Parlour Stroke: മുടിവെട്ടിയ ശേഷം ഫ്രീ മസാജ്; സ്‌ട്രോക്ക് വന്ന് മുപ്പതുകാരന്‍ ആശുപത്രിയില്‍
What is Stroke: മസാജ് ചെയ്തതിന്റെ ഭാഗമായി കഴുത്ത് വെട്ടിച്ചപ്പോള്‍ തലച്ചോറിലേക്കും തലയുടെ മറ്റ് ഭാഗങ്ങളിലേക്കും രക്തമെത്തിക്കുന്ന കരോട്ടിഡ് ധമനിയ്ക്ക് പൊട്ടലുണ്ടായി. ഇതോടെ രക്തയോട്ടം കുറഞ്ഞതാണ് സ്‌ട്രോക്കിന് കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
ബെംഗളൂരു: മുടിവെട്ടിയ ശേഷം ബാര്‍ബര്‍ നല്‍കിയ ഫ്രീ മസാജിനെ തുടര്‍ന്ന് മുപ്പത് വയസുകാരന് സ്‌ട്രോക്ക് (Parlour Stroke). കര്‍ണാടകയിലെ ബെല്ലാരിയിലാണ് സംഭവം. സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് തനിക്ക് രണ്ടുമാസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നതായാണ് യുവാവ് പറയുന്നത്. മുടിവെട്ടി കഴിഞ്ഞതിന് ശേഷം ബാര്‍ബര്‍ തല മസാജ് ചെയ്തിരുന്നു. ഇങ്ങനെ മസാജ് ചെയ്ത് തരുന്നത് ഇവിടെ പതിവാണ്. എന്നാല്‍ മസാജിനൊടുവില്‍ ബാര്‍ബര്‍ കഴുത്ത് രണ്ട് ഭാഗത്തേക്കും വെട്ടിച്ചു. ഇതോടെയാണ് തനിക്ക് വേദന ആരംഭിച്ചതെന്ന് യുവാവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വേദന മാറുമെന്നാണ് തുടക്കത്തില്‍ കരുതിയത്. എന്നാല്‍ വീട്ടിലെത്തിയതിന് പിന്നാലെ വേദന ശക്തമാകാന്‍ തുടങ്ങി. നിലതെറ്റാനും സംസാരിക്കാന്‍ സാധിക്കാതെ ആവുകയും ഇടത് വശം തളരുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.
മസാജ് ചെയ്തതിന്റെ ഭാഗമായി കഴുത്ത് വെട്ടിച്ചപ്പോള്‍ തലച്ചോറിലേക്കും തലയുടെ മറ്റ് ഭാഗങ്ങളിലേക്കും രക്തമെത്തിക്കുന്ന കരോട്ടിഡ് ധമനിയ്ക്ക് പൊട്ടലുണ്ടായി. ഇതോടെ രക്തയോട്ടം കുറഞ്ഞതാണ് സ്‌ട്രോക്കിന് കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. മറ്റ് സ്‌ട്രോക്കുകളില്‍ നിന്ന് വ്യത്യസ്തമാണ് ഇത്തരം സ്‌ട്രോക്കെന്ന് ആസ്റ്റര്‍ ആര്‍ വി ആശുപത്രിയിലെ ഡോ. ശ്രീകാന്ത സ്വാമി പറഞ്ഞു. കഴുത്ത് വെട്ടിച്ചതാണ് രക്തക്കുഴലുകള്‍ക്ക് കേടുപാട് സംഭവിക്കാന്‍ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്താണ് സ്‌ട്രോക്ക്
തലച്ചോറിനുണ്ടാകുന്ന അറ്റാക്ക് ആണ് സ്‌ട്രോക്ക്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുമ്പോഴാണ് സ്‌ട്രോക്ക് വരുന്നത്. ഇങ്ങനെ സ്‌ട്രോക്ക് വരുന്നതിലൂടെ മസ്തിഷ്‌ക കോശങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭിക്കാതെ വരികയും അവ നശിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ഏത് ഭാഗത്തെ കോശങ്ങളാണോ ആദ്യം നശിച്ച് തുടങ്ങുന്നത് ആ ഭാഗം നിയന്ത്രിക്കുന്ന പ്രവര്‍ത്തനങ്ങളായിരിക്കും ആദ്യം നിശ്ചലമാവുക. ഇതോടെ ഓര്‍മ, കാഴ്ച, കേള്‍വി, പേശീനിയന്ത്രണം എന്നീ കഴിവുകള്‍ക്ക് തടസം നേരിടും. സ്‌ട്രോക്ക് രോഗിയെ ബാധിക്കുന്നത് തലച്ചോറിന് എത്രമാത്രം ക്ഷതം സംഭവിച്ചിട്ടുണ്ട് എന്നതിന് അനുസരിച്ചാണ്.
സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍
- പക്ഷാഘാതം
- ശരീരത്തിന്റെ ഒരു വശത്തുണ്ടാകുന്ന തളര്‍ച്ച
- കൈകാലുകള്‍, മുഖം എന്നിവയ്ക്കുണ്ടാകുന്ന ബലക്ഷയം
- സംസാരിക്കുന്നതില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട്
- സംസാരം തിരിച്ചറിയുന്നതിനോ വാക്കുകള്‍ കൃത്യമായി പറയാനോ ഉള്ള ബുദ്ധിമുട്ട്
- പെട്ടെന്നുണ്ടാകുന്ന കാഴ്ചമങ്ങല്‍ അല്ലെങ്കില്‍ രണ്ടായി കാണുക
- നടക്കുന്നതിനുള്ള ബുദ്ധിമുട്ട്
- ശരീരത്തിന്റെ സന്തുലനം നഷ്ടപ്പെടുന്ന അവസ്ഥ
- പെട്ടെന്നുണ്ടാവുന്ന തലകറക്കം
- പെട്ടെന്നുണ്ടാകുന്ന അസഹനീയമായ തലവേദനയും ഛര്‍ദ്ദിയും
- ബോധക്ഷയം
രോഗ കാരണങ്ങള്‍
- അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍
- വ്യായാമക്കുറവ്
- മദ്യപാനം, പുകവലി
- പാരമ്പര്യം
- രോഗങ്ങള്‍
Also Read: Mayonnaise Side Effects: മയോണൈസ് പ്രേമികളുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ ഹൃദയം അപകടത്തിലാണ്…
രോഗം നിര്‍ണയിക്കാനുള്ള ടെസ്റ്റുകള്‍
- രക്തപരിശോധന
- എംആര്‍ഐ
- സിടി സ്‌കാന്‍
- സെറിബ്രല്‍ ആന്‍ജിയോഗ്രാം
- കരോട്ടിഡ് ഡോപ്ലര്‍
- ഇലക്ട്രോകാര്‍ഡിയോഗ്രാം
- എക്കോ കാര്‍ഡിയോഗ്രാം
പ്രതിരോധം എങ്ങനെ?
ചിട്ടയായ വ്യായാമവും, ആരോഗ്യകരമായ ഭക്ഷണശീലവും പിന്തുടരുന്നതോടൊപ്പം പുകവലി, അമിത മദ്യപാനം എന്നീ ദുശീലങ്ങളും ഉപേക്ഷിക്കുന്നതാണ് രോഗത്തെ തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം. കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, അതിറോസ്‌ക്ലിറോസിസ് എന്നിവയെ നിയന്ത്രണത്തില്‍ നിര്‍ത്തുന്നതും സ്‌ട്രോക്ക് വരാതിരിക്കാന്‍ സഹായിക്കും.