അഭിരാം വധക്കേസ്: കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിൽ അഭിരാമിന്റെ മൊബൈലും മാലയും ബെൽറ്റും കണ്ടെത്തി
Abhiram murder case: രണ്ടാമതും നടത്തിയ തെളിവെടുപ്പിൽ കൊലനടത്തിയ സ്ഥലത്തിന് സമീപമുള്ള കിണറ്റിൽ വെള്ളം വറ്റിച്ച് നടത്തിയ പരിശോധനയിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിൽ തൊണ്ടിമുതലുകൾ കണ്ടെത്തുകയായിരുന്നു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ, അഗ്നിരക്ഷാസേനയും ചെങ്കൽചൂളയിൽനിന്ന് സ്‌കൂബാ സംഘവും ഉൾപ്പെടെ നടത്തിയ അന്വേഷണത്തിലാണ് തൊണ്ടിമുതലുകൾ കണ്ടെത്തിയത്.
തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറ അഭിരാം (17) വധക്കേസിൽ അഭിരാമിന്റെ മൊബൈൽ ഉൾപ്പെടെ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്. കൊലപാതകത്തിന് ഉപയോഗിച്ച അഭിരാമിന്റെ ബെൽറ്റ്, മൊബൈൽ ഫോൺ, ഷർട്ട്, വെള്ളിമാല എന്നിവയാണ് കൊലനടത്തിയ സ്ഥലത്തിന് സമീപമുള്ള കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നാലെ അഭിരാമിന്റെ മൊബൈൽ കണ്ടെത്താൻ പോലീസ് ഏറെ പരിശ്രമിച്ചെ
ങ്കിലും സാധിച്ചിരുന്നില്ല. പ്രതികൾ ആസൂത്രിതമായി പരസ്പര വിരുദ്ധമായ മൊഴി നൽകിയതോടെ, കേസിൽ ഏറെ നിർണായകമാകുന്ന അഭിരാമിന്റെ മൊബൈൽ ഉൾപ്പെടെ കണ്ടെത്താൻ കഴിയാതിരുന്നത് പോലീസിന് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു.
മൊബൈൽ ഉൾപ്പെടെയുള്ളവ കണ്ടെത്താൻ കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് തെരച്ചിൽ ശക്തമാക്കിയിരുന്നു. നേരത്തെ പ്രതികളെ ചോദ്യം ചെയ്യുകയും തെളിവെടുപ്പിന് കൊണ്ടുവരികയും ചെയ്തപ്പോൾ മൊബൈൽ ഉൾപ്പെടെയുള്ളവ കണ്ടെത്താൻ ശ്രമിച്ചെങ്കിലും പോലീസിനെ കബളിപ്പിക്കുന്ന മൊഴികളാണ് ലഭിച്ചത്. തൊണ്ടിമുതലുകൾ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്നായിരുന്നു 17 വയസുകാരനായ ഒന്നാം പ്രതിയുടെ ആദ്യമൊഴി.
ALSO READ: 24 പവൻ സ്വർണ കവർന്നു; മലപ്പുറത്ത് വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് മോഷണം
അതേസമയം ഇവ കുറ്റിക്കാട്ടിലേക്കാണ് എറിഞ്ഞതെന്നായിരുന്നു രണ്ടാം പ്രതി ഉമർ അന്വേഷണസംഘത്തോട് പറഞ്ഞത്. കൊലപാതകം നടന്നതിന് സമീപത്തുള്ള കാടുമൂടിയ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. സംഭവസ്ഥലത്തിന് സമീപത്തെ തോട്ടിൽ സ്‌കൂബ ഡൈവിങ് സംഘത്തിന്റെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട തിരച്ചിൽ ഉൾപ്പെടെ നടത്തിയെങ്കിലും യാതൊരു തെളിവും കണ്ടെത്താനായില്ല.
എന്നാൽ രണ്ടാമതും നടത്തിയ തെളിവെടുപ്പിൽ കൊലനടത്തിയ സ്ഥലത്തിന് സമീപമുള്ള കിണറ്റിൽ വെള്ളം വറ്റിച്ച് നടത്തിയ പരിശോധനയിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിൽ തൊണ്ടിമുതലുകൾ കണ്ടെത്തുകയായിരുന്നു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ, അഗ്നിരക്ഷാസേനയും ചെങ്കൽചൂളയിൽനിന്ന് സ്‌കൂബാ സംഘവും ഉൾപ്പെടെ നടത്തിയ അന്വേഷണത്തിലാണ് തൊണ്ടിമുതലുകൾ കണ്ടെത്തിയത്.
മുഖ്യപ്രതി ഉമറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തതിൽ നിന്നാണ് നിർണായക തെളിവുകളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഉമറിനേയും പ്രതികളായ രണ്ട് യുവതികളേയും ഉൾപ്പെടെ മൂന്നുപേരെയാണ് അന്വേഷണസംഘം മൂന്നുദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്. മൂന്നുപേരെയും ഇന്ന് വൈകുന്നേരത്തോടെ വീണ്ടും കോടതിയിൽ ഹാജരാക്കും. മൊബൈൽ ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെത്താനായത് പോലീസിന് വലിയ നേട്ടമായി.
നവംബർ 1 ഞായറാഴ്ച വൈകിട്ടാണ് ഒരു മണിക്കൂറിലേറെ നീണ്ട ക്രൂരമർദനത്തിനുശേഷം അഭിരാമിനെ പ്രതികൾ കൊലപ്പെടുത്തിയത്. പോസ്റ്റ്മോർട്ടത്തിൽ അഭിരാമിന്റെ തലയിലും കഴുത്തിലും കണ്ണിലും നെഞ്ചിലും ക്ഷതമേറ്റതിന്റെ പാടുകൾ കണ്ടെത്തി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ 17 വയസുകാരനായ ഒന്നാം പ്രതി, ഉമർ എന്ന രണ്ടാം പ്രതി, ഉമറിന്റെയും 17 വയസുകാരന്റെയും പെൺ സുഹൃത്തുക്കൾ എന്നിങ്ങനെ ആകെ 4 പേർ ആണ് ഈ കേസിൽ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
English Summary
In the murder case of 17-year-old Abhiram from Pangappara, Sreekaryam, Thiruvananthapuram, the police have recovered crucial evidence, including the victim’s mobile phone. Items used in the crime Abhiram’s belt, mobile phone, shirt, and a silver chain were found submerged in a well near the crime scene, held down by stones.