Viral News: 30 ലക്ഷം ചിലവാക്കി അമേരിക്കയിലേക്ക്; 11 ദിവസത്തിൽ തിരികെ
ആറ് മാസമാണ് യുഎസിൽ എത്താൻ ജസ്പാൽ സിംഗിന് വേണ്ടി വന്ന സമയം. ആദ്യം യൂറോപ്പിലേക്കും പിന്നീട് ബ്രസീലിലേക്കും വിമാനമാർഗ്ഗം യാത്ര ചെയ്തു. ഒടുവിൽ അനധികൃത പാതയിൽ കടന്ന് പിടിക്കെപ്പെട്ടു

അമൃത്സർ: മെച്ചപ്പെട്ട ജീവിതം തേടി അമേരിക്കയിലേക്ക് പോയവരെയാണ് കഴിഞ്ഞ ദിവസം അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്ത് സൈനീക പ്ലെയിനിൽ തിരികെ ഇന്ത്യയിൽ എത്തിച്ചത്. 104 പേരുടെ സംഘത്തിൽ 36 കാരനായ ജസ്പാൽ സിംഗും ഉണ്ടായിരുന്നു. കാലുകളിലും കൈകളിലും ചങ്ങലകളിട്ട് ബന്ധിച്ചാണ് അമേരിക്കൻ വ്യോമസേനയുടെ വിമാനത്തിൽ ആളുകളെ ഇന്ത്യയിലെത്തിച്ചത്. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ഹർദോർവാൾ ഗ്രാമവാസി കൂടിയായ ജസ്പാൽ സിംഗിനെ ജനുവരി 24-നാണ് അമേരിക്കൻ ബോർഡർ പട്രോൾ അറസ്റ്റ് ചെയ്യുന്നത്. ആറ് മാസമാണ് യുഎസിൽ എത്താൻ ജസ്പാൽ സിംഗിന് വേണ്ടി വന്ന സമയം. ആദ്യം യൂറോപ്പിലേക്കും പിന്നീട് ബ്രസീലിലേക്കും വിമാനമാർഗ്ഗം യാത്ര ചെയ്തു.
ഇതിനിടയിൽ പരിചയപ്പെട്ട ഒരു ട്രാവൽ ഏജൻ്റ് യുഎസിലേക്കുള്ള യാത്രയ്ക്ക് നിയമപരമായി ക്രമീകരണം നൽകാമെന്ന് വാഗ്ദാനം നൽകി. ബ്രസീലിൽ എത്തിയ ശേഷം അനധികൃതമായ വഴിയിലൂടെയാണ് അമേരിക്കയിലേക്ക് പ്രവേശിച്ചത്. യാത്രയ്ക്കായി 30 ലക്ഷം രൂപയാണ് സിംഗിന് ചെലവായത്. 11 ദിവസമാണ് ജസ്പാൽ സിംഗ് ജയിലിൽ കിടന്നത്. അമേരിക്കയിലെ അദ്ദേഹത്തിൻ്റെ ആകെയുണ്ടായിരുന്ന ദിവസങ്ങൾ ജയിലിൽ മാത്രമായിരുന്നു. തങ്ങളുടെ മാതൃരാജ്യത്തേക്ക് പറഞ്ഞ് വിടുമെന്ന് അറിയില്ലായിരുന്നെന്നും വിമാനത്തിൽ മാറ്റിയത് മറ്റേതെങ്കിലും ക്യാമ്പിലേക്കായിരിക്കുമെന്നാണ് കരുതിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള വിമാനം ബുധനാഴ്ചയാണ് എത്തിയത്. ഇതിൽ 33 പേർ ഹരിയാനയിൽ നിന്നും, 33 പേർ ഗുജറാത്തിൽ നിന്നും, 30 പേർ പഞ്ചാബിൽ നിന്നും, മൂന്ന് പേർ വീതം മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നും, രണ്ട് പേർ ചണ്ഡീഗഡിൽ നിന്നുമാണ്. സംഘത്തിൽ 19 സ്ത്രീകളും 13 പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു, അവരിൽ നാല് വയസ്സുള്ള ഒരു ആൺകുട്ടിയും അഞ്ച്, ഏഴ് വയസ്സുള്ള രണ്ട് പെൺകുട്ടികളും ഉണ്ട്. പഞ്ചാബിൽ നിന്ന് നാടുകടത്തപ്പെട്ടവരെ അമൃത്സർ വിമാനത്താവളത്തിൽ നിന്ന് പോലീസ് വാഹനങ്ങളിലാണ് സ്വന്തം സ്ഥലങ്ങളിലേക്ക് കൊണ്ടുപോയത്. ഗുജറാത്തിൽ നിന്നുള്ള 33 പേരെ വ്യാഴാഴ്ച അഹമ്മദാബാദ് വിമാനത്താവളത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങളോടെ അതാത് സ്ഥലങ്ങളിലേക്ക് കൊണ്ട് പോയി.