Madhav Gadgil: പശ്ചിമഘട്ടത്തിൻ്റെ അൺപെയ്ഡ് ബ്രാൻഡ് അംബാസിഡർ; മാധവ് ഗാഡ്ഗിലിനെ ഓർമ്മിക്കുമ്പോൾ
Remembering Madhav Gadgil: പശ്ചിമഘട്ടത്തിൻ്റെ അൺപെയ്ഡ് ബ്രാൻഡ് അംബാസിഡറായിരുന്നു മാധവ് ഗാഡ്ഗിൽ. സമീപകാലത്തൊക്കെ ഇടയ്ക്കിടെ ഉയർന്നുകേട്ട ഒരു പേര്.

മാധവ് ഗാഡ്ഗിൽ
പശ്ചിമഘട്ടം പൂർണമായും സംരക്ഷിക്കപ്പെടണമെന്ന ഗാഡ്ഗിൽ റിപ്പോർട്ടും അതിനെതുടർന്നുണ്ടായ പ്രതിഷേധവും പിന്നാലെവന്ന കസ്തൂരിരംഗൻ റിപ്പോർട്ടുമൊക്കെ കേരളത്തിൻ്റെയുൾപ്പെടെ സമീപകാല ചരിത്രത്തിൻ്റെ ഒരേടാണ്. കാലം തെറ്റിയുള്ള മഴയും വെള്ളപ്പൊക്കവുമൊക്കെ ജനജീവിതം ദുസ്സഹമാക്കുമ്പോൾ ഉയർന്നുകേൾക്കുന്ന ഒരു പേരാണ് മാധവ് ഗാഡ്ഗിൽ. അദ്ദേഹം അല്പസമയം മുൻപ് അന്തരിച്ചു.
പരിസ്ഥിതി ശാസ്ത്രജ്ഞനും എഴുത്തുകാരനും അധ്യാപകനുമാണ് മാധവ് ധനഞ്ജയ ഗാഡ്ഗിൽ. 1942 മെയ് 24ന് മഹാരാഷ്ട്രയിലെ പൂനെയിലാണ് അദ്ദേഹത്തിൻ്റെ ജനനം. പൂനെ, മുംബൈ സർവകലാശാലകളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഗാഡ്ഗിൽ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പരിസ്ഥിതി ശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. ഗണിതശാസ്ത്ര മാതൃകകൾ ഉപയോഗിച്ച് പരിസ്ഥിതിയെ പഠിക്കുന്നതിലായിരുന്നു അദ്ദേഹത്തിൻ്റെ താത്പര്യം.
Also Read: Madhav Gadgil Demise: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു
അക്കാഡമിസ്റ്റുകൾക്കും ബുദ്ധിജീവികൾക്കുമിടയിൽ പ്രശസ്തനായിരുന്ന മാധവ് ഗാഡ്ഗിൽ സാധാരണക്കാർക്ക് സുപരിചിതനായത് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷൻ എന്ന നിലയിലായിരുന്നു. 2010ലാണ് ഗാഡ്ഗിലിനെ അധ്യക്ഷനാക്കി കേന്ദ്രസർക്കാർ ഈ സമിതിയ്ക്ക് രൂപം നൽകിയത്. പശ്ചിമഘട്ട മേഖലയപ്പെറ്റി പഠിച്ച ഗാഡ്ഗിലും സംഘവും തയ്യാറാക്കിയ റിപ്പോർട്ട് രാജ്യവ്യാപകമായ കോളിളക്കങ്ങളുണ്ടാക്കി. മുഴുവൻ പശ്ചിമഘട്ടത്തെയും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്നും മേഖലകളെ മൂന്നായി തിരിച്ച് അതിതീവ്ര മേഖലകളിൽ ഖനനം, ക്വാറികൾ, വൻകിട അണക്കെട്ടുകൾ എന്നിവ നിരോധിക്കണം എന്നുമുള്ള നിർദ്ദേശങ്ങൾക്കെതിരെ വ്യാപക എതിർപ്പുയർന്നു. അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയ്ക്ക് അദ്ദേഹം എതിരായിരുന്നു. ഇതും വിമർശിക്കപ്പെട്ടു.
റിപ്പോർട്ട് നടപ്പാക്കിയാൽ അത് വികസനത്തെ തടസ്സപ്പെടുത്തുമെന്നും ജനങ്ങളെ കുടിയിറക്കുമെന്നുമായിരുന്നു പ്രതിഷേധങ്ങൾ. പ്രതിഷേധങ്ങൾക്ക് ശക്തിപ്രാപിച്ചതോടെ സർക്കാർ ഈ റിപ്പോർട്ട് തള്ളി. പശ്ചിമഘട്ടത്തിൻ്റെ 37 ശതമാനം മാത്രം സംരക്ഷിച്ചാൽ മതിയെന്ന കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. ഗാഡ്ഗിലിൻ്റെ റിപ്പോർട്ടനുസരിച്ച് പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്നുണ്ടാവുന്ന പ്രകൃതിക്ഷോഭങ്ങളിൽ പലതും സംഭവിക്കില്ലായിരുന്നു എന്നാണ് പൊതുവായ നിരീക്ഷണം.