Shocking News: ഡിജെ പാർട്ടിയിൽ നൃത്തം ചെയ്ത 38-കാരൻ കുഴഞ്ഞു വീണു മരിച്ചു
നാട്ടിലെ ഏത് പരിപാടിക്കും മുൻപന്തിയിലുണ്ടായിരുന്ന ഒരാൾ കൂടിയാണ് നായിഡു. പൊതപ്രവർത്തകൻ എന്ന നിലയിൽ നാട്ടിലെ ഏത് പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നതിനും, ഏകോപിപ്പിക്കുന്നതിനും നായിഡുവിന് പ്രത്യേക വൈദഗ്ധ്യം തന്നെയായിരുന്നെന്ന് സുഹൃത്തുക്കൾ
വിവാഹ ആഘോഷത്തിൽ നൃത്തം ചെയ്യുന്നതിനിടയിൽ 38-കാരൻ കുഴഞ്ഞു വീണു മരിച്ചു. ആന്ധ്രാപ്രദേശ് മന്യം ജില്ലയിലെ ബസൂർ ഗ്രാമത്തിലാണ് സംഭവം. സുങ്കരി ബംഗാരു നായിഡു എന്നയാളാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. അയൽവാസിയായ യുവാവിൻ്റെ കല്യാണ ഡിജെ പാർട്ടിയിൽ നൃത്തം ചെയ്തിരുന്ന ബംഗാരു നായിഡു കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർച്ചയായി ഉറക്കമിളച്ചതും ശരീരത്തിന് വിശ്രമമില്ലാതിരുന്നതും മരണത്തിന് കാരണമായെന്ന് ബന്ധുക്കൾ പറയുന്നു.
പെയിൻ്റിംഗ് മേസ്തിരിയായി ജോലി ചെയ്തിരുന്ന നായിഡു ഒരു പൊതു പ്രവർത്തകൻ കൂടിയാണ്. ഗ്രാമത്തിൻ്റെ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാനായും വില്ലേജ് യൂത്ത് അസോസിയേഷൻ പ്രസിഡൻ്റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.അതേസമയം ബംഗാരു നായിഡുവിൻ്റെ നിര്യാണത്തിൽ ബസൂർ ഗ്രാമവും ദുഖത്തിലാണ്ടു.
നാട്ടിലെ ഏത് പരിപാടിക്കും മുൻപന്തിയിലുണ്ടായിരുന്ന ഒരാൾ കൂടിയാണ് നായിഡു. പൊതപ്രവർത്തകൻ എന്ന നിലയിൽ നാട്ടിലെ ഏത് പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നതിനും, ഏകോപിപ്പിക്കുന്നതിനും നായിഡുവിന് പ്രത്യേക വൈദഗ്ധ്യം തന്നെയായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. ഞെട്ടലോടെയാണ് ഗ്രാമവാസികൾ പലരും നായിഡുവിൻ്റെ വിയോഗം അറിഞ്ഞത്. ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് നായിഡുവിൻ്റെ കുടുംബം.