സ്റ്റേ നൽകാൻ വിസമ്മതിച്ച് സുപ്രീം കോടതി; യു.പി.ഐ ഇടപാടുകൾക്ക് ഫീസ് നൽകേണ്ടിവരും
No Relief on UPI Merchant Fees: SC Denies Stay, Seeks Centre's Response: പുതിയ സർവീസ് ചാർജ് കൊണ്ടുവരാനുണ്ടായ കാരണം എന്താണെന്ന് വിശദീകരിക്കുന്ന സത്യവാങ്മൂലം നൽകാനാണ് കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതൊരു നിയമപ്രശ്നം എന്നതിലുപരി സാങ്കേതികമായ വിഷയമാണെന്നാണ് കോടതിയുടെ നിരീക്ഷണം. അതേസമയം, യു.പി.ഐ ഉപയോഗിക്കുന്ന 96 ശതമാനം ആളുകളെയും ഈ ചാർജ് ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എൻ. വെങ്കിട്ടരാമൻ കോടതിയെ അറിയിച്ചു
ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ മർച്ചൻ്റ് ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് സ്റ്റേ നൽകാൻ വിസമ്മതിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിഷയത്തിൽ നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോടും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോടും മറ്റ് ബന്ധപ്പെട്ട അധികാരികളോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
പുതിയ സർവീസ് ചാർജ് കൊണ്ടുവരാനുണ്ടായ കാരണം എന്താണെന്ന് വിശദീകരിക്കുന്ന സത്യവാങ്മൂലം നൽകാനാണ് കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതൊരു നിയമപ്രശ്നം എന്നതിലുപരി സാങ്കേതികമായ വിഷയമാണെന്നാണ് കോടതിയുടെ നിരീക്ഷണം. അതേസമയം, യു.പി.ഐ ഉപയോഗിക്കുന്ന 96 ശതമാനം ആളുകളെയും ഈ ചാർജ് ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എൻ. വെങ്കിട്ടരാമൻ കോടതിയെ അറിയിച്ചു.
Also Read: VIDEO: ‘തായ്മാമൻ ജോസഫ് വിജയ്’; നവജാത ശിശുക്കൾക്കുള്ള സ്വർണ്ണ മോതിര വിതരണത്തിന് മധുരയിൽ തുടക്കം
ആറ് വർഷത്തോളമായി പൂർണ്ണമായും സൗജന്യമായിരുന്ന യു.പി.ഐ പേയ്മെൻ്റുകളിലാണ് ഒക്ടോബർ 15 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്. 2,000 രൂപയ്ക്ക് മുകളിലുള്ള മർച്ചൻ്റ് ഇടപാടുകൾക്ക് 0.4 ശതമാനം ഫീസാണ് ഇടാക്കുക. എന്നാൽ ഈ തുക ഉപഭോക്താക്കൾ നൽകേണ്ടതില്ല, മറിച്ച് കച്ചവടക്കാരിൽ നിന്നാണ് ഈടാക്കുക. വ്യക്തികൾ തമ്മിലുള്ള പണമിടപാടുകൾക്കും, 2,000 രൂപ വരെയുള്ള കടകളിലെ ഇടപാടുകൾക്കും തുടർന്നും യാതൊരുവിധ ഫീസും ഈടാക്കില്ല. 75,000 രൂപയോ അതിന് മുകളിലോ ഉള്ള വലിയ ഇടപാടുകൾക്ക് ഈടാക്കുന്ന പരമാവധി തുക 300 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.
ചില പ്രത്യേക മേഖലകൾക്ക് ഈ നിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം, കാർഷികം തുടങ്ങിയ മേഖലകളിൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഓരോന്നിനും 5 രൂപ എന്ന നിരക്കിലായിരിക്കും ഫീസ് ഈടാക്കുക. കൂടാതെ മ്യൂച്വൽ ഫണ്ടുകൾ, സെക്യൂരിറ്റികൾ, സ്റ്റോക്ക് ബ്രോക്കർമാർ എന്നിവയ്ക്കുള്ള പേയ്‌മെൻ്റുകൾക്ക് 0.02 ശതമാനം ഫീസായിരിക്കും ഈടാക്കുക. ഇവിടെയും പരമാവധി ഈടാക്കുന്ന തുക 300 രൂപയായിരിക്കും.
English Summary
The Supreme Court refused to stay the Centre’s decision to levy a 0.4% fee on UPI merchant transactions above Rs 2,000, seeking a detailed explanation from the government within four weeks.