Generic Drug Tariff: ജനറിക് മരുന്നുകള്‍ക്ക് 200% തീരുവ; ട്രംപിന്റെ താരിഫ് യുദ്ധം ഇന്ത്യയെ ബാധിക്കും
India May Face 200% Tariff Under Trump’s New Generic Drug Import Plan: ഓഗസ്റ്റ് ഒന്ന് മുതല്‍ ഘട്ടം ഘട്ടമായി താരിഫ് നടപ്പാക്കാനാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് പറഞ്ഞു. ആദ്യ രണ്ട് വര്‍ഷങ്ങളില്‍ അമേരിക്കയിലേക്ക് എത്തുന്ന എല്ലാ ജനറിക് മരുന്നുകള്‍ക്കും പൂജ്യം ശതമാനമായിരിക്കും താരിഫ്.

നരേന്ദ്ര മോദി, ഡൊണാൾഡ് ട്രംപ്
ന്യൂഡല്‍ഹി: ജനറിക് മരുന്നുകള്‍ക്ക് 2028 ഓഗസ്റ്റ് മുതല്‍ ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ഇത്തരം മരുന്നുകള്‍ നിര്‍ത്തലാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുവ ഏര്‍പ്പെടുത്തുന്നതെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ ഈ തീരുവ ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്ന രാജ്യങ്ങളില്‍ ഒന്നായി മാറാന്‍ പോകുകയാണ് ഇന്ത്യ. യുഎസിലേക്ക് ജനറിക് മരുന്നുകള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം.
ഓഗസ്റ്റ് ഒന്ന് മുതല്‍ ഘട്ടം ഘട്ടമായി താരിഫ് നടപ്പാക്കാനാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് പറഞ്ഞു. ആദ്യ രണ്ട് വര്‍ഷങ്ങളില്‍ അമേരിക്കയിലേക്ക് എത്തുന്ന എല്ലാ ജനറിക് മരുന്നുകള്‍ക്കും പൂജ്യം ശതമാനമായിരിക്കും താരിഫ്. എന്നാല്‍ മൂന്നാം വര്‍ഷം മുതല്‍ താരിഫ് 100 ശതമാനവും പിന്നീട് 200 ശതമാനവും ആയിരിക്കുമെന്നും ട്രംപ്.
ജനറിക് മരുന്നുകള്‍ക്ക് താരിഫ്
2026 ഓഗസ്റ്റ് 1 മുതല്‍ അമേരിക്കയിലേക്ക് എത്തുന്ന എല്ലാ ജനറിക് മരുന്നുകള്‍ക്കും പൂജ്യം ശതമാനമായിരിക്കും താരിഫ്. രണ്ട് വര്‍ഷത്തേക്കാണ് ഈ താരിഫ് നിലനില്‍ക്കുക. എന്നാല്‍ അതിന് ശേഷം ഒരു വര്‍ഷത്തേക്ക് താരിഫ് 100 ശതമാനം ഏര്‍പ്പെടുത്തും, അതുകഴിഞ്ഞ 200 ശതമാനമായി ഉയര്‍ത്തുമെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയിലെ ജനറിക് ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പാദനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. നല്‍കിയിരിക്കുന്ന സമയപരിധിക്കുള്ളില്‍ പ്ലാന്റുകള്‍ നിര്‍മിക്കാതിരിക്കുന്ന കമ്പനികള്‍ക്ക് മേല്‍ പിഴ ചുമത്താനും ട്രംപ് പദ്ധതിയിടുന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ നയത്തിന് പിന്നിലെ ലക്ഷ്യമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
താരിഫ് ഇന്ത്യയെ എങ്ങനെ ബാധിക്കും?
ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് ജനറിക് മരുന്നുകള്‍ വിതരണം ചെയ്യുന്നതില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. അതിനാല്‍ തന്നെ ലോകത്തിന്റെ ഫാര്‍മസി എന്നൊരു പേര് കൂടി ഇന്ത്യയ്ക്കുണ്ട്. ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കയറ്റിയയക്കുന്ന ജനറിക് മരുന്നുകളുടെ അളവ് ഏകദേശം 40 ശതമാനമാണ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ യുഎസിലേക്ക് 9.7 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് കയറ്റുമതി ചെയ്തിട്ടുണ്ട്. ഇത് മൊത്തം ആഗോള ഫാര്‍മ കയറ്റുമതിയായ 25.8 ബില്യണ്‍ യുഎസ് ഡോളറിന്റെ 38 ശതമാനമാണെന്ന് ഗ്ലോബല്‍ ട്രേഡ് റിസര്‍ട്ട് ഇനിഷ്യേറ്റീവ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദം, വിഷാദം, പ്രമേഹം, ക്യാന്‍സര്‍, പകര്‍ച്ചവ്യാധികള്‍, മാനസികാരോഗ്യം എന്നിവയ്ക്ക് ഇന്ത്യന്‍ ജനറിക് മരുന്നുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ജനന നിയന്ത്രണ മരുന്നുകളില്‍, 2024ല്‍ യുഎസ് വിറ്റഴിഞ്ഞ 65 ശതമാനം വരുന്നുകളും നിര്‍മിച്ച് ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, ലുപിന്‍ ലിമിറ്റഡ് എന്നീ രണ്ട് ഇന്ത്യന്‍ കമ്പനികളാണെന്നാണ് വിവരം.
അതേസമയം, ഫാര്‍മ വിതരണക്കാര്‍ക്ക് താരിഫ് ഏര്‍പ്പെടുത്തണമെന്ന ട്രംപിന്റെ പ്രഖ്യാപനവും ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയിരുന്നു. നിലവില്‍ വരാന്‍ പോകുന്ന താരിഫ് യുഎസിലേക്കുള്ള മരുന്ന് കയറ്റുമതിയില്‍ നിന്നും ഭൂരിഭാഗം കമ്പനികളെയും പിന്നോട്ട് വലിക്കാനാണ് സാധ്യത.
English Summary
Donald Trump has proposed a new tariff plan targeting generic medicines imported into the US. The proposal could impose import duties of up to 200% on affected products. India, a major exporter of generic drugs to the US, may face significant challenges if the plan is implemented. The proposal has raised concerns across the pharmaceutical industry.