2024 മാർച്ച് 30നാണ് ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. ഡാനിഷാണ് തന്നെ ഇഫ്താർ വിരുന്നിൽ ക്ഷണിച്ചതെന്നും ഇയാൾ ജ്യോതിയെ പാക്ക് ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തുകയും ചെയ്തു. പാക്ക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിലും അവിടെ സംഘടിപ്പിച്ച ചടങ്ങിലും തനിക്ക് മതിപ്പു തോന്നിയെന്നും ജ്യോതി വീഡിയോയിൽ പറയുന്നുണ്ട്. ഈ ചടങ്ങിനിടെ യുവതി ചൈനീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചൈനീസ് വീസ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പാകിസ്ഥാൻ രഹസ്യാന്വോഷണ ശൃംഖലയുമായി ബന്ധപ്പെട്ട് ചാരപ്പണി നടത്തിയെന്നും ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങൾ പാക്കിസ്ഥാന് നൽകിയെന്നുമാണ് യുവതിക്കെതിരെ പോലീസ് ആരോപിച്ചിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ജ്യോതിയെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.