AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tahawwur Hussain Rana: ‘താൻ പാക് സൈന്യത്തിന്‍റെ വിശ്വസ്തൻ, മുംബൈ ഭീകരാക്രമണത്തിലും പങ്കുണ്ട്; വെളിപ്പെടുത്തലുമായി തഹാവൂർ റാണ

Tahawwur Hussain Rana: തനിക്കും ഡേവിഡ് കോൾമാൻ ഹെഡ്ലിക്കും പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-ത്വയ്ബയുമായി നിരവധി പരിശീലന സെഷനുകൾ ഉണ്ടായിരുന്നതായും  റാണ വെളിപ്പെടുത്തി.

Tahawwur Hussain Rana: ‘താൻ പാക് സൈന്യത്തിന്‍റെ വിശ്വസ്തൻ, മുംബൈ ഭീകരാക്രമണത്തിലും പങ്കുണ്ട്; വെളിപ്പെടുത്തലുമായി തഹാവൂർ റാണ
Tahawwur RanaImage Credit source: PTI
nithya
Nithya Vinu | Updated On: 07 Jul 2025 15:11 PM

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ ഹുസൈൻ റാണ. താൻ പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റാണെന്നും സൗദി അറേബ്യയിലേക്ക് രഹസ്യ ദൗത്യത്തിനായി അയച്ചതാണെന്നും റാണല പറഞ്ഞതായി മുംബൈ പോലീസ് വൃത്തങ്ങൾ അറിയിച്ചു.

26/11 ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിൽ എൻഐഎ കസ്റ്റഡിയിലുള്ള തഹാവൂർ റാണയെ മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ തനിക്കും സുഹൃത്തും സഹായിയുമായ ഡേവിഡ് കോൾമാൻ ഹെഡ്ലിക്കും പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-ത്വയ്ബയുമായി നിരവധി പരിശീലന സെഷനുകൾ ഉണ്ടായിരുന്നതായും  റാണ വെളിപ്പെടുത്തി.

തഹാവൂർ ഹുസൈൻ റാണയുടെ വെളിപ്പെടുത്തൽ

പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റാണെന്നും ഇറാഖ് കുവൈത്ത് അധിനിവേശ സമയത്ത് സൗദി അറേബ്യയിലേക്ക് ഒരു രഹസ്യ ദൗത്യത്തിനായി അയച്ചതാണെന്നും റാണ പറഞ്ഞു. 1986-ൽ റാവൽപിണ്ടിയിലെ ആർമി മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയതായും തുടർന്ന് ക്വറ്റയിൽ ക്യാപ്റ്റനായി (ഡോക്ടർ) നിയമിതനായെന്നും റാണ പറഞ്ഞു. സിന്ധ്, ബലൂചിസ്ഥാൻ, ബഹവൽപൂർ, സിയാച്ചിൻ-ബലോത്ര സെക്ടർ എന്നിവയുൾപ്പെടെ പാകിസ്ഥാനിലെ സെൻസിറ്റീവ് സൈനിക മേഖലകളിൽ ജോലി ചെയ്തിരുന്നതായി റാണ കൂട്ടിച്ചേർത്തു.

26/11 ഗൂഢാലോചനയിലെ പ്രധാനികളായ അബ്ദുൾ റഹ്മാൻ പാഷ, സാജിദ് മിർ, മേജർ ഇഖ്ബാൽ എന്നിവരെ അറിയാമെന്ന് റാണ സമ്മതിച്ചു. ഇവരെല്ലാം പാകിസ്ഥാനുമായി ബന്ധമുള്ളവരും മുംബൈ ആക്രമണത്തിൽ ഉൾപ്പെട്ടവരുമാണ്. 26/11 ഭീകരാക്രമണത്തിലെ പ്രധാന പ്രതിയായ ഡേവിഡ് കോൾമാൻ ഹെഡ്ലിക്ക് ഒപ്പം 2003 നും 2004 നും ഇടയിൽ ലഷ്കർ-ഇ-ത്വയ്ബയുമായി മൂന്ന് പരിശീലന കോഴ്‌സുകളിൽ പങ്കെടുത്തിട്ടുണ്ട്. മുംബൈ ഇമിഗ്രേഷൻ സെന്ററിനെക്കുറിച്ച് ചോദിച്ചപ്പോൾ, അത് ഹെഡ്‌ലിയുടേതല്ല, മറിച്ച് തന്റേതാണെന്ന് റാണ അവകാശപ്പെട്ടതായും മുംബൈ പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

ALSO READ: ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തിന് സമീപം കപ്പലില്‍ സ്‌ഫോടനം

26/11 ആക്രമണത്തിലെ പങ്ക്

26/11 ആക്രമണ സമയത്ത് താൻ മുംബൈയിലുണ്ടായിരുന്നുവെന്നും അത് തീവ്രവാദികളുടെ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും റാണ സമ്മതിച്ചതായി വിവരം. 26/11 ആക്രമണങ്ങൾ പാകിസ്ഥാന്‍റെ ഇന്‍റർ-സർവീസസ് ഇന്‍റലിജൻസുമായി (ഐഎസ്ഐ) സഹകരിച്ചാണ് നടത്തിയതെന്നും റാണ പറഞ്ഞതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

കനേഡിയൻ വ്യവസായിയും പാകിസ്ഥാൻ വംശജനുമായ 64 കാരനായ തഹാവൂർ റാണ, 26/11 ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ അടുത്ത അനുയായിയായിരുന്നു. യുഎസ് പൗരനായ ഹെഡ്‌ലി, ആക്രമണം ആസൂത്രണം ചെയ്ത പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രധാന പ്രവർത്തകനായിരുന്നു. മുംബൈയിലെ രണ്ട് ആഡംബര ഹോട്ടലുകൾ, റെയിൽവേ സ്റ്റേഷൻ,  ജൂത കേന്ദ്രം എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ നടന്ന ഭീകരാക്രമണത്തിൽ 166 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.