5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Mallikarjun Kharge: മോദിയെ താഴെയിറക്കും വരെ മരിക്കില്ല; പ്രസംഗത്തിനിടെ ഖാര്‍ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം

Mallikarjun Kharge Against Modi: വേദിയിലുണ്ടായിരുന്ന നേതാക്കളുടെ സഹായത്തോടെ പ്രസംഗം തുടരാന്‍ ഖാര്‍ഗെ ശ്രമിച്ചെങ്കിലും വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മോദിയെ താഴെയിറക്കുന്നത് വരെ താന്‍ മരിക്കില്ലെന്നും ഖാര്‍ഗെ വേദിയില്‍ പറഞ്ഞു.

Mallikarjun Kharge: മോദിയെ താഴെയിറക്കും വരെ മരിക്കില്ല; പ്രസംഗത്തിനിടെ ഖാര്‍ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം
മല്ലികാര്‍ജുന്‍ ഖാര്‍ഗെ (Image Credits: PTI)
shiji-mk
SHIJI M K | Published: 29 Sep 2024 15:36 PM

കത്വ: ജമ്മു കശ്മീരിലെ കത്വയിലെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ സംസാരിക്കുന്നതിനിടെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് (Mallikarjun Kharge) ദേഹാസ്വാസ്ഥ്യം. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഇതേതുടര്‍ന്ന് ഉടന്‍ തന്നെ വേദിയിലുണ്ടായിരുന്ന നേതാക്കളെത്തി ഖാര്‍ഗെയെ കസേരയിലേക്കിരുത്തി. പ്രസംഗം ആരംഭിച്ചപ്പോള്‍ മുതല്‍ ഖാര്‍ഗെ അസ്വസ്ഥനായിരുന്നുവെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. പ്രസംഗിക്കുന്നതിനിടെയിലാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.

വേദിയിലുണ്ടായിരുന്ന നേതാക്കളുടെ സഹായത്തോടെ പ്രസംഗം തുടരാന്‍ ഖാര്‍ഗെ ശ്രമിച്ചെങ്കിലും വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മോദിയെ താഴെയിറക്കുന്നത് വരെ താന്‍ മരിക്കില്ലെന്നും ഖാര്‍ഗെ വേദിയില്‍ പറഞ്ഞു.

ഖാര്‍ഗെ വേദിയില്‍ പ്രസംഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍

‘എനിക്ക് 83 വയസായി, എന്നാല്‍ പെട്ടെന്ന് തന്നെ മരിക്കുമെന്ന് കരുതേണ്ടാ, മോദിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുന്നത് വരെ ഞാന്‍ ജീവനോടെ ഉണ്ടാകും,’ ഖാര്‍ഗെ പറഞ്ഞു. ജമ്മു കശ്മീരിനെ സംസ്ഥാന പദിവിയിലേക്ക് എത്തിക്കുന്നതിന് തങ്ങള്‍ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖാര്‍ഗെ വേദിയില്‍ പ്രസംഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍

അതേസമയം, ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും സംസ്ഥാന പദവി പുനസ്ഥാപിച്ചില്ലെങ്കില്‍ ഇന്ത്യാ സഖ്യം ലോക്‌സഭയിലും രാജ്യസഭയിലും പ്രകമ്പനം സൃഷ്ടിക്കുമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞിരുന്നു. ജമ്മു കശ്മീരിലെ ജനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ കടുത്ത അനീതിയാണ് ചെയ്തത്. ലെഫ്റ്റനന്റ് ഗവര്‍ണറുടെ സഹായത്തോടെ പുറത്തുള്ളവര്‍ക്ക് നേട്ടമുണ്ടാക്കുന്നതിനായാണ് സംസ്ഥാനപദവി എടുത്തുകളഞ്ഞതെന്നും രാഹുല്‍ ആരോപിച്ചു.

ഖാര്‍ഗെ വേദിയില്‍ പ്രസംഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍

ജമ്മു കശ്മീരില്‍ പുതിയ നയങ്ങള്‍ രൂപീകരിച്ചിരിക്കുന്നത് പുറത്തുള്ളവര്‍ക്ക് വേണ്ടിയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

അതേസമയം, ജമ്മു കശ്മീരില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ഭൂരിപക്ഷ സര്‍ക്കാര്‍ ഇതാദ്യമായി അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജമ്മുവിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്. അഴിമതിയും വിഭാഗീതയും ഭീകരതയുമില്ലാത്ത ഭരണമാണ് ജമ്മുവിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി എന്നീ പാര്‍ട്ടികള്‍ ഭരണഘടനയുടെ ശത്രുക്കളാണെന്നും മോദി പറഞ്ഞു.

Also Read: Nepal floods: നേപ്പാളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 112 പേർ മരിച്ചു; ബീഹാറിൽ ജാഗ്രതാ നിർദേശം

അതേസമയം, സെപ്റ്റംബര്‍ 18നാണ് ജമ്മു കശ്മീരില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. 24 മണ്ഡലങ്ങളിലായിരുന്നു ആദ്യഘട്ടത്തില്‍ വിധിയെഴുതിയത്. ഒക്ടോബര്‍ ഒന്നിനാണ് അവസാന ഘട്ട വോട്ടെടുപ്പ്. അടുത്ത മാസം എട്ടിന് വോട്ടെണ്ണല്‍. പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ജമ്മു കശ്മീരില്‍ വോട്ടെടുപ്പ് നടക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്. 90 മണ്ഡലങ്ങളാണ് ജമ്മു കശ്മീരില്‍ ആകെ ഉള്ളത്.

Latest News