UP Woman Death: കുട്ടികളില്ല, ദുഷ്ടശക്തിയെ അകറ്റാൻ കക്കൂസ് വെള്ളമടക്കം കുടിപ്പിച്ചു; യുപിയിൽ യുവതിക്ക് ദാരുണാന്ത്യം
UP Woman Death Death Case: അമ്മയുടേയും അമ്മായി അമ്മയുടേയും നിർദ്ദേശം അനുസരിച്ചാണ് അനുരാധ ചന്തുവിന്റെ പൂജാ വിധികൾ പിന്തുടർന്നത്. അനുരാധ സ്വന്തം വീട്ടിലേക്ക് ഒരു മാസം മുൻപാണ് തിരിച്ചെത്തിയത്. കുട്ടികളുണ്ടാവാനുള്ള ചികിത്സയ്ക്ക് വേണ്ടി ഒരു ലക്ഷം രൂപയാണ് കുടുംബം ഇയാൾക്ക് വാഗ്ദാനം നൽകിയത്.
ലഖ്നൗ: വിവാഹം കഴിഞ്ഞ് 10 വർഷമായിട്ടും കുട്ടികളില്ലാത്തതിനെ തുടർന്ന് പീഡനത്തിന് ഇരയായ യുവതിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ അസംഗഡിലാണ് സംഭവം. കുട്ടികളില്ലാത്തതിനെ തുടർന്ന് പരിഹാരം തേടി പൂജാവിധികൾ പിന്തുടർന്ന അനുരാധ എന്ന 35കാരിയാണ് മരിച്ചത്.
പ്രദേശത്തെ ഒരു പൂജാരിയുടെ നിർദ്ദേശം അനുസരിച്ച് ശുചിമുറിയിലെ വെള്ളമടക്കം യുവതി കുടിക്കേണ്ടി വന്നതായും ആരോപണം ഉയരുന്നുണ്ട്. സംഭവത്തിൽ ചന്തു എന്ന പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. 2014ലാണ് അനുരാജ വിവാഹിതയായത്. മക്കളില്ലാത്തതിന്റെ പേരിൽ യുവതി ഭർത്താവിന്റെ വീട്ടിൽ വലിയ രീതിയിലുള്ള അപമാനം നേരിട്ടിരുന്നു.
അമ്മയുടേയും അമ്മായി അമ്മയുടേയും നിർദ്ദേശം അനുസരിച്ചാണ് അനുരാധ ചന്തുവിന്റെ പൂജാ വിധികൾ പിന്തുടർന്നത്. അനുരാധ സ്വന്തം വീട്ടിലേക്ക് ഒരു മാസം മുൻപാണ് തിരിച്ചെത്തിയത്. കുട്ടികളുണ്ടാവാനുള്ള ചികിത്സയ്ക്ക് വേണ്ടി ഒരു ലക്ഷം രൂപയാണ് കുടുംബം ഇയാൾക്ക് വാഗ്ദാനം നൽകിയത്.
ഇതിൽ 22000 രൂപ മുൻകൂറായി ഇയാൾക്ക് നൽകുകയും ചെയ്തു. അതിനിടെ അനുരാധയെ ചന്തുവും സഹായികളും ക്രൂരമായി മർദ്ദിച്ചെന്ന് ആരോപിച്ച് അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. കക്കൂസിൽ നിന്ന് ശേഖരിച്ച വെള്ളം കുടിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് അവർ മർദ്ദിച്ചത്. യുവതിയുടെ ശരീരത്തിൽ കയറിക്കൂടിയ ദുഷ്ടാത്മാവാണ് ഗർഭിണി ആകാത്തതിന് കാരണം എന്നായിരുന്നു ബന്ധുക്കളെ പൂജാരി ധരിപ്പിച്ചത്.
ബാധയൊഴിപ്പിക്കാനായി പ്രത്യേക കർമങ്ങളും ചികിത്സകളും വേണമെന്നും ഇയാൾ ആവശ്യപ്പെടുകയും ചെയ്തു. ശക്തിയുള്ള ദുഷ്ടാത്മാവായതിനാൽ ക്രൂരമായ പീഡനം സഹിക്കേണ്ടി വരുമെന്നും ഇയാൾ കുടുംബത്ത ധരിപ്പിച്ചു. അമ്മയുടെ മുന്നിൽ വച്ചായിരുന്നു യുവതിയെ പൂജാരിയും സഹായികളും ചേർന്ന് മർദ്ദിച്ചത്. മർദ്ദിച്ച അവശനിലയിലായ അനുരാധയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവതി മരിച്ചതായി വ്യക്തമായതോടെ പൂജാരിയും സഹായികളും ഒളിവിൽ പോവുകയായിരുന്നു. അനുരാധയുടെ പിതാവിന്റെ പരാതിയിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്.