ജീവിതം സംസ്കാരത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടി സമർപ്പിച്ച വ്യക്തിത്വം- പ്രധാനമന്ത്രി
രാമജന്മഭൂമി പ്രസ്ഥാനത്തിന് ദിശാബോധവും ഊർജ്ജവും നൽകിയതിന് അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു, അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ അദ്ദേഹത്തിൻ്റെ സംഭാവനകൾ പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു."രാമജന്മഭൂമി പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ ദിശാബോധവും ഊർജ്ജവും തന്നെയാണ് ഇന്ന് അയോധ്യയിലെ മനോഹരമായ ക്ഷേത്രത്തിന് സാക്ഷ്യം വഹിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്," പ്രധാനമന്ത്രി വ്യക്തമാക്കി. മൻ കി ബാത്തിലൂടെയായിരുന്നു അദ്ദേഹം സംസാരിച്ചത്.
ന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്ത് മുൻ അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡൻ്റ് അശോക് സിംഗാളിൻ്റെ ജന്മശതാബ്ദിയിൽ അദ്ദേഹത്തിന് ആദരവ് അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തൻ്റെ ജീവിതം സംസ്കാരത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടി സമർപ്പിച്ച ഒരു മഹാനായ വ്യക്തിത്വമാണ് അദ്ദേഹമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാമജന്മഭൂമി പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകളെയും സാമൂഹിക വിവേചനവും അസമത്വവും പരിഹരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെയും അനുസ്മരിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാമജന്മഭൂമി പ്രസ്ഥാനത്തിന് ദിശാബോധം
സമൂഹത്തിനിടയിൽ ജീവിച്ചപ്പോഴും ഒരു സന്യാസിയെപ്പോലെയാണ് അശോക് സിംഗാൾ ജീവിതം നയിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാമജന്മഭൂമി പ്രസ്ഥാനത്തിന് കൃത്യമായ ദിശാബോധവും ഊർജ്ജവും പകർന്നത് അദ്ദേഹമാണ്. ആ പരിശ്രമങ്ങളുടെ ഫലമാണ് അയോധ്യയിൽ ഇന്ന് കാണുന്ന ഭവ്യമായ രാമക്ഷേത്രമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അയോധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തപ്പോൾ അശോക് സിംഗാളിൻ്റെ ഓർമ്മകൾ മനസ്സിലേക്ക് തുടരെ എത്തിയത് സ്വാഭാവികമായിരുന്നുവെന്നും, അദ്ദേഹത്തിൻ്റെ ജീവിതം അടുത്ത് കാണാനും ആ ദൗത്യത്തിൽ പങ്കാളിയാകാനും സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Also Read: LNG Train: റെയിൽവേയിൽ ചരിത്രനേട്ടം; ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി
പ്രധാനമന്ത്രിയുടെ ട്വീറ്റ്
Shri Ashok Singhal was formidable…firm in conviction and remarkable in his simplicity.
He combined spiritual commitment with tireless organisational work and an unwavering dedication to social unity.
Penned a tribute to him.
https://t.co/Duq6gaFVo0
— Narendra Modi (@narendramodi) September 28, 2026
സാമൂഹിക വിവേചനത്തിനെതിരെ
രാമക്ഷേത്ര പ്രസ്ഥാനത്തിന് പുറമെ, അധികമാരും ശ്രദ്ധിക്കാതെ പോയ അദ്ദേഹത്തിന്റെ മറ്റ് സംഭാവനകളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. സാമൂഹിക വിവേചനത്തിനും അസമത്വത്തിനും എതിരെ അദ്ദേഹം വലിയൊരു പോരാട്ടം തന്നെ നടത്തിയിരുന്നു. ആഗ്രയിലെ സമ്പന്നമായ ഒരു കുടുംബത്തിലാണ് അശോക് സിംഗാൾ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു; സഹോദരങ്ങളും ഉയർന്ന പദവികൾ വഹിച്ചവരാണ്. ഐ.ഐ.ടി ബി.എച്ച്.യുവിൽ നിന്ന് ബിരുദം നേടിയ അശോക് സിംഗാളിന് എല്ലാവിധ സൗകര്യങ്ങളുമുണ്ടായിരുന്നിട്ടും, ജീവിതം മുഴുവൻ സമൂഹത്തിനും സംസ്കാരത്തിനുമായി ഉഴിഞ്ഞുവെക്കുകയാണ് ഉണ്ടായതെന്നും അതാണ് മഹത് വ്യക്തികളുടെ സവിശേഷതയെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.