Russia Offers Oil To India: അഞ്ച് ശതമാനം വിലക്കിഴിവിൽ ഇന്ത്യയ്ക്ക് എണ്ണ നൽകും; ട്രംപിൻ്റെ ഭീഷണിക്കിടെ റഷ്യ
Russia Offers 5% Discount On Oil To India: യുക്രൈനിലെ കൂട്ടകുരുതി നടക്കുന്ന സാഹചര്യത്തിൽപ്പോലും റഷ്യയിൽനിന്ന് ഇന്ത്യ കൂടുതൽ ഇന്ധനം വാങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് കുറ്റപ്പെടുത്തികൊണ്ടാണ് ഇന്ത്യക്കെതിരേ ട്രംപ് തീരുവ ഏർപ്പെടുത്തിയത്. ഇന്ത്യക്കെതിരേ ആദ്യം ട്രംപ് 25 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചത്. പിന്നീട് ഇത് 50 ശതമാനമാക്കുകയും ചെയ്തു.
ന്യൂഡൽഹി: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുവ ഭീഷണിക്കിടയിലെ ഇന്ത്യയ്ക്ക് എണ്ണ നൽകാനൊരുങ്ങി റഷ്യ. ഇന്ത്യയ്ക്ക് അഞ്ച് ശതമാനം കിഴിവിൽ എണ്ണ നൽകുമെന്നാണ് റഷ്യ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ റഷ്യൻ വ്യാപാര പ്രതിനിധി എവ്ജെനി ഗ്രിവാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയ്ക്കാണ് അഞ്ച് ശതമാനം വിലക്കിഴവോടെ നൽകുക.
കൂടാതെ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി പഴയതുപോലെ തന്നെ സുഗമമായി നടക്കുമെന്നും അധികൃതർ അറിയിച്ചു. രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിക്കാതെ ഇന്ത്യ-റഷ്യ ഊർജ്ജ സഹകരണം തുടരുമെന്നും ബന്ധത്തിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘അഞ്ച് ശതമാനം ഇളവ് എന്നുള്ളതിൽ മാറ്റം വരാം. കാരണം ഇത് വാണിജ്യ രഹസ്യമാണ്. ബിസിനസുകാർ തമ്മിലുള്ള വിഷയമാണത്’ ഗ്രിവ പറഞ്ഞു.
യുക്രൈനിലെ കൂട്ടകുരുതി നടക്കുന്ന സാഹചര്യത്തിൽപ്പോലും റഷ്യയിൽനിന്ന് ഇന്ത്യ കൂടുതൽ ഇന്ധനം വാങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് കുറ്റപ്പെടുത്തികൊണ്ടാണ് ഇന്ത്യക്കെതിരേ ട്രംപ് തീരുവ ഏർപ്പെടുത്തിയത്. ഇന്ത്യക്കെതിരേ ആദ്യം ട്രംപ് 25 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചത്. പിന്നീട് ഇത് 50 ശതമാനമാക്കുകയും ചെയ്തു. റഷ്യയുടെ എണ്ണ വാങ്ങി ഉക്രെയ്നിലെ യുദ്ധത്തിന് ഇന്ത്യ ധനസഹായം നൽകുന്നുവെന്നായിരുന്നു ആരോപണം.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെതിരായ താക്കീത് അംഗീകരിക്കാൻ ഇന്ത്യ തയ്യാറാവാത്തതിനെ തുടർന്നാണ് വീണ്ടും തീരുവ വർദ്ധിപ്പിച്ചത്. സാമ്പത്തിക സമ്മർദ്ദത്തിന് മുന്നിൽ വഴങ്ങില്ലെന്നാണ് ഇതിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ ഒരു നീക്കവും നടത്തിയില്ലെങ്കിൽ റഷ്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തുമെന്നും അവരുടെ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ ദ്വിതീയ ഉപരോധം ഏർപ്പെടുത്തുമെന്നും അമേരിക്ക നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. റഷ്യയുടെ എണ്ണ ഏറ്റവും കൂടുതൽ വാങ്ങുന്നവരിൽ ചൈനയും ഇന്ത്യയും ഉൾപെടും.