Viral News: കണ്‍മുന്നില്‍ കണ്ട കാഴ്ച വിനോദസഞ്ചാരികളെ ഞെട്ടിച്ചു; അത് സിംഹമോ, അതോ നായയോ?
Tibetan Mastiff at Araku Valley: കുറച്ചു നേരത്തേക്ക് തങ്ങളെ ഭയപ്പെടുത്തിയെങ്കിലും മാസ്റ്റിഫ് സുല്‍ത്താനുമായി അവിടെയുണ്ടായിരുന്നവര്‍ പെട്ടെന്ന് കൂട്ടുകൂടി. സിംഹത്തെപ്പോലെ തോന്നിക്കുന്ന നായക്കൊപ്പം ഫോട്ടോ എടുക്കുന്നതിലായിരുന്നു പിന്നീട് പലരുടെയും ശ്രദ്ധ
പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ അരക്കു വാലിയില്‍ വിനോദ സഞ്ചാരികള്‍ ആര്‍ത്തുല്ലസിച്ച് നടക്കുന്ന സമയം. വാരാന്ത്യമായതിനാല്‍ നിരവധി പേര്‍ പ്രദേശത്തുണ്ടായിരുന്നു. പെട്ടെന്ന് ആ അപ്രതീക്ഷിതമായ അതിഥിയെ കണ്ട് എല്ലാവരും ഞെട്ടി. കണ്‍മുന്നിലുള്ളത് സിംഹമാണോ അതോ നായയാണോയെന്നറിയാതെ പലരും അമ്പരന്നു. പിന്നീടാണ് കാര്യം മനസിലായത്. സിംഹത്തിന്റെ രൂപസാദൃശ്യമുള്ള ടിബറ്റന്‍ മാസ്റ്റിഫ് നായ ആയിരുന്നു അത്. അത് സിംഹമാണെന്ന് തെറ്റിദ്ധരിച്ച പലര്‍ക്കും കുറച്ചു നേരത്തേങ്കിലും കിളി പോയി.
ഒടുവില്‍ അത് നായയാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് പലര്‍ക്കും ആശ്വാസമായത്. ഇഷാദ് മദീന വാലി എന്നയാളാണ് മാസ്റ്റിഫ് സുല്‍ത്താന്‍ എന്നു വിളിക്കുന്ന അതിഥിയുമായി താഴ്‌വാരയിലെത്തിയത്. തന്റെ വളര്‍ത്തുനായകൊപ്പം ജീപ്പിലാണ് ഇദ്ദേഹം താഴ് വാരയിലെത്തിയത്.
കുറച്ചു നേരത്തേക്ക് തങ്ങളെ ഭയപ്പെടുത്തിയെങ്കിലും മാസ്റ്റിഫ് സുല്‍ത്താനുമായി അവിടെയുണ്ടായിരുന്നവര്‍ പെട്ടെന്ന് കൂട്ടുകൂടി. സിംഹത്തെപ്പോലെ തോന്നിക്കുന്ന നായക്കൊപ്പം ഫോട്ടോ എടുക്കുന്നതിലായിരുന്നു പിന്നീട് പലരുടെയും ശ്രദ്ധ.
ഭയത്തോടെയാണെങ്കിലും തൊട്ടുനോക്കുന്നതിലായിരുന്നു ചിലര്‍ക്ക് കൗതുകം. സെല്‍ഫിയായാലും, തൊടുന്നതിലായാലും വിനോദസഞ്ചാരികളുടെ ആഗ്രഹപ്രകാരം ഒരു പ്രശ്‌നവുമുണ്ടാക്കാതെ മാസ്റ്റിഫ് സുല്‍ത്താന്‍ നിന്നുകൊടുത്തു.
ടിബറ്റിലും ഹിമാലയന്‍ പ്രദേശങ്ങളിലും കണ്ടുവരുന്ന ഇനമാണ് ടിബറ്റന്‍ മാസ്റ്റിഫ്. ശാന്തനെന്ന് തോന്നിക്കുമെങ്കിലും അക്രമകാരിയാകാറുമുണ്ട്. കട്ടിയുള്ള രോമങ്ങളാണ് ഇവയ്ക്ക് സിംഹത്തെ പോലെ രൂപസാദൃശ്യം നല്‍കുന്നത്. 90 മുതല്‍ 150 പൗണ്ട് വരെയാണ് ഭാരം. ഇവയ്ക്ക് പ്രത്യേക പരിശീലനം നൽകാറുണ്ട്. എന്തായാലും അരക്ക് താഴ്‌വരയിലെ പ്രകൃതിയുടെ മനോഹാരിതയിൽ മാസ്റ്റിഫ് സുല്‍ത്താന്റെ സാന്നിധ്യം വിനോദസഞ്ചാരികൾക്ക് ഒരു മനോഹരമായ അനുഭവമായി മാറി.