COVID 19 vaccine: ആ മരണങ്ങള്‍ക്ക് പിന്നില്‍ കോവിഡ് വാക്‌സിനല്ല, വ്യക്തമാക്കി കേന്ദ്രം
No linkage between COVID-19 vaccine and sudden deaths: മഹാമാരിയുടെ സമയത്ത് നിരവധി ജീവനുകള്‍ രക്ഷിച്ച വാക്‌സിനുകളിലുള്ള പൊതുജനങ്ങളുടെ വിശ്വാസം തെളിവുകളില്ലാതെ പ്രചരിപ്പിക്കുന്ന ഊഹാപോഹങ്ങളിലൂടെ ദുര്‍ബലമായേക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു. ഇത്തരം അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകള്‍ പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും
ന്യൂഡല്‍ഹി: രാജ്യത്ത് പെട്ടെന്നുണ്ടാകുന്ന മരണങ്ങള്‍ക്ക് പിന്നില്‍ കോവിഡ് വാക്‌സിന്‍ അല്ലെന്ന് പഠനങ്ങളിലൂടെ സ്ഥിരീകരിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍), നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും (എന്‍സിഡിസി). പെട്ടെന്നുണ്ടാകുന്ന മരണങ്ങളെ സംബന്ധിച്ച് രാജ്യത്തെ നിരവധി ഏജന്‍സികള്‍ അന്വേഷിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ് റിലീസിലൂടെ വ്യക്തമാക്കി. വാക്‌സിനേഷനും മരണങ്ങളും തമ്മില്‍ നേരിട്ട് ബന്ധമില്ലെന്ന് ഈ പഠനങ്ങളിലൂടെയാണ് സ്ഥിരീകരിച്ചത്. ഇന്ത്യയിലെ കോവിഡ് വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്നും വളരെ അപൂർവമായി മാത്രമേ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകൂവെന്നും ഐസിഎംആറും, എന്‍സിഡിസിയും സ്ഥിരീകരിച്ചു.
ജനറ്റിക്‌സ്, ജീവിതശൈലി, മുമ്പുണ്ടായിരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, കോവിഡിന് ശേഷമുള്ള സങ്കീര്‍ണതകള്‍ തുടങ്ങിയവയാകാം പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങൾക്ക് കാരണമെന്നാണ് അനുമാനം. 18നും 45നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ അപ്രതീക്ഷിതമായി മരിക്കുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ഐസിഎംആറും എൻസിഡിസിയും സംയുക്തമായി പ്രവര്‍ത്തിക്കുകയാണെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.
2023 മെയ് മുതൽ ഓഗസ്റ്റ് വരെ 19 വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഐസിഎംആര്‍ പഠനം നടത്തിയിരുന്നു. 2021 ഒക്ടോബറിനും 2023 മാർച്ചിനും ഇടയിൽ അപ്രതീക്ഷിതമായി മരിച്ച യുവാക്കളെക്കുറിച്ചാണ് പഠനം നടത്തിയത്. വാക്സിനേഷൻ യുവാക്കളിൽ മരണസാധ്യത വര്‍ധിപ്പിക്കുന്നില്ലെന്ന് പഠനത്തില്‍ കണ്ടെത്തി.
Extensive studies by ICMR (Indian Council of Medical Research) and AIIMS on sudden deaths among adults post-COVID have conclusively established no linkage between COVID-19 vaccines and sudden deaths: Ministry of Health and Family Welfare.
Studies by ICMR and the National Centre… pic.twitter.com/f5NcZ9x1Oq
— ANI (@ANI) July 2, 2025
ഐസിഎംആറുമായി സഹകരിച്ച് ഡല്‍ഹി എംയിസും സമാനമായ വിഷയത്തില്‍ പഠനം നടത്തുന്നുണ്ട്. ഹൃദയാഘാതം അല്ലെങ്കിൽ മയോകാർഡിയൽ ഇൻഫ്രാക്ഷൻ (എംഐ) മരണത്തിന്റെ പ്രധാന കാരണമാകുന്നുവെന്ന് പഠനത്തില്‍ തിരിച്ചറിഞ്ഞിരുന്നു. ഭൂരിഭാഗം കേസുകളിലും, ജനിതക മ്യൂട്ടേഷനുകള്‍ ഒരു കാരണമായി തിരിച്ചറിഞ്ഞു. ഈ പഠനം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വിശദാംശങ്ങള്‍ പങ്കുവയ്ക്കുമെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
വാക്സിനേഷൻ അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടില്ലെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍, ജീവിതശൈലിയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ മരണങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നതായി തിരിച്ചറിഞ്ഞു. വാക്‌സിനേഷനാണ് മരണകാരണമെന്ന തരത്തില്‍ പുറത്തുവരുന്ന പ്രസ്താവനകള്‍ തെറ്റാണെന്നും, ശാസ്ത്രം ഇതിനെ പിന്തുണയ്ക്കുന്നില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.
Read Also: Hassan Heart attack Cases: ഹൃദയാഘാതപ്പേടിയില്‍ ഒരു നാട്, മരിക്കുന്നതില്‍ ഏറെയും യുവാക്കള്‍, അന്വേഷണം
മഹാമാരിയുടെ സമയത്ത് നിരവധി ജീവനുകള്‍ രക്ഷിച്ച വാക്‌സിനുകളിലുള്ള പൊതുജനങ്ങളുടെ വിശ്വാസം തെളിവുകളില്ലാതെ പ്രചരിപ്പിക്കുന്ന ഊഹാപോഹങ്ങളിലൂടെ ദുര്‍ബലമായേക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു. ഇത്തരം അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകള്‍ പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പൗരന്മാരുടെ ക്ഷേമത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.
കര്‍ണാടകയിലെ ഹാസനില്‍ യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാത മരണങ്ങള്‍ വര്‍ധിക്കുന്നതില്‍ വാക്‌സിന്റെ പങ്ക് സംശയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പ്രതികരണം ഏറെ ചര്‍ച്ചയായിരുന്നു. ഹാസനില്‍ ഹൃദയാഘാത മരണങ്ങള്‍ വര്‍ധിക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.