Abdul Rahim: കണ്ണീരില്‍ കുതിര്‍ന്ന് കരിപ്പൂര്‍; 20 വര്‍ഷത്തിന് ശേഷം അബ്ദുള്‍ റഹീം നാട്ടിലെത്തി
Abdul Rahim Reaches Karipur Airport After Two Decades in Saudi Jail: മെയ് 28ന് രാവിലെ 7.30 ഓടെയാണ് അബ്ദുള്‍ റഹീം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. അദ്ദേഹത്തെ സ്വീകരിക്കാനായി നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരുമെല്ലാം പുലര്‍ച്ചെ മുതല്‍ അവിടെ ഉണ്ടായിരുന്നു. ഉറ്റവരെ എല്ലാം കണ്ട റഹീം പൊട്ടിക്കരഞ്ഞു, എല്ലാവര്‍ക്കും നന്ദിയെന്ന ഒറ്റവാക്കില്‍ അദ്ദേഹം സ്‌നേഹം അറിയിച്ചു.
കോഴിക്കോട്: കാത്തിരിപ്പുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഒടുവില്‍ അബ്ദുള്‍ റഹീം നാട്ടിലെത്തി. 20 വര്‍ഷത്തെ ജയില്‍വാസത്തിനൊടുവിലാണ് സൗദി ജയിലില്‍ നിന്ന് മോചിതനായ റഹീം ജന്മനാട്ടിലേക്ക് എത്തുന്നത്. കണ്ണീരോടെ വിമാനത്താവളത്തിന് പുറത്തേക്കെത്തിയ റഹീമിനെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടം തന്നെ അവിടെ എത്തിയിരുന്നു. ലോകമെമ്പാടുമുള്ള മലയാളികളുടെ സഹായത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായാണ് റഹീമിന്റെ പുനര്‍ജന്മം.
മെയ് 28ന് രാവിലെ 7.30 ഓടെയാണ് അബ്ദുള്‍ റഹീം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. അദ്ദേഹത്തെ സ്വീകരിക്കാനായി നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരുമെല്ലാം പുലര്‍ച്ചെ മുതല്‍ അവിടെ ഉണ്ടായിരുന്നു. ഉറ്റവരെ എല്ലാം കണ്ട റഹീം പൊട്ടിക്കരഞ്ഞു, എല്ലാവര്‍ക്കും നന്ദിയെന്ന ഒറ്റവാക്കില്‍ അദ്ദേഹം സ്‌നേഹം അറിയിച്ചു.
വര്‍ഷങ്ങളായി റഹീമിന്റെ മാതാവ് മകനെ കാത്തിരിക്കുകയാണ്. ആ ഉമ്മയുടെ പോരാട്ടത്തിനും പ്രാര്‍ത്ഥനയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്നു ലോകത്തുള്ള എല്ലാ മലയാളികളും. വിമാനത്താവളത്തിലെത്തിയ റഹീം നേരെ ഉമ്മയെ കാണാനാണ് പോകുന്നത്.
അബ്ദുള്‍ റഹീമിന്റെ ജയില്‍ ജീവിതം
20 വര്‍ഷമാണ് അബ്ദുള്‍ റഹീം സൗദിയിലെ ജയിലില്‍ കഴിഞ്ഞത്. 2006ല്‍ സൗദി ബാലന്റെ മരണത്തിന് കാരണക്കാരനായി എന്ന കുറ്റത്തിനായിരുന്നു ശിക്ഷ. സംഭവത്തില്‍ കോടതി റഹീമിന് വധശിക്ഷ വിധിക്കുകയും ചെയ്തു. ദയാധനം നല്‍കുകയാണെങ്കില്‍ മാപ്പ് നല്‍കാമെന്ന് ബാലന്റെ കുടുംബം അറിയിച്ചതോടെ പണം കണ്ടെത്താനായുള്ള ഓട്ടത്തിലായി കേരളക്കര. അങ്ങനെ എല്ലാവരും ചേര്‍ന്ന് 34 കോടി രൂപയാണ് റഹീമിനായി സമാഹരിച്ചത്.
ദയാധനം സ്വീകരിച്ച് 2024 ജൂലൈ രണ്ടിന് കോടതി റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. എന്നാല്‍ പബ്ലിക് റൈറ്റ്‌സ് കേസിലെ 20 വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാകാതെ പുറത്തിറങ്ങാന്‍ സാധിക്കില്ലായിരുന്നു. തടവുശിക്ഷ മെയ് മാസത്തിലാണ് അവസാനിച്ചത്.
റഹീമിന് ആശ്വാസമായി സൗദി കുടുംബം
2006ലാണ് ഡ്രൈവറായി ജോലി കിട്ടി അബ്ദുള്‍ റഹീം സൗദിയിലെത്തുന്നത്. ജോലിയില്‍ പ്രവേശിച്ച് ഒരു മാസം തികയും മുമ്പ് തന്റെ സ്‌പോണ്‍സറുടെ മകന്റെ മരണത്തിന് റഹീം കാരണക്കാരനായി. സൗദി പൗരനായ ഫായിസ് അബ്ദുല്ല അബ്ദുറഹിമാന്‍ അല്‍ ശഹ്‌രിയുടെ ആരോഗ്യപ്രശ്‌നങ്ങളുള്ള മകന്‍ അനസ് അല്‍ ശഹ്‌രിയുടെ ശരീരത്തില്‍ ഘടിപ്പിച്ച യന്ത്രത്തില്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ തട്ടി, കുട്ടി ബോധരഹിതനാകുകയും പിന്നീട് മരിക്കുകയുമായിരുന്നു.
അറസ്റ്റിലാകുന്ന സമയത്ത് 26 വയസായിരുന്നു റഹീമിന് പ്രായം. 2012ല്‍ റഹീമിന് വധശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിക്കാന്‍ തുടങ്ങി 18 വര്‍ഷത്തോളമാകുമ്പോഴാണ് 34.35 കോടി രൂപ ദയാധനം സ്വീകരിച്ച് റഹീമിന് മാപ്പ് നല്‍കാന്‍ ബാലന്റെ കുടുംബം തീരുമാനിച്ചത്. അങ്ങനെ 2024 ജൂലൈ രണ്ടിന് കോടതി റഹീമിന്റെ വധശിക്ഷ റദ്ദാക്കി. എന്നാല്‍ 20 വര്‍ഷത്തെ തടവ് അനുഭവിക്കണമെന്ന് കോടതി പറഞ്ഞിരുന്നു.
English Summary
Abdul Rahim, a Kerala native who spent 20 years in a Saudi jail, has returned home and arrived at Karipur Airport. Family members and relatives received him emotionally, marking the end of a long and painful chapter.