SpiceJet: ഭക്ഷണം മഹാമോശം; സ്പൈസ് ജെറ്റ് ജീവനക്കാരെക്കൊണ്ട് കഴിപ്പിച്ച് യാത്രക്കാർ
Spicejet Ground Staff Force Fed By Passengers: ഭക്ഷണം മോശമാണെന്നാരോപിച്ച് സ്പൈസ് ജെറ്റ് ജീവനക്കാരനെക്കൊണ്ട് നിർബന്ധിച്ച് കഴിപ്പിച്ച് യാത്രക്കാർ. ഭക്ഷണത്തെപ്പറ്റിയുള്ള ആരോപണം കമ്പനി തള്ളി.

വിളമ്പിയ ഭക്ഷണം മോശമായതിനാൽ അത് സ്പൈസ് ജെറ്റ് ജീവനക്കാരെക്കൊണ്ട് കഴിപ്പിച്ച് യാത്രക്കാർ. പൂനെ വിമാനത്താവളത്തിലാണ് സംഭവം. തങ്ങൾക്ക് വിളമ്പിയ ഭക്ഷണം മോശമായതിനാൽ യാത്രക്കാർ അത് ജീവനക്കാരെക്കൊണ്ട് നിർബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വിമാനം വൈകിയതിനെ തുടർന്ന് പൂനെ വിമാനത്താവളത്തിൽ യാത്രക്കാർക്ക് നൽകിയ ഭക്ഷണത്തെച്ചൊല്ലിയാണ് പ്രശ്നമുണ്ടായത്. തങ്ങൾക്ക് നൽകിയ ഭക്ഷണം വളരെ മോശമാണെന്ന് ആരോപിച്ച യാത്രക്കാർ ഗ്രൗണ്ട് സ്റ്റാഫിന് ചുറ്റും കൂട്ടം കൂടിനിന്ന് അയാളെക്കൊണ്ട് നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുകയാണ്. ജീവനക്കാരൻ ഈ ഭക്ഷണം കഴിക്കുന്നതും വിഡിയോയിലുണ്ട്. ഭക്ഷണത്തിൻ്റെ നിലവാരം മോശമാണെന്ന ആരോപണം വിമാനക്കമ്പനി തള്ളി.
രണ്ടാഴ്ചയ്ക്ക് മുൻപാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തതെങ്കിലും ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വോക് എമിനൻ്റ് എന്ന അക്കൗണ്ട് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചതോടെയാണ് വീണ്ടും വിഡിയോ വൈറലായത്.




ഭക്ഷണനിലവാരം മോശമാണെന്ന ആരോപണം കമ്പനി തള്ളി. “വിഡിയോയിലുള്ള ആരോപണങ്ങൾ കമ്പനി ശക്തമായി തള്ളുകയാണ്. യാത്രക്കാർക്ക് വിതരണം ചെയ്ത ഭക്ഷണം നിലവാരമുള്ളതായിരുന്നു. അംഗീകൃതരായ ആളുകളിൽ നിന്നാണ് ഭക്ഷണം വാങ്ങിയത്. സ്പൈസ്ജെറ്റിന് മാത്രമല്ല, നിരവധി എയർലൈൻസിന് ഭക്ഷണം വിതരണം നൽകുന്നത് ഇവരാണ്. ടെർമിനലിലെ യാത്രക്കാർക്ക് വിതരണം ചെയ്യുന്ന ഭക്ഷണവും ഇവരുടേതാണ്. ഞങ്ങളുടെ ഗ്രൗണ്ട് സ്റ്റാഫ് ഉത്തരവാദിത്തങ്ങൾ വളരെ നല്ല രീതിയിലാണ് കൈകാര്യം ചെയ്യാറുള്ളത്. വിഡിയോയിലുള്ളത് നിർഭാഗ്യകരമായ സംഭവമാണ്. ഞങ്ങളുടെ ജീവനക്കാരനെതിരെ ഉണ്ടായത് അംഗീകരിക്കാൻ കഴിയില്ല. അതിനെ അപലപിക്കുന്നു. വിഡിയോയിൽ കാണുന്നത് പോലെ ജീവനക്കാരൻ ശാന്തനായി പ്രതികരിച്ചു. ചീത്തവിളി കേട്ടിട്ടും കയ്യേറ്റം നേരിട്ടിട്ടും അദ്ദേഹം മോശമായി പ്രതികരിച്ചില്ല. അദ്ദേഹത്തിനൊപ്പം ഉറച്ചുനിൽക്കുന്നു.”- സ്പൈസ് ജെറ്റ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.