26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്
Sonam Wangchuk Calls Off 26-Day Fast After High-Level Talks With Union Ministers: സമരം അവസാനിപ്പിക്കുന്നതിനായി കേന്ദ്രമന്ത്രിമാര്‍ക്ക് മുന്നില്‍ വെച്ച എല്ലാ നിബന്ധനകളും വ്യക്തമാക്കി വിശദമായ ഒരു വീഡിയോ ഉടന്‍ പുറത്തിറക്കും, അതുവരെ രാജ്യത്തിന്റെ ഒരുഭാഗത്തും അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും സോനം വാങ്ചുക്ക്.
ന്യൂഡല്‍ഹി: 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്. ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്. നിരാഹാര സമരം പിന്‍വലിക്കുന്നതിന് തൊട്ടുമുമ്പായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെത്തി സോനം വാങ്ചുക്കിനെ കേന്ദ്രമന്ത്രിമാരായ ജെപി നദ്ദയും ജിതേന്ദ്ര സിങും സന്ദര്‍ശിച്ചിരുന്നു. മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചത്.
മന്ത്രിമാരുമായി സോനം വാങ്ചുക്ക് സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യത്തില്‍ നിരാഹാര സമരം അവസാനിപ്പിച്ചതായി സോനം വാങ്ചുക്ക് എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചു.
കേന്ദ്രമന്ത്രിമാരായ ജെപി നദ്ദ, ഡോ. ജിതേന്ദ്ര സിങ്, ലേ ലഡാക്കിലെ അപക്‌സ് ബോഡിയിലെ മുതിര്‍ന്ന നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ 26 ദിവസത്തെ നിരാഹാരം സമരം അവസാനിപ്പിച്ചു. നിരാഹാര സമയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 65 എംപിമാര്‍ നേരിട്ടെത്തുകയും കത്തുകള്‍ അയക്കുകയും ചെയ്തിരുന്നു. വിവിധ നിബന്ധനകളുമായി ബന്ധപ്പെട്ട് ദീര്‍ഘമായ ചര്‍ച്ചകള്‍ക്കും രാജ്യത്ത് അക്രമസാധ്യത വര്‍ധിക്കുന്ന സാഹചര്യവും കണക്കിലെടുത്താണ് നിരാഹാരം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തത്.
സമരം അവസാനിപ്പിക്കുന്നതിനായി കേന്ദ്രമന്ത്രിമാര്‍ക്ക് മുന്നില്‍ വെച്ച എല്ലാ നിബന്ധനകളും വ്യക്തമാക്കി വിശദമായ ഒരു വീഡിയോ ഉടന്‍ പുറത്തിറക്കും, അതുവരെ രാജ്യത്തിന്റെ ഒരുഭാഗത്തും അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും സോനം വാങ്ചുക്ക്.
സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചതില്‍ തനിക്ക് ആശ്വാസവും നന്ദിയും ഉണ്ടെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ പറഞ്ഞു. സ്വന്തം ജീവന്‍ പണയപ്പെടുത്തി ഒരു രാജ്യത്തിന്റെ മുഴുവന്‍ മനസാക്ഷിയെയും അദ്ദേഹം ഉണര്‍ത്തി, നിങ്ങളുടെ ജീവന്‍ ഈ രാജ്യത്തിന് വളരെ വിലപ്പെട്ടതാണെന്നാണ് അഭിജിത് ദീപ്‌കെ പറഞ്ഞത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ദീപ്‌കെ കൂട്ടിച്ചേര്‍ത്തു.
നന്ദി പറഞ്ഞ് വാങ്ചുക്ക്
ഉപവാസം അവസാനിപ്പിച്ചതിന് പിന്നാലെ സോനം വാങ്ചുക്ക് എല്ലാവരോടുമായി നന്ദി അറിയിച്ചു. ഉപവാസനം അവസാനിപ്പിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് നന്ദിയും സന്തോഷവുമുണ്ട്. ഗീതാഞ്ജലി (ഭാര്യ) എപ്പോഴും തന്നോടൊപ്പമുണ്ടായിരുന്നു, നന്ദി പറയുകയല്ല, തന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം.
English Summary
Sonam Wangchuk ended his 26-day hunger strike after talks with the Centre. He broke his fast in the presence of Union ministers and Ladakh leaders. Wangchuk said he would soon explain the conditions behind his decision. He also appealed to people to maintain peace and avoid violence.