Ahmedabad Plane Crash: ‘100 പവൻ സ്വർണ്ണം, കേടുകൂടാതെ ഭഗവദ്ഗീത’; വിമാനം തകർന്നുവീണ സ്ഥലത്തുനിന്ന് കണ്ടെത്തിയത് ഇവയെല്ലാം
List Of Belongings Found From Plane Crash Area: സംഭവം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം 100 പവനോളം സ്വർണ്ണാഭരണങ്ങളും, 80,000 രൂപ, പാസ്‌പോർട്ടുകൾ, ഒരു ഭഗവദ്ഗീത എന്നിങ്ങനെ പല സ്വകാര്യ വസ്തുക്കളും കണ്ടെടുത്തയായാണ് വിവരം. ഇവയെല്ലാം അധികൃതർക്ക് കൈമാറിയതായി സന്നദ്ധ പ്രവർത്തകർ അറിയിച്ചു.

ഗാന്ധിനഗർ: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ സ്ഥലത്തുനിന്ന് ലഭിച്ച സാധനങ്ങളുടെ പട്ടിക പുറത്ത്. കണ്ടെടുത്ത എല്ലാ സ്വകാര്യ വസ്തുക്കളും കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്നും അവ അടുത്ത ബന്ധുക്കൾക്ക് തിരികെ നൽകുമെന്നും ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി ഞായറാഴ്ച പറഞ്ഞിരുന്നു. കഴിഞ്ഞ 12ന് ഉച്ചയോടെയാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് 242 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കകം കത്തിയമർന്നത്.
242 പേരിൽ ഒരാൾ ഒഴികെ മറ്റെല്ലാവരും വെന്തുമരിച്ച ദാരുണ സംഭവത്തിൻ്റെ ഞെട്ടലിലാണ് രാജ്യം ഇന്നും. അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളേജിൻ്റെ ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. സംഭവത്തിൽ പ്രദേശവാസികൾക്കും എംബിബിഎസ് വിദ്യാർത്ഥികളും മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ സംഭവം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം 100 പവനോളം സ്വർണ്ണാഭരണങ്ങളും, 80,000 രൂപ, പാസ്‌പോർട്ടുകൾ, ഒരു ഭഗവദ്ഗീത എന്നിങ്ങനെ പല സ്വകാര്യ വസ്തുക്കളും കണ്ടെടുത്തയായാണ് വിവരം. ഇവയെല്ലാം അധികൃതർക്ക് കൈമാറിയതായി സന്നദ്ധ പ്രവർത്തകർ അറിയിച്ചു.
അപകടസ്ഥലത്ത് ആദ്യം എത്തിയത് സമീപ പ്രദേശങ്ങളിൽ നിന്നുള്ള ആളുകളായിരുന്നു. പിന്നീട് 56 കാരനായ രാജു പട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. ആദ്യത്തെ 15-20 മിനിറ്റ് വരെ അവർക്ക് സ്ഥലത്തേക്ക് അടുക്കാൻ പോലും കഴിഞ്ഞില്ലെന്നും ചുറ്റും തീഗോളങ്ങളായിരുന്നുവെന്നും രാജു പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹങ്ങളും പരിക്കേറ്റവരെയും മൂടാൻ പ്രദേശവാസികളാണ് ബെഡ്ഷീറ്റുകളും സാരിയും നൽകിയത്. അപ്പോഴേക്കും അഗ്നിശമന സേനയും ആംബുലൻസും സ്ഥലത്തെത്തി.
രാത്രി 9 മണി വരെ രാജു പട്ടേലിന്റെ സംഘം സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ട്. അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെത്തിയ യാത്രക്കാരുടെ വസ്തുക്കൾ അദ്ദേഹത്തിന്റെ സംഘം അധികാരികൾക്ക് കൈമാറുകയും ചെയ്തു. 2008 ലെ അഹമ്മദാബാദ് സീരിയൽ സ്ഫോടനങ്ങളിൽ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.